പാലക്കാട്: വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ആനുകൂല്യത്തിനുളള തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഓഗസ്റ്റ് 31നകം ലഭ്യമാകാനുളള നടപടി സ്വീകരിക്കുമെന്ന് ആര്‍ടിഒ എന്‍.ശരവണന്‍ അറിയിച്ചു. കാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ സത്യവാങ്മൂലം, സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍, അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ പട്ടിക എന്നിവ സഹിതം ഓഗസ്റ്റ് 18-നകം സമര്‍പ്പിക്കണം. വിദ്യാര്‍ത്ഥികളുടെ യാത്ര സൗകര്യവുമായി ബന്ധപ്പെട്ട് ജില്ല കളക്ടര്‍ പി.മേരിക്കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ആര്‍.ടി.ഒ ഇക്കാര്യം അറിയിച്ചത്.
പാലക്കാട് താലൂക്കിലുളളവര്‍ സിവില്‍ സ്റ്റേഷനിലുളള ആര്‍.ടി.ഒ ഓഫീസിലും മറ്റു താലൂക്കിലുളളവര്‍ അതത് സബ് ജോയിന്റ് ആര്‍.ടി.ഒ ഓഫിസിലുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. തങ്ങളുടേത് അംഗീകൃതസ്ഥാപനമാണെന്നും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള വിദ്യാര്‍ത്ഥികള്‍ യാത്ര ആനുകൂല്യം ലഭിക്കാന്‍ അര്‍ഹരാണെന്നും വ്യക്തമാക്കിക്കൊണ്ടുളള സത്യവാങ്മൂലമാണ് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നല്‍കേണ്ടത്. കാര്‍ഡുകള്‍ ലഭിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പകര്‍ത്താന്‍ ഒരു ഒഴിഞ്ഞ ഡി.വി.ഡിയും അപേക്ഷകര്‍ ഹാജരാക്കണം.അന്വേഷണഅടിസ്ഥാനത്തില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമെ കാര്‍ഡ് നല്‍കുകയുളളു.
അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ആനുകൂല്യം നിഷേധിച്ചാല്‍ ഇതു സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍.ടി.ഒ ക്ക് പരാതി നല്‍കാം. വിദ്യാര്‍ത്ഥികള്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നതൊ കാര്‍ഡിലെ നിര്‍േദ്ദശങ്ങള്‍ ലംഘിച്ചാലോ അയോഗ്യരാക്കുന്നത് ഉള്‍പ്പെടെയുളള നടപടിയുണ്ടാകുമെന്നും ആര്‍.ടി.ഒ അറിയിച്ചു.
ബസ് ജിവനക്കാരെ സംബന്ധിച്ചുളള പരാതികള്‍ നിജസ്ഥിതി മനസ്സിലാക്കി നടപടിയെടുക്കണമെന്നും കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പോലീസ് സ്‌റ്റേഷനില്‍ പിടിച്ചിടുന്നത് ഒഴിവാക്കി ബസ് സര്‍വ്വിസ് മുടക്കം വരാത്തവിധം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി വിളിച്ചു വരുത്തേണ്ടതാണെന്നും ജില്ല കളക്ടര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ല കളക്ടറുടെ ചേബറില്‍ നടന്ന യോഗത്തില്‍ ബസ് ജിവനക്കാരുടെ സംഘടന പ്രതിനിധികള്‍, വിദ്യാഭ്യാസസ്ഥാപന വേധാവികള്‍, വിദ്യാര്‍ത്ഥികള്‍ മറ്റു ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.