നാളുകളായി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു! മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ചികിത്സ നടത്തുന്നത് മെഴുകുതിരി വെട്ടത്തിലും മൊബൈല്‍ ഫ്‌ലാഷ് ലൈറ്റ് ഉപയോഗിച്ചും

മെഡിക്കല്‍ കോളജിലും പരിസരത്തും നാളുകളായി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെത്തുടര്‍ന്ന് മെഴുകുതിരി വെളിച്ചത്തില്‍ രോഗികളെ ചികിത്സിക്കുന്ന ഒഡീഷയിലെ ഡോക്ടര്‍മാരുടെ ചിത്രങ്ങളാണിപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

മയൂര്‍ഭഞ്ജിലെ പണ്ഡിറ്റ് രഘുനാഥ് മുര്‍മു മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് മെഴുകുതിരി വെട്ടത്തില്‍ ചികിത്സ നടത്തുന്നത്. പ്രദേശത്ത് വൈദ്യുതി വിതരണത്തിന് തടസ്സമേര്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മെഴുകുതിരിയും ടോര്‍ച്ച്ലൈറ്റും ഉപയോഗിച്ച് ചികിത്സ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരായത്. നിരവധി രോഗികളുടെ ജീവന്‍ തന്നെ അപകടത്തിലാക്കി കൊണ്ടുള്ള ഈ നീക്കം ദേശീയ തലത്തില്‍ വരെ ചര്‍ച്ചയായിരിക്കുകയാണ്. എങ്കില്‍പ്പോലും പ്രതിവിധി ഒന്നും ആയിട്ടുമില്ല.

‘ഞാന്‍ ദിവസേന 180-200 രോഗികളെ കാണാറുണ്ട്. വൈദ്യുതിക്ഷാമം ഇവിടങ്ങളില്‍ വളരെ രൂക്ഷമാണ്. രോഗികള്‍ വരുമ്പോള്‍ അവരെ കണ്ട് ചികിത്സ നല്‍കിയേ മതിയാകൂ, വൈദ്യുതി ഉണ്ടെങ്കിലും ഇല്ലെങ്കിലും’. ഇരുട്ടത്ത് ചികിത്സിക്കുന്ന ഡോക്ടര്‍ ഡോ. ധകീന രഞ്ജന്‍ തുഡു പറയുന്നു.

ആശുപത്രിയില്‍ വേണ്ട സമയത്ത് വൈദ്യുതി ലഭ്യതയില്ലാത്തത് നിലവില്‍ വളരെ ഗുരുതരമായ പ്രശ്‌നമാണ്. പല തവണ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അധികൃതര്‍ ഈ വിഷയത്തില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തുന്നില്ല എന്നാണ് പരാതി. വൈദ്യുതി മുടങ്ങുമ്പോള്‍ പ്രവര്‍ത്തിക്കാന്‍ യാതൊരു സംവിധാനവുമില്ലാതെ ശോചനീയാവസ്ഥയിലാണ് ആശുപത്രി.

ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുമായി നിരവധി പേര്‍ പ്രതിദിനം സന്ദര്‍ശിക്കുന്ന ആശുപത്രിയില്‍ മതിയായ വെളിച്ചമില്ലാത്തതിന്റെ പേരില്‍ അപകടങ്ങളുണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. മൊബൈല്‍ ഫോണ്‍ ഫ്‌ളാഷ് ഉപയോഗിച്ച് വരെ രോഗികളെ ചികിത്സിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Related posts