ലോക സ്കൂള്‍ ക്രോസ് കണ്‍ട്രിക്ക് ആറു മലയാളികള്‍

SP-MALAYALIതോമസ് വര്‍ഗീസ്

തിരുവനന്തപുരം: ഹംഗറിയില്‍ നടക്കുന്ന ലോക സ്കൂള്‍ ക്രോസ്കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തില്‍ നിന്ന് ആറു താരങ്ങള്‍. ഇടുക്കി, പാലക്കാട് ജില്ലകളില്‍ നിന്ന് മൂന്ന് വീതം താരങ്ങളാണ് പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. ഹംഗേറിയന്‍ സ്കൂള്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 21 മുതല്‍ 29 വരെ ബുഡാപെസ്റ്റിലാണ് മീറ്റ് നടക്കുന്നത്. കോഴിക്കോട് നടന്ന ദേശീയ സ്കൂള്‍ മീറ്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് അന്തര്‍ദേശീയ സ്കൂള്‍ മീറ്റില്‍ പങ്കെടുക്കാനുള്ള അവസരമൊരുങ്ങുന്നത്. ഇവര്‍ക്ക് സെലക്ഷന്‍ ലഭിച്ചത് സംബന്ധിച്ച് സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കത്ത് സംസ്ഥാന സ്കൂള്‍ ഗെയിംസ് ഫെഡറേഷനു ലഭിച്ചു.

ഇടുക്കി ഇരട്ടയാര്‍ സെന്റ് തോമസ് സ്കൂളിലെ ഷെറിന്‍ ജോസ്, വണ്ണപ്പുറം എസ്.എന്‍.എം സ്കൂളിലെ എ.എസ് അഭിജിത്ത്, കാല്‍വരി മൗണ്ട് സിഎസ്എച്ചിലെ സാന്ദ്ര എസ്. നായര്‍ എന്നിവരാണ് ഇടുക്കിയില്‍ നിന്നും ലോക ക്രോസ് കണ്‍ട്രി മത്സരത്തിനു യോഗ്യത നേടിയവര്‍. പാലക്കാട് കല്ലടി എച്ച്എസ് കുമരംപുത്തൂരിലെ കെ.ആര്‍ ആതിര, പറളി എച്ച്എസിലെ പി.എന്‍ അജിത്, എം.എന്‍.കെ.എം എച്ച്എസ്എസിലെ ജി. ഗായത്രി എന്നിവരാണ് പാലക്കാട് ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍.

1998, 1999, 2000, 2001 വര്‍ഷങ്ങളില്‍ ജനിച്ചവരെയാണ് ഈ മീറ്റിനായി തെരഞ്ഞെടുക്കപ്പെട്ടത്. 2.5 ലക്ഷം രൂപയാണ് ഓരോ വിദ്യാര്‍ഥിക്കും യാത്ര, ഭക്ഷണം, താമസം ഉള്‍പ്പെടെയുള്ളവയ്ക്കായി ചെലവാകുന്നത്. വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ചെലവാകുന്ന പണം കേന്ദ്ര സര്‍ക്കാര്‍ നല്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേന്ദ്ര കായികമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്്

Related posts