വിജയത്തോടെ 20-ാം വാര്‍ഷികം ആഘോഷിക്കാന്‍ വെംഗര്‍

sp-vengar ലണ്ടന്‍: ആഴ്‌സീന്‍ വെംഗര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് ആഴ്‌സണലിന്റെ പരിശീലകനായിട്ട് 20 വര്‍ഷം തികയുകയാണ്. 1996 സെപ്റ്റംബറിലായിരുന്നു വെംഗര്‍ പീരങ്കിപ്പടയെ പരിശീലിപ്പിക്കാനായി ഫ്രാന്‍സില്‍നിന്നെത്തിയത്. ഇന്ന് ആഴ്‌സണലിന്റെ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ ചെല്‍സിയെ തോല്‍പ്പിച്ച് ക്ലബ്ബിനൊപ്പമുള്ള ഇരുപതാം വാര്‍ഷികം മനോഹരമാക്കാമെന്ന പ്രതീക്ഷയോടെയാണു വെംഗര്‍ ഇറങ്ങുന്നത്. ക്ലബ്ബിനെ നീണ്ട വര്‍ഷത്തോളം മുന്നില്‍ നിന്നു നയിച്ച വെംഗര്‍ക്കു മികച്ചൊരു ജയം നല്‍കുയാണ് കളിക്കാരുടെയും ലക്ഷ്യം.

വെംഗര്‍ ആഴ്‌സണലിലെത്തിയപ്പോള്‍ ഉണ്ടായിരുന്ന മറ്റ് 19 ക്ലബ്ബുകളുടെ പരിശീലകര്‍ ആരുംതന്നെ ഇപ്പോള്‍ പ്രീമിയര്‍ ലീഗ് ടീമുകളെ പരിശീലിപ്പിക്കാനായി രംഗത്തില്ല. ആഴ്‌സണലിന്റെ പ്രകടനം മോശമായപ്പോഴും വെംഗറെ മാറ്റണമെന്ന് ആരാധകര്‍ ശബ്ദമുയര്‍ത്തിയപ്പോഴും അദ്ദേഹത്തിന്റെ സ്ഥാനത്തിന് ഇളക്കം തട്ടിയില്ല. ഇംഗ്ലണ്ടിലെ പ്രസ്റ്റീജ് കിരീടമായ പ്രീമിയര്‍ ലീഗ് കിരീടം ആഴ്‌സണലിന്റെ ഷെല്‍ഫിലെത്തിയിട്ട് വര്‍ഷം 12 കഴിഞ്ഞു. 2003-04 സീസണിലാണ് അവസാനമായി ആഴ്‌സണല്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാകുന്നത്.

ആഴ്‌സണലിനൊപ്പം ഇരുപതുവര്‍ഷം ആഘോഷിക്കുന്ന വെംഗര്‍ ആദ്യമായാണ് ആന്റോണിയോ കോന്റൊ പരിശീലിപ്പിക്കുന്ന ചെല്‍സിയെ നേരിടുന്നത്. പ്രീമിയര്‍ ലീഗിലെ ഏറ്റവും വലിയ ശത്രുക്കളാണ് ആഴ്‌സണലും ചെല്‍സിയും. ചെല്‍സി-ആഴ്‌സണല്‍ പോരാട്ടത്തിനൊപ്പം പരിശീലകരുടെ പോരാട്ടവും പ്രസിദ്ധമാണ്. 2011 ഒക്ടോബര്‍ 11ന് ചെല്‍സിയെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ 5-3ന് പരാജയപ്പെടുത്തിയശേഷം ആഴ്‌സണലിന് കഴിഞ്ഞ ഒമ്പത് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ അവര്‍ക്കെതിരേ ജയിക്കാനായിട്ടില്ല. 2010 ഡിസംബറില്‍ 3-1ന് തോറ്റശേഷം എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ ചെല്‍സി ആഴ്‌സണലിനോടു തോറ്റിട്ടില്ല. പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരേ അവസാന ആറു മത്സരങ്ങളിലും വെംഗറുടെ ടീമിനു ഗോള്‍ നേടാനായിട്ടില്ല. ഈ കണക്കുകള്‍ ചെല്‍സിക്ക് അനുകൂലമാണെങ്കിലും അവ തിരുത്താനാണു വെംഗറും കൂട്ടരും ശ്രമിക്കുക.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- ലീസ്റ്റര്‍ സിറ്റി

മറ്റൊരു പ്രധാന മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടു പ്രീമിയര്‍ ലീഗ് തോല്‍വികള്‍ ഏല്‍പ്പിച്ച ആഘാതത്തില്‍നിന്നു കരകയറാന്‍ മൗറിഞ്ഞോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിലവിലെ ചാമ്പ്യന്മാരായ ലീസ്റ്ററിനെ നേരിടാന്‍ ഇന്ന് സ്വന്തം ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തില്‍ ഇറങ്ങും.

ഇന്നത്തെ മത്സരങ്ങള്‍

മാന്‍. യുണൈറ്റഡ്-ലീസ്റ്റര്‍ -വൈകുന്നേരം 5.00

ബോണ്‍മൗത്ത്-എവര്‍ട്ടണ്‍ -രാത്രി 7.30

സ്‌റ്റോക് സിറ്റി-വെസ്റ്റ്‌ബ്രോംവിച്ച് -രാത്രി 7.30

മിഡില്‍സ്‌ബ്രോ-ടോട്ടനം- രാത്രി 7.30

ലിവര്‍പൂള്‍-ഹള്‍സിറ്റി രാത്രി 7.30

സ്വാന്‍സി സിറ്റി-മാഞ്ചസ്റ്റര്‍ സിറ്റി -രാത്രി 7.30

സണ്ടര്‍ലന്‍ഡ്-ക്രിസ്റ്റല്‍ പാലസ്- രാത്രി 7.30

ആഴ്‌സണല്‍-ചെല്‍സി രാത്രി -10.00

Related posts