വയനാട്ടില്‍ നിന്നു തൃശൂരിലെ മൃഗശാലയിലെത്തിച്ച പെണ്‍കടുവ ചത്തു; മരണകാരം ഉള്ളിലേറ്റ മുറിവെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്

tcr-kaduvaതൃശൂര്‍: മൃഗശാലയില്‍ ദിവസങ്ങള്‍ക്കുമുമ്പ് വയനാട്ടില്‍നിന്നെത്തിച്ച പെണ്‍കടുവ ചത്തു. സുല്‍ത്താന്‍ബത്തേരിയില്‍ നിന്നും വനംവകുപ്പ് അധികൃതര്‍ കെണിവച്ച് പിടികൂടിയ കടുവയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് തൃശൂരിലെത്തിച്ചത്. മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ ഇറങ്ങിയിരുന്ന കടുവ ഫോറസ്റ്റ് അധികൃതര്‍ വച്ച കെണിയില്‍ വീഴുകയായിരുന്നു. കെണിയില്‍ വീണ് കടുവയുടെ മുന്‍കൈയിലെ ഇടതുവശത്തു പരിക്കേല്‍ക്കുകയും പല്ലുകള്‍ കൊഴിയുകയും ചെയ്തിരുന്നു. കാലില്‍ നീരു വന്ന നിലയിലായിരുന്നു.

ഇതേത്തുടര്‍ന്ന് കടുവയ്ക്കു പ്രത്യേക സ്ഥലത്ത് ചികിത്സ നല്കി നിരീക്ഷിച്ചുവരികയായിരുന്നു. ഇന്നലെ പുലര്‍ച്ചെ മരുന്ന് നല്കാനെത്തിയ ജീവനക്കാരാണ് കടുവയെ ചത്തനിലയില്‍ കണ്ടത്. മൃഗശാലയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. ബിനോയ് സി. ബാബു, വെറ്ററിനറി കോളജിലെ ഡോ. ദിവാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റുമാര്‍ട്ടം നടത്തി. ഉള്ളിലേറ്റ മുറിവാണ് മരണത്തിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം മൃഗശാലാവളപ്പില്‍ സംസ്കരിച്ചു.

Related posts