തൃശൂര്‍: അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്കായി കേരളത്തില്‍ തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായ പ്പെട്ടു. അരണാട്ടുകര ടാഗോര്‍ ഹാളില്‍ നടന്ന യുഡിഎഫ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതുവരെ മലയാളികള്‍ തൊഴില്‍ തേടി മറ്റു രാജ്യങ്ങളില്‍ പോവുകയായിരുന്നു. എന്നാല്‍ ലോകം കേരളത്തിലേക്കു വരും. അതിന്റെ തുടക്കമാണു സ്മാര്‍ട്ട് സിറ്റി. ഇടതുപക്ഷത്തിന്റെ നിഷേധാത്മക നിലപാടുകള്‍മൂലം കേരളത്തിനു ധാരാളം നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ പറയുന്നതേ നടക്കൂ, ഞങ്ങള്‍ പറയാത്തതു നടക്കരുത് എന്നു ശഠിക്കുന്നവരെ കേരളം ഇനി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിനു രാഷ്ട്രീയം നോക്കാതെ ആളുകളെത്തിയത് അഭിമാന മുഹൂര്‍ത്തത്തില്‍ പങ്കുചേരാനാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 245 പാലങ്ങള്‍ നിര്‍മിച്ചു. എല്ലാ നിയോജകമണ്ഡലത്തിനും ഗുണകരമാകുന്ന വികസന പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ നടത്തിയത്. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണിതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ബിജെപിയുടെ വാക്കും പ്രവൃത്തി യും രണ്ടാണ്. വിലക്കയറ്റത്തിന്റെ പേരില്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നവര്‍ ഇന്ധനവില കുറയ്ക്കാനുള്ള വ്യക്തമായ സാഹചര്യമുണ്ടായിട്ടും അതിനു മുതിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അക്രമരാഷ്ട്രീയത്തിനു കുടപിടിക്കുന്ന വ്യക്തിയാണു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
സിബിഐ ചോദ്യം ചെയ്യുമ്പോള്‍ മാത്രമാണു ജയരാജന് അസുഖം കൂടുന്നത്. ബിജെപി, സിപിഎം സംഘര്‍ഷങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ യുഡിഎഫ് ഭരണകാലയളവില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല. യുഡിഎഫ് ജില്ലാ ചെയര്മാന് ജോസഫ് ചാലിശേരി അധ്യക്ഷനായി. മന്ത്രി സി.എന്‍. ബാലകൃഷ്ണന്, എംഎല്‍എമാരായ പി.എ. മാധവന്, ടി.എന്‍. പ്രതാപന്, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്, ഡിസിസി പ്രസിഡന്റ് ഒ. അബ്ദുറഹ്മാന്‍കുട്ടി, കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍, ജില്ലാ കണ്‍വീനര്‍ കെ.ആര്. ഗിരിജന്‍, ജോണി നെല്ലൂര്‍, സി.പി. ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.