പിയര്‍ ആകൃതിയിലുള്ള അപൂര്‍വ തരം പിങ്ക് രത്‌നം ലേലത്തില്‍ വിറ്റുപോയത് റിക്കാര്‍ഡ് വിലയ്ക്ക്. ലേലക്കാരായ സത്ബീസ് പുറത്തുവിട്ട കണക്കനുസരിച്ച് രത്‌നം വിറ്റുപോയത് 3.15 കോടി ഡോളറിനാണ് (ഏകദേശം 210 കോടി രൂപ). 15.38 കാരറ്റ് ഭാരമുള്ള രത്‌നം ഒരു മോതിരത്തില്‍ ഉറപ്പിച്ചിരിക്കുകയാണ്. ലേലത്തില്‍ വാങ്ങിയത് ഏഷ്യയില്‍നിന്നുള്ള ആളാണ്. സുരക്ഷാഭീഷണിയുള്ളതിനാല്‍ വാങ്ങിയ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ സത്ബീസ് പുറത്തുവിട്ടിട്ടില്ല. ഫോണ്‍വഴിയാണ് ലേലം ഉറപ്പിച്ചത്.
നിരവധി അപൂര്‍വ വസ്തുക്കള്‍ ലേലത്തിനെത്തുന്ന ജെനീവയിലെ ലേലപ്പുരയിലെ താരമായിരുന്നു ഈ കുട്ടിരത്‌നം. 2.8 കോടി ഡോളറിനും 3.8 കോടി ഡോളറിനും ഇടയില്‍ വില ലഭിക്കുമെന്നായിരുന്നു നേരത്തെ വിലയിരുത്തിയിരുന്നത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഈ ഇനത്തില്‍പ്പെട്ട രത്‌നം ലേലത്തില്‍ വിറ്റിരുന്നു. 16.08 കാരറ്റ് തൂക്കമുള്ള രത്‌നത്തിന് 2.85 കോടി ഡോളര്‍ (190 കോടി രൂപ) ആയിരുന്നു അന്ന് ലഭിച്ചത്.