വടകരയില്‍ ആദ്യ ദിവസം മനയത്ത് ചന്ദ്രന്റെ പത്രിക മാത്രം

kkd-pathriakaവടകര: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന്‍ ആദ്യദിവസം തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അഴിയൂരിലെ വടകര ബ്ലോക്ക് ഓഫീസിലെത്തി ഉപവരണാധികാരിയായ ബ്ലോക്ക് സെക്രട്ടറി എം.സുരേശന്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ബാങ്ക് അവധിയായതിനാല്‍ ഇന്നു പത്രിക സ്വീകരിക്കില്ല. മറ്റു സ്ഥാനാര്‍ഥികള്‍ തിങ്കളാഴ്ച പത്രിക നല്‍കും.

യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും ജനപ്രതിനിധികളും അടക്കമുള്ളവരോടൊപ്പം മുക്കാളി ടൗണില്‍നിന്നു പ്രകടനമായാണ് ചന്ദ്രന്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍് കോട്ടയില്‍ രാധാകൃഷ്ണന്‍, ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.ഭാസ്കരന്‍ യുഡിഎഫ് നേതാക്കളായ പുത്തൂര്‍ അസീസ്,  അഡ്വ.ഐ.മൂസ,  എ.ടി.ശ്രീധരന്‍, അഡ്വ.സി.വത്സലന്‍, കെ.പി.കരുണന്‍, കളത്തില്‍ പീതാംബരന്‍, ഇ.ടി.അയൂബ്, സി.കെ.മൊയ്തു, പ്രദീപ് ചോമ്പാല, സി.കെ.വിശ്വനാഥന്‍, പുറന്തോടത്ത് സുകുമാരന്‍, ബാബു ഒഞ്ചിയം, ഒ.കെ.കുഞ്ഞബ്ദുള്ള എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സ്വത്തുവിവരങ്ങള്‍ പ്രകാരം മനയത്ത് ചന്ദ്രന് 1,53,233 രൂപയുടെ ആസ്തിയും ഭാര്യക്ക് 20,32,591 രൂപയുടെ ആസ്തിയുമുണ്ട്. 24 സെന്റ് സ്ഥലവും വീടിനും കൂടി 54 ലക്ഷം രൂപയാണ് മതിപ്പുവില. 40,000 രൂപ വിലവരുന്ന 2007 മോഡല്‍ ബൈക്കും 22,000 രൂപ വിലവരുന്ന 98 മോഡല്‍ കൈനറ്റിക് ഹോണ്ടയു മനയത്തിനുണ്ട്. ആറ് ഗ്രാം സ്വര്‍ണം മനയത്തിനും 110 ഗ്രാം സ്വര്‍ണം ഭാര്യയ്ക്കുമുണ്ട്.

Related posts