പാലക്കാട്: തമിഴ്നാട് വാളയാര്‍ ചെക്പോസ്റ്റിനു സമീപം അട്ടപ്പള്ളത്തെ ടോള്‍ബൂത്തില്‍ കെഎസ്ആര്‍ടിസി ബസില്‍നിന്നും അരക്കോടിയോളം രൂപ വിലവരുന്ന 1.85 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. വളകളാണ് പിടികൂടിയത്.
കോയമ്പത്തൂരില്‍നിന്ന് തൃശൂരിലെ ജ്വല്ലറികളിലേക്കു നികുതിവെട്ടിച്ച് കൊണ്ടുപോകുന്ന സ്വര്‍ണമായിരുന്നു ഇതെന്നു അധികൃതര്‍ പറഞ്ഞു. സ്വര്‍ണം കൊണ്ടുവന്ന തൃശൂര്‍ അരണാട്ടുകര സ്വദേശി ജോസിനെ(40) പാലക്കാട് വാണിജ്യനികുതി അധികൃതര്‍ക്കു കൈമാറി. ഇയാള്‍ പതിവായി വാളയാര്‍ വഴി സ്വര്‍ണം കടത്താറുണ്ടെന്നു പറയുന്നു. ù
എക്സൈസിന്റെ തൃത്താല റേഞ്ച് ഓഫീസിലെ ടാസ്ക്ഫോഴ്സാണ് വാഹനപരിശോധനയ്ക്കിടയില്‍ സ്വര്‍ണാഭരണം പിടികൂടിയത്. മദ്യം, മയക്കുമരുന്ന് തുടങ്ങിയവ പരിശോധിക്കുന്നതിനാണ് എക്സൈസ് സംഘം വാളയാറില്‍ പരിശോധന നടത്തിയത്. കഴിഞ്ഞയാഴ്ച ഒന്നരക്കോടിരൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വാളയാറില്‍ ഒറ്റപ്പാലം എക്സൈസ് സ്ക്വാഡ് പിടികൂടിയിരുന്നു. അതിര്‍ത്തിവഴി കഞ്ചാവ്, പാന്‍മസാല തുടങ്ങിയവയുടെ കടത്തും വര്‍ധിച്ചിട്ടുണ്ട്.