വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിര്‍മാണം മഴക്കാലത്തോടെ പ്രതിസന്ധിയിലാകും. പാതവികസനത്തിനായുള്ള മണ്ണു ലെവലിംഗ് പണികള്‍പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്.മഴ ശക്തിപ്പെട്ടാല്‍ ചെളിനിറഞ്ഞ് പണികള്‍ മുന്നോട്ടുകൊണ്ടു പോകാനാകില്ലെന്നു ചൂണ്ടിക്കാട്ടുന്നു. വേനല്‍മഴ നീണ്ടുനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ ചെയ്യാന്‍ ബാക്കി വച്ച പണികളും മുടങ്ങിക്കിടക്കുകയാണ്.ജൂണ്‍ ആദ്യവാരത്തില്‍ തന്നെ കാലവര്‍ഷം ആരംഭിക്കുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ഇനി പണികള്‍ പൂര്‍ത്തിയാക്കാനും സമയമില്ല. ആറുവരിപ്പാത നിര്‍മാണം 25 ശതമാനം മാത്രമാണ് ഇപ്പോള്‍ പൂര്ത്തിയായിട്ടുള്ളതെന്നാണ് നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ അധികൃതര്‍ പറയുന്നത്.
മഴയ്ക്കുമുമ്പേ മണ്ണുപണികള്‍ കഴിഞ്ഞിരുന്നെങ്കില്‍ മഴക്കാലത്ത് മറ്റു പണികള്‍ നടത്തി അടുത്ത വേനലോടെ പ്രവൃത്തികള്‍ അമ്പതുശതമാനമാക്കാമെന്ന കണക്കുകൂട്ടലുകളാണ് തെറ്റിയിട്ടുള്ളത്. ആറുവരിപ്പാത നിര്‍മാണം എവിടെയുമെത്താത്തതിനാല്‍ നിലവിലുള്ള ഇടുങ്ങിയ റോഡിനെ ആശ്രയിച്ചുവേണം വാഹനങ്ങള്‍ക്കു കടന്നുപോകാന്‍. ഇത് ഇടയ്ക്കിടെ വാഹനക്കുരുക്കിനു വഴിവയ്ക്കും.