സെസിലിനെ ഓര്‍ക്കുന്നില്ലേ? കഴിഞ്ഞ വര്‍ഷം സിംബാബ്‌വേയില്‍വച്ച് അമേരിക്കന്‍ ദന്തഡോക്ടര്‍ വേട്ടയാടിക്കൊന്ന സംരക്ഷിത പട്ടികയിലുള്ള സിംഹം! ആ മൃഗവേട്ടയിലൂടെ ലക്ഷക്കണക്കിന് ആളുകളാണ് ഡോക്ടര്‍ക്കെതിരേ രംഗത്തെത്തിയത്. ടൈംസ് മാഗസിന്‍ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും സ്ഥാധീനമുള്ള 100 മൃഗങ്ങളുടെ പട്ടികയില്‍ സെസിലും ഉള്‍പ്പെട്ടിട്ടുണ്ട്. പട്ടികയില്‍ ഒന്നാമതാണ് സെസില്‍.
സെസിലിന്റെ മരണത്തോടെ ലോകത്തിലെ ഏറ്റവും വലിയ വേട്ടയാടല്‍ മത്സരം നിരോധിച്ചു. വിമാനക്കമ്പനികള്‍ വേട്ടയാടല്‍ ട്രോഫികള്‍ വിമാനത്തില്‍ കയറ്റുന്നത് വിലക്കി. ബ്രിട്ടണും ഫ്രാന്‍സും ട്രോഫികള്‍ രാജ്യത്ത് കയറ്റുന്നതുതന്നെ വിലക്കി. ആകെമൊത്തം വേട്ടയാടലിനെ എതിര്‍ത്ത് വലിയൊരു ജനത രംഗത്തെത്തിയെന്നു പറയാം.
സെസിലിന്റെയും സിംഹക്കൂട്ടത്തിന്റെയും ജീവിതം ആധാരമാക്കി “സെസില്‍സ് പ്രൈഡ്: ദ ട്രൂ സ്റ്റോറി ഓഫ് എ ലയണ്‍ കിംഗ്’ എന്ന പേരില്‍ പുസ്തകം ഒരുങ്ങുകയാണ്. ക്രെയ്ഗ് ഹാക്കോഫും മക്കളായ ജൂലിയാനയും ഇസബെല്ലയും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. മരണശേഷം സെസിലിനു ലഭിച്ച ലോകപ്രചാരമാണ് ഇത്തരത്തിലൊരു ജീവചരിത്രമെഴുതാന്‍ ഇവരെ പ്രേരിപ്പിച്ചത്. സെസില്‍ എങ്ങനെ കൊല്ലപ്പെട്ടുവെന്ന് ലോകത്തിന് അറിയാം. എന്നാല്‍, സെസില്‍ എങ്ങനെ ജീവിച്ചുവെന്ന് ലോകം അറിയണം. അതിനാണ് ഇങ്ങനൊരു പുസ്തകം രചിക്കുന്നതെന്ന് ഹാക്കോഫ് പറഞ്ഞു.
സെസില്‍ ജീവിച്ചിരുന്ന സാഹചര്യം മനസിലാക്കാനായി ഹാക്കോഫ് സിംബാബ്‌വേയിലെ ദേശീയോദ്യാനം സന്ദര്‍ശിച്ചിരുന്നു. സെസിലിന്റെ ജീവിതരീതികള്‍ ഒമ്പതു വര്‍ഷം നിരീക്ഷിച്ചിരുന്ന ഗവേഷകനായ ബ്രന്റ് സ്റ്റേപെല്‍കാംപ് ആണ് ഹാക്കോഫിനു കൂടുതല്‍ വിവരങ്ങള്‍ നല്കയത്. സെസിലിന്റെയും കുടുംബത്തിന്റെയും അപൂര്‍വവും കൗതുകമുണര്‍ത്തുന്നതുമായ നിരവധി ചിത്രങ്ങള്‍ ബ്രെന്റിന്റെ പക്കലുണ്ടായിരുന്നു. സിംഹക്കൂട്ടത്തിലെ ബന്ധത്തിന്റെ പൂര്‍ണരൂപമായിരുന്നു ആ ചിത്രങ്ങള്‍.
ഇതിലൊന്നാണ് സെസിലും ജെറീക്കോയും തമ്മിലുള്ള ബന്ധം. സെസിലിന്റെ സിംഹക്കൂട്ടത്തിലെ സഹ മേധാവിയായിരുന്നു ജെറീക്കോ. ഒരു കൂട്ടത്തില്‍ രണ്ടു ആണ്‍സിംഹങ്ങള്‍ വരുമ്പോഴുണ്ടാകുന്ന ആക്രമങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ ഇല്ലായിരുന്നു. ഇരുവരും ഒരുമിച്ച് സ്‌നേഹത്തോടെ ജീവിച്ചു. സെസിലിന്റെ അഭാവത്തില്‍ ജെറീക്കോയാണ് ഇപ്പോള്‍ സര്‍വമേധാവി.
സെസിലിന്റെ മരണത്തോടെ സെസിലിന്റെ കുട്ടികളെ ജെറീക്കോ കൊല്ലുമെന്നായിരുന്നു ഗവേഷകരുടെ ഭയം. അതിനാല്‍ അതീവ ജാഗ്രതപുലര്‍ത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒമ്പതു മാസമായി സെസിലിന്റെ കുട്ടികളെ സ്വന്തം മക്കളെപ്പോലെ ജെറീക്കോ പരിപാലിക്കുന്നു. ലയണ്‍ കിംഗ് എന്ന കഥയിലെ സിംബയുടെ ക്രൂരനായ അങ്കിള്‍ സ്കാറിന്റെ നേരെ എതിരാണ് ജെറീക്കോ. നേരത്തെ ലയണ്‍ കിംഗ് എന്ന സാങ്കല്പിക കഥ ലോകം ഏറ്റെടുത്തപോലെ യഥാര്‍ഥ സിംഹരാജാവിന്റെ കഥ ലോകം ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ഹാക്കോഫ്.