സി.കെ. രാജേഷ്കുമാര്‍
മാര്‍ട്ടിന്‍ ക്രോ ക്രീസില്‍ വന്നുനിന്നാല്‍ത്തന്നെ ഒരു അഴകായിരുന്നു. ഉത്സവത്തിനു തലയെടുപ്പുള്ള കൊമ്പന്‍ തിടമ്പേന്തിനില്‍ക്കുന്നതുപോലെ. കുലീനമായ സമീപനം കളിയോടെന്ന പോലെ ബാറ്റിംഗില്‍ ക്ലാസിക് പാത പിന്തുടരാനും ക്രോ ശ്രദ്ധിച്ചു. 15 വര്‍ഷം നീണ്ട കരിയറില്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റിനെ അടിമുടി മാറ്റിമറിച്ചു എന്നതുതന്നെയാണ് മാര്‍ട്ടിന്‍ ക്രോയുടെ ഏറ്റവും വലിയ സംഭാവന. ഒപ്പം നായകനെന്ന നിലയില്‍ ഏകദിന ക്രിക്കറ്റിന്റെ മൗലികമായ മാറ്റങ്ങള്‍ക്കു വിത്തു പാകാനും ക്രോയ്ക്കായി. മാര്‍ട്ടിന്‍ ക്രോയുടെ നിര്യാണം ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഓരോരുത്തര്‍ക്കും തീരാ നഷ്ടവും വേദനയുമാണ്.
ലോകകപ്പ് താരം
1992ലെ ലോകകപ്പ് തന്നെ ഏറ്റവും വലിയ ഉദാഹരണം. ക്രോവിന്റെ നേതൃത്വത്തിലിറങ്ങിയ ടീമിന് ആരുംതന്നെ വലിയ സാധ്യത കണ്ടിരുന്നില്ല. എന്നാല്‍, സെമിയിലാണ് ക്രോവിന്റെയും കൂട്ടരുടെയും പോരാട്ടം അവസാനിച്ചത്. സെമി വരെയുള്ള കിവികളുടെ മുന്നേറ്റത്തില്‍ ആരാധകരെയും നിരൂപകരെയും അദ്ഭുതപ്പെടുത്തിയ നിരവധി മാറ്റങ്ങള്‍ ഓരോ മത്സരത്തിലും ക്രോ വരുത്തി. മാര്‍ക്ക് ഗ്രേറ്റ്ബാച്ച് എന്ന ബാറ്റ്‌സ്മാനെ ആദ്യ ഓവറുകളില്‍ അഴിച്ചുവിട്ടത് ക്രോയുടെ തന്ത്രമായിരുന്നു. ആദ്യമത്സരത്തില്‍ അവസരം കിട്ടാതെപോയ ഗ്രേറ്റ്ബാച്ച് ജോണ്‍ റൈറ്റിനു പരിക്കേറ്റ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഓപ്പണറായി. ആദ്യ ഇന്നിംഗ്‌സില്‍തന്നെ 60 പന്തില്‍ 68 റണ്‍സ് നേടിയ ഗ്രേറ്റ്ബാച്ചിന്റെ പ്രകടനം ടീമിനെ വിജയത്തിലെത്തിച്ചു. ഈ പരീക്ഷണം മത്സരത്തിലുടനീളം ക്രോ തുടര്‍ന്നു. പില്‍ക്കാലത്ത് ഇന്ത്യയും ശ്രീലങ്കയും ഒക്കെ ഈ രീതി പിന്തുടര്‍ന്നു. ജയസൂര്യയും കലുവിതരണയും വിരേന്ദര്‍ സെവാഗുമൊക്കെ ഈ രീതിയുടെ മികച്ച പ്രയോക്താക്കളായി മാറി.
ദീപക് പട്ടേല്‍ എന്ന ഇന്ത്യന്‍ വംശജനായ സ്പിന്‍ ബൗളറെക്കൊണ്ട് ബൗളിംഗ് ഓപ്പണ്‍ ചെയ്യിക്കാന്‍ കാണിച്ച ധൈര്യവും പ്രശംസയ്ക്കു പാത്രമായി. ബാറ്റിംഗിലും മിന്നും പ്രകടനം പുറത്തെടുത്ത് കിവികളെ മുന്നില്‍നിന്നു നയിച്ച ക്രോവിനു പക്ഷേ സെമിയില്‍ കാലിടറി. റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ നടന്നചാമ്പ്യന്‍ഷിപ്പില്‍ പ്രാഥമിക റൗണ്ടില്‍ കളിച്ച എട്ടു മത്സരങ്ങളില്‍ ഏഴിലും കിവീസ് ജയിച്ചു. സെമിയില്‍ പാക്കിസ്ഥാനോട് പരാജയപ്പെട്ടപ്പോള്‍ ആ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം പടിയിറങ്ങുകയായിരുന്നു. ടൂര്‍ണമെന്റില്‍ ആകെ 456 റണ്‍സ് നേടി ടോപ് സ്‌കോററായതും മാന്‍ ഓഫ് ദ ടൂര്‍ണമെന്റായതും മറ്റാരുമല്ല.
ആദ്യ റൗണ്ടില്‍ ഓസ്‌ട്രേലിയ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, വെസ്റ്റിന്‍ഡീസ്, ഇന്ത്യ എന്നിങ്ങനെ എല്ലാ പ്രമുഖ ടീമുകളും ക്രോവിന്റെ തന്ത്രങ്ങളുടെ ഇരകളായി.
ഓസ്‌ട്രേലിയയ്‌ക്കെതിരേ സെഞ്ചുറി (134 പന്തില്‍ 100*) നേടിയ ക്രോ സിംബാബ്‌വെയ്‌ക്കെതിരേയും (43 പന്തില്‍ 73*) വെസ്റ്റിന്‍ഡീസിനെതിരെയും (81 പന്തില്‍ 81*) ഇംഗ്ലണ്ടിനെതിരേയും(83 പന്തില്‍ 71*) മിന്നും പ്രകടനം പുറത്തെടുത്തു. സെമിയില്‍ പാക്കിസ്ഥാനെതിരേ 83 പന്തില്‍ 91 റണ്‍സ് അടിച്ചുകൂട്ടിയെങ്കിലും ടീം പരാജയപ്പെട്ടു. മത്സരത്തിനിടെ സംഭവിച്ച പരിക്ക് വകവയ്ക്കാതെയായിരുന്നു ക്രോ കളിച്ചത്. ഒടുവില്‍ പാക്കിസ്ഥാന്‍ ജയിക്കുന്നതു പവലിയനില്‍ അവിശ്വസനീയതയോടെ നോക്കിനില്‍ക്കുന്ന ക്രോവിന്റെ മുഖം ഇന്നും ക്രിക്കറ്റ് ആരാധകരുടെ നൊമ്പരമാണ്.
ക്രോയുടെ നിറങ്ങള്‍
ബാറ്റ്‌സ്മാന്‍, നായകന്‍, പരിഷ്കര്‍ത്താവ്, ഉപദേശകള്‍, കമന്റേറ്റര്‍, നിരൂപകന്‍… മാര്‍ട്ടിന്‍ ക്രോ ആസ്വാദകര്‍ക്ക് അനുഭവമാവുകയായിരുന്നു. എല്ലാത്തലങ്ങളിലും ഒന്നാമനായിരിക്കുക എന്നത് അപൂര്‍വം പേര്‍ക്കു സാധിക്കുന്ന ഒന്നാണ്. അതില്‍ ക്രോ വിജയിച്ചു.
1962 സെപ്റ്റംബര്‍ 22ന് ഓക്‌ലന്‍ഡിലായിരുന്നു മാര്‍ട്ടിന്‍ ഡേവിഡ് ക്രോ എന്ന മാര്‍ട്ടിന്‍ ക്രോയുടെ ജനനം. മാതാവ് ഓഡ്രെ: പിതാവ്: ഡേവിഡ് ക്രോ. രണ്ടു സഹോദരങ്ങളില്‍ ഒരാള്‍ ജഫ് ക്രോ മുന്‍ ന്യൂസലന്‍ഡ് താരമായിരുന്നു. ആറാം വയസില്‍ ഓക്്‌ലന്‍ഡിലെ കോണ്‍വാള്‍ ക്രിക്കറ്റ് ക്ലബ്ബില്‍ ചേര്‍ന്ന ക്രോ മികച്ച ഒരു ക്രിക്കറ്ററായി പരുവപ്പെട്ടു. 14-ാം വയസില്‍ ഓക്്‌ലന്‍ഡ് അണ്ടര്‍ 23 ടീമില്‍ ഇടം നേടി. എന്നാല്‍, കളിക്കാന്‍ സാധിച്ചില്ല. 17-ാം വയസില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഓക്്‌ലന്‍ഡിനു വേണ്ടി അരങ്ങേറി. അനുപമമായ തുടക്കമായിരുന്നു അത്. 247 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്ന് 56 ശരാശരിയില്‍ 19608 റണ്‍സ് നേടാന്‍ ക്രോവിനായി. ലിസ്റ്റ് എയില്‍ 261 മത്സരങ്ങള്‍ കളിച്ച ക്രോ 8740 റണ്‍സ് നേടി.
അരങ്ങേറ്റം
19-ാം വയസില്‍ കിവീസ് ടീമിലേക്ക് ഈ ചുറുചുറുക്കുള്ള ചെറുപ്പക്കാരന്‍ വന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരേ ഈഡന്‍ പാര്‍ക്കിലായിരുന്നു ക്രോവിന്റെ അരങ്ങേറ്റം. എന്നാല്‍, ആദ്യമത്സരത്തില്‍ ക്രോ ബാറ്റ് ചെയ്തില്ല. രണ്ടാഴ്ചയ്ക്കു ശേഷം ബാസിന്‍ റിസര്‍വില്‍ ക്രോ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. മഴ മുടക്കിയ മത്സരത്തില്‍ ഒമ്പതു റണ്‍സ് മാത്രമായിരുന്നു ക്രോയുടെ സംഭാവന. ഡെന്നിസ് ലില്ലിയും ജഫ് തോംസണും അടങ്ങിയ ലോകോത്തര ബൗളിംഗ് നിരയ്‌ക്കെതിരേയായിരുന്നു ക്രോയുടെ അരങ്ങേറ്റം. ഏഴു ടെസ്റ്റുകള്‍ക്കു ശേഷമാണ് ക്രോ ആദ്യ ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കുന്നത്. ഇംഗ്ലണ്ടിനെതിരേ വെല്ലിംഗ്ടണിലായിരുന്നു ഇത്. മൂത്ത സഹോദരന്‍ ജെഫ് ക്രോ ദേശീയ ടീമിലെത്തുംമുംമ്പേ മാര്‍ട്ടിന്‍ ടീമിലെത്തിയിരുന്നു.
ഐതിഹാസികം, കുതിപ്പ്
പിന്നീടങ്ങോട്ട് മുന്നേറ്റമായിരുന്നു. ലോക ക്രിക്കറ്റ് അദ്ഭുതത്തോടെ നോക്കിനിന്ന നിരവധി പോരാട്ടങ്ങള്‍ ക്രോയില്‍നിന്നുണ്ടായി. 1982നും 1995നും ഇടയില്‍ 17 ടെസ്റ്റ് സെഞ്ചുറികളാണ് ക്രോ അടിച്ചുകൂട്ടിയത്. ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടിയ കിവീസ് താരം എന്ന ബഹുമതി ഇന്നും ക്രോയുടെപേരിലാണ്. 1985ല്‍ ഗാബയില്‍ നടന്ന ഐതിഹാസിക ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ കിവീസിനെ വിജയത്തിലെത്തിച്ചത് ക്രോയുടെ അവിസ്മരണീയ ഇന്നിംഗ്‌സായിരുന്നു. 328 പന്തില്‍നിന്ന് ക്രോ 188 റണ്‍സ് നേടി. ഈ പ്രകടനത്തിന്റെ മികവില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ കിവീസ് പരമ്പര വിജയം സ്വന്തമാക്കി. ഓസ്‌ട്രേലിയയില്‍ കിവീസ് നേടുന്ന ആദ്യ ടെസ്റ്റ് വിജയമായിരുന്നു ഇത്.
മാര്‍ട്ടിന്‍ ക്രോയുടെ പിതാവ് പറയുമായിരുന്നു, ഒരിക്കല്‍ നീ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒരു സെഞ്ചുറി നേടുന്നതു തനിക്കു കാണണമെന്ന്. ആ ആഗ്രഹം രണ്ടു തവണയാണ് ക്രോ സഫലമാക്കിയത്.
1986ല്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന ടെസ്റ്റില്‍ സ്വന്തം സ്‌കോര്‍ 51ല്‍നില്‍ക്കേ ബ്രൂസ് റീഡിന്റെ പന്തു കൊണ്ട് ക്രോവിന്റെ താടിയെല്ല് പൊട്ടി. 10 തുന്നലായിരുന്നു ഇതിന്റെ പേരില്‍ ക്രോവിനു വേണ്ടിവന്നത്. എന്നാല്‍, ആദ്യ ഇന്നിംഗ്‌സില്‍ കിവീസ് ആറിന് 190 എന്ന നിലയില്‍ പതറുമ്പോള്‍ തുന്നിക്കെട്ടിയ താടിയുമായി ക്രോ വീണ്ടും ക്രീസിലെത്തി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 364 റണ്‍സിനു മറുപടിയായി ബാറ്റ് ചെയ്ത കിവീസിനു വേണ്ടി 226 പന്തില്‍ 137 റണ്‍സാണ് അന്ന് ക്രോ സ്‌കോര്‍ ചെയ്തത്.
1953-54 കാലഘട്ടത്തില്‍ നടന്ന ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സ്വന്തം നാട്ടുകാരനായ സറ്റ്ക്ലിഫേ തലയില്‍ പരിക്കേറ്റ് ബാന്‍ഡേജുമായി കളിച്ച കഥ തന്റെ മാതാവ് പറഞ്ഞുതന്നതായിരുന്നു അപ്പോള്‍ തന്റെ മനസിലെന്ന് ക്രോ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
1987ല്‍ മാല്‍ക്കം മാര്‍ഷലും ജോയല്‍ ഗാര്‍നറും മൈക്കിള്‍ ഹോള്‍ഡിംഗും കോട്്‌നി വാല്‍ഷും അടങ്ങുന്ന വിന്‍ഡീസ് ടീമിനെതിരേ 119, 104, 83 എന്നിങ്ങനെയാണ് മാര്‍ട്ടിന്‍ ക്രോ സ്‌കോര്‍ ചെയ്തത്. ആ പരമ്പര 1-1 സമനിലയിലാക്കാനും ക്രോവിന്റെ പ്രകടനത്തിനായി.
നായകന്‍
1990ലാണ് മാര്‍ട്ടിന്‍ ക്രോ കിവീസിന്റെ നായകനാകുപന്നത്. 1990ല്‍ പാക്കിസ്ഥാനെതിരായ ടെസ്റ്റില്‍ ക്രോ കപ്പിത്താനായി. 16 ടെസ്റ്റില്‍ കിവീസിനെ നയിച്ച ത്രോവിനു പക്ഷേ, ജയിക്കാനായത് രണെ്ടണ്ണത്തില്‍ മാത്രമാണ്. ഏഴിലും പരാജയപ്പെട്ടു. ബാക്കിയുള്ളതു സമനിലയിലുമായി. 44 ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ നയിച്ച ക്രോ 21ല്‍ വിജയിച്ചു. 22ല്‍ തോറ്റു.
നായകനായി ഏകദിനത്തില്‍ 54ലും ഏകദിനത്തില്‍ 45ഉം ശരാശരിയില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ക്രോയ്ക്കു സാധിച്ചു.
1991ല്‍ വലിയ ഒരു നാഴികക്കല്ല് പിന്നിടാന്‍ ക്രോയ്ക്കായി. ഒരു ന്യൂസിലന്‍ഡ് താരം നേടുന്ന ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോറിനുടമ. ശ്രീലങ്കയ്‌ക്കെതിരേ 299 റണ്‍സ് നേടി അദ്ദേഹം പുറത്തായി.
15 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തില്‍ നിരവധി റിക്കാര്‍ഡുകള്‍ സ്വന്തമാക്കിയ ക്രോ ആളുകളെ ത്രസിപ്പിക്കുന്നതിലും വിജയിച്ചു. ന്യൂസിലന്‍ഡിന്റെ സച്ചിന്‍ എന്ന് ക്രോയെ വിശേഷിപ്പിച്ചാല്‍ അതില്‍ അതിശയോക്തി ഉണ്ടാകില്ല.
കുട്ടിക്രിക്കറ്റിന്റെ ഉപജ്ഞാതാവ്
വിരമിച്ച ശേഷം കമന്റേറ്ററായും ഉപദേശകനായും തിളങ്ങിയ മാര്‍ട്ടിന്‍ ക്രോവിന്റെ മനസില്‍ ഉരുത്തിരിഞ്ഞ ആശയമായിരുന്നു മാക്‌സ് ക്രിക്കറ്റ് എന്നത്. 1996ല്‍ ഒരു കമന്ററിക്കായി ഇരിക്കുമ്പോള്‍ അമേരിക്കന്‍ സുഹൃത്തുക്കളാണ് പുതിയ ആശയത്തെക്കുറിച്ച് ക്രോയോടു പറഞ്ഞത്. ക്രിക്കറ്റ് മനോഹരമായ കളിയാണ്. കളര്‍ഫുളാണ് എന്നാല്‍, ഇത്രയും സമയം കാത്തിരിക്കുക ബുദ്ധിമുട്ടാണ്. ഈ അവസ്ഥയിലാണ് പുതിയ രൂപത്തെക്കുറിച്ച് ക്രോ ചിന്തിച്ചത്. അങ്ങനെ മാക്‌സ് ക്രിക്കറ്റ് ഉടലെടുത്തു. മൂന്നു മണിക്കൂര്‍ നീളുന്ന ഒരു ക്രിക്കറ്റ് മത്സരം അതായിരുന്നു അപ്പോള്‍ തന്റെ മനസിലെന്ന് ക്രോ പറയുന്നു.
ന്യൂസിലന്‍ഡില്‍ മാക്‌സ് ടെലിവിഷന്‍ ആരംഭിച്ച മാക്‌സ് ക്രിക്കറ്റിന് ക്രിക്കറ്റുമായുള്ള ബന്ധം രൂപത്തില്‍ മാത്രമായിരുന്നു. നാല് സ്റ്റംപും എട്ട് പന്തുമുള്ള ഓവറുകളും 13 കളിക്കാരും 12 റണ്‍സ് വരെ അടിച്ചെടുക്കാവുന്ന മാക്‌സിമം സോണുമൊക്കെയായി തികച്ചും വ്യത്യസ്തമായ ക്രിക്കറ്റ് രൂപമാണ് മാക്‌സിനായി ക്രോ നിര്‍ദേശിച്ചത്. മാക്‌സ് ക്രിക്കറ്റ് ജനപ്രിയമായി. ഇതോടെയാണ് ക്രിക്കറ്റിന്റെ ചെറുപതിപ്പിനെക്കുറിച്ച് ലോകം ചിന്തിച്ചു തുടങ്ങിയതും ട്വന്റി-20 ക്രിക്കറ്റ് ജനിക്കുന്നതും.
1995ല്‍ ഇന്ത്യക്കെതിരായ പരമ്പരയോടെയാണ് ക്രോ രാജ്യാന്തര മത്സരങ്ങളില്‍നിന്നു വിരമിക്കുന്നത്. 33-ാം വയസിലായിരുന്നു ഇത്. 1995 ഇന്ത്യക്കെതിരായ പരമ്പരയോടെയാണ് രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചത്. രണ്ടു വിവാഹം കഴിച്ചു, രണ്ടാമത്തെ ഭാര്യയായ മുന്‍ വിശ്വസുന്ദരി ലോറെയ്ന്‍ ഡൗണ്‍സിനൊപ്പമായിരുന്നു ക്രോയുടെ ജീവിതം. 2009ലായിരുന്നു ഇരുവരുടെയും വിവാഹം. ആദ്യവിവാഹത്തിലുണ്ടായ എമ്മയാണ് ഏകമകള്‍.
മാര്‍ട്ടിന്‍ ക്രോ
ജനനം: സെപ്റ്റംബര്‍ 22, 1962
മരണം: മാര്‍ച്ച് 3, 201617
17 ടെസ്റ്റ് സെഞ്ചുറികളാണ് ഇന്നലെ അന്തരിച്ച മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോയുടെ പേരിലുള്ളത്. സെഞ്ചുറികളുടെ എണ്ണത്തില്‍ ഇത് ഇപ്പോഴും ന്യൂസിലന്‍ഡ് റിക്കാര്‍ഡാണ്. സെഞ്ചുറി കണക്കില്‍ തൊട്ടുപിന്നിലുള്ളത് രണ്ടു പേരാണ്, 13 സെഞ്ചുറികള്‍ വീതമുള്ള റോസ് ടെയ്‌ലറും കെയ്ന്‍ വില്യംസണും. എട്ടു രാജ്യങ്ങള്‍ക്കെതിരേ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ക്രോ ഏഴുപേര്‍ക്കെതിരേയും സെഞ്ചുറി നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മാത്രമാണ് അദ്ദേഹത്തിനു മൂന്നക്കം കടക്കനാവാതെ പോയത്.
5444
ടെസ്റ്റ് ക്രിക്കറ്റില്‍ ക്രോയുടെ സമ്പാദ്യം. ജോണ്‍ റൈറ്റിന്റെ 5334 റണ്‍സിനെ മറികടന്നു. 1995 ലായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ ടെസ്റ്റ് മത്സരം.
ഒന്നര പതിറ്റാണ്ടു കാലം ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ അദ്ദേഹത്തിന്റെ പേരിലായിരുന്നു. പിന്നീട് സ്റ്റീഫന്‍ ഫ്‌ളെമിംഗും(7172) ബ്രണ്ടന്‍ മക്കല്ലവുമാണ്(6453) അദ്ദേഹത്തെ മറികടന്നിട്ടുള്ളത്.
ക്രോ നിറഞ്ഞുതുളുമ്പി
58.46
കരിയറിന്റെ പകുതിയിലധികം കാലവും അറുപതടുത്ത് ശരാശരി നില നിര്‍ത്തിയ അപൂര്‍വം താരങ്ങളില്‍ ഒരാളാണ് ക്രോ. പത്തു വര്‍ഷം നീണ്ട കരിയറില്‍ ശരാശരിയില്‍ അലന്‍ ബോര്‍ഡര്‍, ഗ്രഹാം ഗൂച്ച്, റിച്ചി റിച്ചാര്‍ഡ്‌സണ്‍ എന്നിവരേക്കാള്‍ മികച്ച ശരാശരിയും അദ്ദേഹത്തിന്റേതായിരുന്നു.
456
1992 ലോകകപ്പിലാണ് ക്രോയുടെ വിശ്വരൂപം ലോകം കണ്ടത.് 456 റണ്‍സാണ് ആ ലോകകപ്പില്‍ അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് ഒഴുകിയത്. ലോകകപ്പ് ചരിത്രത്തിലെ ആദ്യ മാന്‍ ഓഫ് ദ സീരീസ് പുരസ്കാരവും അദ്ദേഹത്തിനായിരുന്നു. ആദ്യ നാലു ലോകകപ്പുകളിലും ഈ പുരസ്കാരം ഏര്‍പ്പെടുത്തിയിരുന്നില്ല. ഈ പുരസ്കാരം നേടുന്ന ആദ്യ ക്യാപ്റ്റനെന്ന പദവിയും ക്രോയ്ക്കു മാത്രമാണ്. നിലവില്‍ ഈ പദവി ക്രോയ്ക്കു മാത്രം അവകാശപ്പെട്ടതാണ്. 400 റണ്‍സിനു മുകളില്‍ ലോകകപ്പ് ക്രിക്കറ്റില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന ശരാശരിയും ക്രോവിന്റേതാണ് (114).
299
ടെസ്റ്റ് ക്രിക്കറ്റില്‍ ക്രോയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 1990 ല്‍ ശ്രീലങ്കയ്‌ക്കെതിരേ. ടെസ്റ്റ് ക്രിക്കറ്റില്‍ 299 റണ്‍സില്‍ പുറത്തായ ഏക ബാറ്റ്‌സ്മാനും മാര്‍ട്ടിന്‍ ക്രോയാണ്. ഡോണ്‍ ബ്രാഡ്മാനും 299 റണ്‍സ് നേടിയിട്ടുണ്ട്. പക്ഷേ, അന്ന് അദ്ദേഹം പുറത്തായിരുന്നില്ല. 299 റണ്‍സെന്ന ഉയര്‍ന്ന സ്‌കോറിന്റെ റിക്കാര്‍ഡ് മറികടക്കാന്‍ 13 വര്‍ഷം വേണ്ടിവന്നു. 2014 ല്‍ ബ്രണ്ടന്‍ മക്കല്ലം ന്യൂസിലന്‍ഡിന്റെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറി നേടി.
467
മാര്‍ട്ടിന്‍ ക്രോ പങ്കാളിയായ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്. ആന്‍ഡ്രൂ ജോണ്‍സും ക്രോയും ചേര്‍ന്നായിരുന്ന ഈ സ്‌കോര്‍ നേടിയത്. ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു ഈ കൂട്ടുകെട്ടിന്റെ മികച്ച പ്രകടനം. ക്രോയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പിറന്നതും ഈ മത്സരത്തില്‍ തന്നെയായിരുന്നു. ഈ കൂട്ടുകെട്ടിനെക്കാള്‍ മികച്ച പ്രകടനം പിന്നീട് രണ്ടു തവണമാത്രമേ ക്രിക്കറ്റ് ലോകം കണ്ടിട്ടുള്ളൂ. 1997 ല്‍ സനത് ജയസൂര്യയും റോഷന്‍ മഹാനാമയും തമ്മിലുള്ള 576 റണ്‍സും 2006ല്‍ മഹേല ജയവര്‍ധനയും കുമാര്‍ സംഗക്കാരയും ചേര്‍ന്നു നേടിയ 624 റണ്‍സിന്റെ കൂട്ടുകെട്ടും.