കൊല്ലം: താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിലുള്ള മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ താലൂക്കിലെ കരയോഗങ്ങളിലെ 112 വനിതാ സ്വയംസഹായ സംഘങ്ങള്‍ക്ക് എട്ട് കോടി രൂപ വിതരണം ചെയ്തു. കൊല്ലം ധനലക്ഷ്മി ബാങ്കിന്റെ സഹകരണത്തോടെയാണ് ഈ തുക വായ്പയായി വിതരണം ചെയ്തത്. ഇതോടൊപ്പം ചികിത്സാ സഹായ പദ്ധതി പ്രകാരമുള്ള പ്രിവിലേജ് കാര്‍ഡുകളുടെ വിതരണവും നടന്നു.
താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ.ജി.ഗോപകുമാര്‍ വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വനിതാ സ്വയംസഹായ സംഘാംഗങ്ങളുടെ സാമൂഹിക പുരോഗതിക്ക് താലൂക്ക് യൂണിയനും മന്നം സൊസൈറ്റിയും മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രിവിലേജ് കാര്‍ഡിന്റെ വിതരണോദ്ഘാടനം ഡോ.കെ.ശിവരാമകൃഷ്ണപിള്ള നിര്‍വഹിച്ചു. ഡോ.മോഹനന്‍ നായര്‍, ധനലക്ഷ്മി ബാങ്ക് മാനേജര്‍ അനൂപ്, യൂണിയന്‍ സെക്രട്ടറി എം.തുളസീധരന്‍പിള്ള, സൊസൈറ്റി സെക്രട്ടറി ആദിക്കാട് ഗിരീഷ്, വൈസ് പ്രസിഡന്റ് ഡി.രാജേന്ദ്രന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.