ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയായിലും ഡല്‍ഹിയിലും ഒരു ഓട്ടോറിക്ഷയാണിപ്പോള്‍ താരം. ഇത് ആരുടെ ഓട്ടോയാണെന്ന് അറിഞ്ഞാല്‍ ആരും മൂക്കത്ത് വിരല്‍ വയ്ക്കും തീര്‍ച്ച. ഇന്ത്യയിലെ മെക്‌സിക്കന്‍ അംബാസഡര്‍ മെല്‍ബ പ്രിയയുടെ ഔദ്യോഗിക വാഹനമാണ് ഈ ഓട്ടോറിക്ഷ. ഓടിക്കുന്നത് ടൈ കെട്ടി ടിപ്‌ടോപ് വേഷത്തില്‍ ഔദ്യോഗിക ഡ്രൈവറും.
കഴിഞ്ഞ ദിവസം ഔദ്യോഗിക വാഹനം ഡല്‍ഹിയിലെ സാംസ്കാരിക കേന്ദ്രമായ ഇന്ത്യന്‍ ഹാബിറ്റാറ്റ് സെന്ററില്‍ പാര്‍ക്ക് ചെയ്യാന്‍ സുരക്ഷാ ജീവനക്കാര്‍ വിലക്കിയതോടെയാണ് സംഗതി വാര്‍ത്തയായത്. ഔദ്യോഗിക ക്ഷണപ്രകാരം ഹാബിറ്റാറ്റ് സെന്ററില്‍ പ്രഭാഷണത്തിന് എത്തിയതായിരുന്നു മെല്‍ബ. പ്രഭാഷണ വിഷയം പൊതുഗതാഗതവും. പക്ഷെ സുരക്ഷ കാരണങ്ങളാല്‍ ഓട്ടോറിക്ഷ അകത്ത് പ്രവേശിപ്പിച്ചില്ല.
നയതന്ത്ര വാഹനങ്ങള്‍ക്ക് അനുവദിക്കുന്ന നീല നിറത്തിലുള്ള പ്രത്യേക നമ്പര്‍ പ്ലേറ്റാണു വാഹനത്തിന്. പോരാത്തതിന് മെക്‌സിക്കോയുടെ ദേശീയ പതാകയുമുണ്ട്. കോടിക്കണക്കിനുള്ള ഇന്ത്യക്കാരുടെ സാധാരണ വാഹനമെന്ന നിലയില്‍ താന്‍ ഓട്ടോയെ ഏറെ ഇഷ്ടപ്പെടുന്നെന്ന് പ്രിയ പറയുന്നു. മെക്‌സിക്കോയിലെ പ്രശസ്ത കലാകാരനാണ് ഓട്ടോയില്‍ ചിത്രപ്പണികള്‍ ചെയ്തിരിക്കുന്നത്. അതുവഴി മെക്‌സിക്കോയുടെ കലാചാതുരി ലോകത്തിന്റെ മുമ്പില്‍ കാണിക്കാനാവും. ഓട്ടോയിലുള്ള യാത്ര താനും തന്റെ ഡ്രൈവറും വളരെ ആസ്വദിക്കുന്നു – പ്രിയ പറഞ്ഞു.