വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരി പാതയില്‍ പന്നിയങ്കര മുതല്‍ വാണിയമ്പാറ വരെയുള്ള നാലുകിലോമീറ്റര്‍ ഭാഗത്തെ വികസനപ്രവൃത്തികള്‍ നിര്‍ത്തിവച്ചു. ഈ ഭാഗത്ത് സര്‍വീസ് റോഡും ഡ്രെയിനേജും വേണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ നാട്ടുകാര്‍ കരാര്‍ കമ്പനി ഓഫീസിനുമുന്നില്‍ നടത്തിയ സമരത്തെ തുടര്‍ന്നാണിത്. ഇന്നലെ രാവിലെ ആറരയോടെയാണ് നാട്ടുകാര്‍ കരാര്‍ കമ്പനിയുടെ ശങ്കരംകണ്ണംതോട്ടിലുള്ള ഓഫീസിനുമുന്നില്‍ ജീവനക്കാരെ തടഞ്ഞ് ഓഫീസ് ഉപരോധിച്ചത്. രാവിലെ സമരം തുടര്‍ന്നതോടെ പണികളും സ്തംഭിച്ചു.
പതിനൊന്നുവരെ ഉപരോധസമരം തുടര്‍ന്നു. ഒടുവില്‍ പ്രോജക്ട്് മാനേജര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ചനടത്തി. ഈ ആവശ്യം ദേശീയപാത അഥോറിറ്റിയെ രേഖാമൂലം അറിയിക്കുമെന്ന് അറിയിച്ചു.എന്നാല്‍ തങ്ങളുടെ ആവശ്യത്തില്‍ തീരുമാനമാകാതെ ഈ ഭാഗത്ത് പണി നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ നാട്ടുകാര്‍ ഉറച്ചുനിന്നതോടെ പണി താത്കാലികമായി നിര്‍ത്തിവച്ചു.
നാലു പ്രധാന സ്റ്റോപ്പുകളുള്ള ഈ ഭാഗത്ത് സര്‍വീസ് റോഡ് നിര്‍മിച്ചില്ലെങ്കില്‍ അത് അപകടങ്ങള്‍ക്കും യാത്രക്കാരുടെ കഷ്ടപ്പാടുകള്‍ക്കും കാരണമാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു. കല്ലിങ്കല്‍പ്പാടം, വാളുവച്ചപ്പാറ, കണ്ണമ്പ്ര, ചല്ലിപ്പറമ്പ് തുടങ്ങി നിരവധി ഉള്‍പ്രദേശങ്ങളിലേക്ക് ദേശീയപാത മുറിച്ചു കടക്കണം. കൂടാതെ മേരിഗിരിയില്‍നിന്നും മലയോരപാത തുടങ്ങുന്നതിനാല്‍ സര്‍വീസ് റോഡ് അനിവാര്യമാണ്.