വരാല്‍ച്ചാല്‍ പുനരുജ്ജീവനവും വികസനവും: ജില്ലാ പഞ്ചായത്ത് പ്രാഥമിക നിര്‍ദേശങ്ങള്‍ തേടി

alp-varalchalകോഴഞ്ചേരി: പമ്പാനദിക്കരയിലെ പ്രധാന നീര്‍ത്തടമായ വരാല്‍ച്ചാല്‍ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോയിപ്രം പഞ്ചായത്തിലെ 9,10,11 വാര്‍ഡുകളിലായി വ്യാപിച്ചുകിടക്കുന്ന ചാലിന് 1.5 കിലോമീറ്റര്‍ നീളവും, 150 മീറ്റര്‍ വീതിയുമാണ് ഉണ്ടായിരുന്നത്. വരാലുകള്‍ നിറഞ്ഞ ചാലായതിനാലാണ് വരാല്‍ച്ചാല്‍ എന്ന് നാമകരണം ഉണ്ടായതെന്നാണ് പഴമക്കാര്‍ പറയുന്നത്. ചാലിന്റെ ഇരുകരയിലുമായിട്ടുള്ള ആയിരത്തോളം വീടുകാര്‍ ഒരു കാലത്ത് ചാലിലെ ജലമായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് ആഫ്രിക്കന്‍ പായലും അധിനിവേശ സസ്യമായ കബംബയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ അജീര്‍ണ വസ്തുക്കളും നിക്ഷേപിക്കാനുള്ള  ഒരു ഇടമായി  വരാല്‍ച്ചാല്‍ മാറിയിരിക്കുകയാണ്. കോയിപ്രം പഞ്ചായത്തിലെ കടപ്ര, കുന്നം പ്രദേശങ്ങളെ വേര്‍തിരിക്കുന്ന ചാലില്‍ പൊതുമരാമത്തുവകുപ്പിന്റെ കടത്തുവള്ളവുമുണ്ടായിരുന്നു.അഞ്ചു വര്‍ഷം മുമ്പുവരെ ചാലിലെ മത്സ്യങ്ങള്‍ ലേലം ചെയ്ത് വില്‍ക്കുമായിരുന്നു. ആഫ്രിക്കന്‍ പായലും കാടുകളും  മൂലം മൂടപ്പെട്ടിരിക്കുന്നതിനാല്‍ കടത്തുവള്ളത്തിന്റെ യാത്രയും തടസപ്പെട്ടിരിക്കുകയാണ്.

നെല്ലിക്കല്‍ , കടപ്ര, കുന്നം പ്രദേശങ്ങളിലെ ജല ലഭ്യതയും കാര്‍ഷിക വളര്‍ച്ചയും ഉറപ്പുവരുത്തിയിരുന്നത് വരാല്‍ച്ചാലായിരുന്നു. വരാല്‍ച്ചാലില്‍നിന്നും ആദിപമ്പയിലേക്കുള്ള തോട് ഇല്ലാതായതാണ് ചാലിന്റെ തകര്‍ച്ചക്ക് പ്രധാന കാരണമായതെന്ന് ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനത്തിന് നേതൃത്വം വഹിച്ച പമ്പാപരിരക്ഷണ സമിതി ജനറല്‍ സെക്രട്ടറി എന്‍.കെ.സുകുമാരന്‍നായര്‍ പറഞ്ഞു.വരാല്‍ച്ചാല്‍ പുനരുജ്ജീവനവും സംരക്ഷണവും സംബന്ധിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവര്‍ പ്രാഥമിക നിര്‍ദേശങ്ങള്‍ തേടിയിരുന്നു.     വരാല്‍ച്ചാല്‍ സംരക്ഷിക്കുന്നതോടൊപ്പം ഇതിനു സമീപത്തുള്ള നെല്ലിക്കല്‍ ചാലും കാര്‍ഷിക അഭിവൃദ്ധിക്കായി ഉപയോഗിക്കാനാകും.

വരാല്‍ച്ചാല്‍ പൂര്‍ണമായും പുനരുജ്ജീവിപ്പിച്ചാല്‍ നീര്‍ത്തടത്തിന്റെ സമീപ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഗ്രാമീണ വിനോദ സഞ്ചാരകേന്ദ്രമാക്കാ നും ഇതിലൂടെ തൊഴില്‍മേഖലയുടെ വളര്‍ച്ചയും സാധ്യമാകും. ചാലിലൂടെ  ബോട്ടിംഗും, കുട്ടവഞ്ചി സവാരിക്കും ഉപയോഗിക്കാനാകുമെന്നും ഈ രംഗത്തെ വിദഗധര്‍ പറയുന്നത്. വരാല്‍ച്ചാലിന്റെ പ്രാഥമിക പഠനം മാത്രമാണ് പമ്പാപരിരക്ഷണ സമിതി നടത്തിയതെന്നും ഇനി വേണ്ടത് ശാസ്ത്ര സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരും ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെയുള്ള തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായി പഠനം നടത്തി പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി വികസന പദ്ധതി നടപ്പിലാക്കണമെന്നുമാണ് ആവശ്യം.

Related posts