വണ്ടിത്താവളം ടൗണ്‍ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രം

pkd-dogവണ്ടിത്താവളം: പട്ടഞ്ചേരി-പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ ഏക വാണിജ്യകേന്ദ്രമായ വണ്ടിത്താവളം ടൗണില്‍ തെരുവുനായ്ക്കള്‍ വിഹരിക്കുന്നതായി പരാതി. ഇതുമൂലം യാത്രക്കാര്‍ ഏതുനിമിഷവും അപകടഭീഷണിയിലാണ്. റോഡിനു കുറുകേ തലങ്ങും വിലങ്ങും ഓടുന്ന നായ്ക്കള്‍മൂലം ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് പരിക്കേല്ക്കുന്നതും പതിവാണ്. ഇരുപതിലേറെ അപകടങ്ങള്‍ ഇവിടെയുണ്ടായി. 3500 വിദ്യാര്‍ഥികളാണ് കെകെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുന്നത്.രാവിലെ തെരുവുനായ്ക്കള്‍ തമ്പടിക്കുന്നത്  സ്കൂള്‍ കോമ്പൗണ്ടിനകത്താണ്.

ഇതുമൂലം നേരത്തെ സ്കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ ഭീതിയോടെയാണ് സ്കൂളിലേക്ക് കടക്കുന്നത്. സ്കൂളിനകത്തു പുല്ലുതിന്നിരുന്ന അഞ്ചാടുകളെമുമ്പ് തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു.രാവിലെ കടകള്‍ കുറക്കാനെത്തുന്നവരും തെരുവുനായ്ക്കളെ ഭയന്നാണ് തങ്ങളുടെ ജോലികള്‍ ചെയ്യുന്നത്. പൊള്ളാച്ചി, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ ബസ് കാത്തുനില്ക്കുന്നിടത്തും തെരുവുനായ്ക്കള്‍ ഭീതിപരത്തുകയാണ്.

രണ്ടുവര്‍ഷം മുമ്പാണ് വണ്ടിത്താവളം ടൗണില്‍ നാമമാത്രമായി തെരുവുനായ്ക്കളെ പിടികൂടിയത്. നിലവില്‍ പള്ളിമൊക്ക്, തങ്കം തിയേറ്റര്‍, പച്ചക്കറിചന്ത, പഴയ ചന്തപ്പേട്ട, നെടുമ്പള്ളം റോഡ്, വിളയോടി ഇറക്കം എന്നിവിടങ്ങളിലാണ് തെരുവുനായ്ക്കള്‍ കൂട്ടമായി തമ്പടിക്കുന്നത്. യാത്രക്കാര്‍ക്ക് വന്‍ദുരന്തം ഉണ്ടാകുന്നത് തടയുന്നതിന്റെ ഭാഗമായി നായ്ക്കളെ എത്രയുംവേഗം പിടികൂടി നശിപ്പിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

Related posts