വടക്കഞ്ചേരിയില്‍ 30 ലക്ഷത്തിന്റെ ഇ-ടോയ്‌ലറ്റ് നോക്കുകുത്തിയായി

PKD-TOILETവടക്കഞ്ചേരി: ടൗണില്‍ ചെറുപുഷ്പം ജംഗ്ഷനില്‍ യാത്രക്കാര്‍ക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തോടു ചേര്‍ന്നു 30  ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ഇ-ടോയ്‌ലറ്റ് നോക്കുകുത്തിയായി. പ്രാഥമികാവശ്യങ്ങള്‍ക്ക് അകത്തു കടന്നാല്‍ പിന്നെ പുറത്തു കടക്കണമെങ്കില്‍ ദൈവങ്ങളെല്ലാം കനിയണം. നിരവധി യാത്രക്കാര്‍ ഇതിനുള്ളില്‍ കുടുങ്ങി അബോധാവസ്ഥയിലായ സ്ഥിതിവരെ വന്നതോടെ യാത്രക്കാര്‍ക്കിപ്പോള്‍ ഇതിനുള്ളില്‍ കയറാന്‍ പേടിയാണ്. മുപ്പതുലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ഇലക്ട്രോണിക് ടോയ്‌ലറ്റ് ഇവിടെയുള്ളപ്പോള്‍ കാര്യം സാധിക്കാന്‍ മറ്റ് സ്ഥലത്തേക്കു പോകേണ്ട ഗതികേടിലാണ് യാത്രക്കാര്‍.

ടോയ്‌ലറ്റ് സൗകര്യമുള്ള ഹോട്ടലുകള്‍ ടൗണില്‍ ഇല്ലെന്നിരിക്കേ സ്ത്രീ യാത്രക്കാരാണ് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനാകാതെ ബുദ്ധിമുട്ടുന്നത്. ബസുവരാന്‍ വൈകിയാല്‍ സ്ത്രീ യാത്രക്കാരുടെ ആധി കൂടും. പുരുഷന്മാര്‍ക്ക് എവിടെയെങ്കിലും പോയി കാര്യം സാധിക്കാം. ഇ-ടോയ്‌ലറ്റ് പ്രവര്‍ത്തിക്കാതായിട്ട് മാസങ്ങളായെങ്കിലും  ഇതു പരിശോധിച്ച് യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ക്കും താത്പര്യമില്ല.

എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണ് ഇ-ടോയ്‌ലറ്റ് നിര്‍മിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ വികസന ലഘുലേഖയില്‍ ഇ-ടോയ്‌ലറ്റ് കൊണ്ടുവന്നെന്നു പറയുന്നുണ്ടെങ്കിലും ഇതിന്റെ ഇപ്പോഴത്തെ സ്ഥിതി മനസിലാക്കാന്‍ ആരും മെനക്കെടുന്നില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. 2014 ജൂണിലാണ് ഇ-ടോയ്‌ലറ്റിന്റെ ഉദ്ഘാടനം നടന്നത്. ആദ്യത്തെ ഏതാനും ആഴ്ചയില്‍ വലിയ കുഴപ്പമില്ലാതെ പ്രവര്‍ത്തിച്ച ഇ-ടോയ്‌ലറ്റ് പിന്നെ യാത്രക്കാരുടെ കെണിയായി മാറുകയായിരുന്നു. ഇ-ടോയ്‌ലറ്റിനും ഇതിനോടു ചേര്‍ന്ന ബസ് വെയ്റ്റിംഗ് ഷെഡിനുമായി 45 ലക്ഷം രൂപയാണ് തുലച്ചത്. റസ്റ്റ്ഹൗസിന്റെ സൗജന്യമായി ലഭിച്ച സ്ഥലത്താണ് ഈ ദുര്‍വ്യയം.

Related posts