ന്യൂഡല്‍ഹി: പോലീസ് നോക്കിനില്‍ക്കേ പട്യാല ഹൗസ് കോടതിക്കുള്ളില്‍വച്ച് അഭിഭാഷകര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും വിവസ്ത്രനാക്കിയെന്നും രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ഥി കനയ്യ കുമാറിന്റെ വെളിപ്പെടുത്തല്‍. ഫെബ്രുവരി ഏഴിന് കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സംഭവം. സ്കാനിംഗ് മെഷീന് അടുത്തെത്തിയപ്പോള്‍ അവര്‍ തല്ലിതാഴെയിട്ടെന്നും കനയ്യ കുമാര്‍ പറഞ്ഞു.
അവന് എത്തിയെന്ന ആക്രോശത്തോടെ കാത്തുനിന്ന അഭിഭാഷകര്‍ തന്റെ നേര പാഞ്ഞടുത്തു. കോടതി വളപ്പില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു. അവിടെനിന്ന് ഉള്ളില്കടന്നപ്പോഴാണ് ആക്രമണം ഉണ്ടായത്. തന്നെ ആക്രമിച്ചവരെ തിരിച്ചറിഞ്ഞെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും കനയ്യ കുമാര്‍ പറഞ്ഞു.
അഭിഭാഷക കോട്ടണിഞ്ഞ കറുത്ത കണ്ണടവച്ച ഒരാളാണ് കനയ്യയെ ക്രൂരമായി ആക്രമിച്ചത്. അയാളെ തടഞ്ഞുനിര്‍ത്താന്‍ കനയ്യ ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍, അതിന് ആരും തുനിഞ്ഞില്ല. അയാള്‍ എങ്ങനെ അകത്തുകടന്നെന്നോ പുറത്തേക്കുപോയെന്നോ ആര്‍ക്കും അറിയില്ലെന്നത് ദുരൂഹമാണെന്നും കനയ്യയുടെ വക്കീല്‍ വൃന്ദ ഗ്രോവര്‍ പറഞ്ഞു. കനയ്യ കുമാറിനെ മര്‍ദ്ദിച്ച് മൂത്രമൊഴിപ്പിച്ചെന്ന് അഭിഭാഷകര്‍ അവകാശപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇതാദ്യമായാണ് കനയ്യ കുമാര്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നതും പ്രതികരിക്കുന്നതും.