നെയ്യാറ്റിന്‍കര: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുട്ടികളില്‍ മൂല്യബോധവും നന്മയുടെയും സാഹോദര്യത്തിന്റെയും കരുണയുടെയും പാഠങ്ങള്‍ സമ്മാനിക്കണമെന്നും വീടും വിദ്യാലയവുമാണ് വ്യക്തിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളെന്നും പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍ അഭിപ്രായപ്പെട്ടു. നെയ്യാറ്റിന്‍കര ഊരൂട്ടുകാലയില്‍ ഗാന്ധിയന്‍ ഡോ. ജി. രാമചന്ദ്രന്‍ സ്ഥാപിച്ച ഡോ. ജിആര്‍ പബ്ലിക് സ്കൂളിന്റെ വാര്‍ഷികാഘോഷവും സ്ഥാപകന്റെ ജന്മദിനാഘോഷവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജി സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും അഹിംസയുടെയും പ്രവാചകനായിരുന്നു. അദ്ദേഹം ഒരു സാമ്രാജ്യത്തിന്റെയും അധിപതിയായിരുന്നില്ല. ഇന്‍ഡ്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഗാന്ധിജി വര്‍ഗീയലഹള നടന്ന സ്ഥലത്ത് ദുരിതം അനുഭവിക്കുന്നവരുടെ കൂടെയായിരുന്നു. യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ, ഏറ്റവും ത്യാഗപൂര്‍ണ്ണമായ ജീവിതം നയിച്ച ഗാന്ധിജി പരസ്പര വിശ്വാസം, സ്‌നേഹം, അഹിംസ എന്നീ തത്വങ്ങളാണ് നമ്മളെ പഠിപ്പിച്ചത്. അദ്ദേഹത്തിന്റെ ആശയങ്ങളും ആദര്‍ശങ്ങളും ഇന്നത്തെ കാലത്ത് എത്രത്തോളം പ്രസക്തമാണെന്ന് നാം ചിന്തിക്കണം.
ലോകാസമസ്താ സുഖിനോ ഭവന്തു എന്നാണ് നാം പ്രാര്‍ഥിക്കാറുള്ളത്. എന്നാല്‍ ഞാന്‍, എന്റെ, എനിക്കുള്ളത് എന്നതാണ് ഇന്നത്തെ സമൂഹത്തിന്റെ രീതി. സാധാരണഗതിയില്‍ വിശ്വസിക്കാനാകാത്ത ഹീനകൃത്യങ്ങളാണ് ദിവസവും നടക്കുന്നത്. നമ്മുടെ നാടിന്റെ പ്രകൃതിമനോഹാരിത അനുദിനം നശിച്ചുകൊണ്ടിരിക്കുകയാണ്. കൂറ്റന്‍ മണിമന്ദിരങ്ങളും ബാറുകളും ഇവിടെ യഥേഷ്ടമുണ്ട്. മരിച്ചവരെയും അമിതലാഭത്തിനായി വെന്റിലേറ്ററുകളില്‍ കിടത്തുന്ന, ടാര്‍ഗറ്റ് തികയ്ക്കാന്‍ ശസ്ത്രക്രിയ ചെയ്യുന്ന, ആശുപത്രികള്‍. റോഡില്‍ ഇറങ്ങി നടന്നു പോകാനാവാത്ത വിധത്തില്‍ യാതൊരു അച്ചടക്കവുമില്ലാതെ ചീറിപ്പായുന്ന വാഹനങ്ങള്‍.
ആളുകള്‍ ക്യൂവില്‍ നില്‍ക്കുന്നത് മദ്യശാലകള്‍ക്കു മുന്നില്‍ മാത്രം. ഈ സാഹചര്യത്തില്‍ ഭാവിതലമുറയെക്കുറിച്ച് ആശങ്കയുണ്ടെന്നും ടി.കെ.എ നായര്‍ കൂട്ടിച്ചേര്‍ത്തു. ഡോ. ജി.ആര്‍ ഹാള്‍ ഓഫ് കള്‍ച്ചറില്‍ ചേര്‍ന്ന യോഗത്തില്‍ മാനേജിംഗ് ട്രസ്റ്റി സിസ്റ്റര്‍ മൈഥിലി അധ്യക്ഷയായിരുന്നു. ഗാന്ധിയന്മാരായ പി. ഗോപിനാഥന്‍നായര്‍, അഡ്വ. കെ. അയ്യപ്പന്‍പിള്ള, ട്രസ്റ്റ് സെക്രട്ടറി അഡ്വ. ആര്‍.എസ് ഹരികുമാര്‍, സ്കൂള്‍ മാനേജര്‍ പി. രവിശങ്കര്‍, പ്രിന്‍സിപ്പാള്‍ മരിയ ജോ ജഗദീഷ്, സീനിയര്‍ പ്രിന്‍സിപ്പാള്‍ ഗൗരിനായര്‍, ജൂനിയര്‍ പ്രിന്‍സിപ്പാള്‍ ആശാ ഗോപിനാഥ് , പിടിഎ പ്രസിഡന്റ് എം.കെ പ്രമീഷ് എന്നിവര്‍ പ്രസംഗിച്ചു.