വിവാദപ്രസംഗം: പി.ജയരാജനെതിരേ കേസില്ല; ആരും പരാതിയും നല്‍കിയിട്ടില്ല; കേസെടുക്കാന്‍ തക്ക പരാര്‍ശങ്ങളൊന്നുമില്ലെന്നും കേസെടുത്താല്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നും പോലീസ്

Jayarajanഎം.ജെ ശ്രീജിത്ത്

തിരുവനന്തപുരം: പി ജയരാജന്റെ മാറനല്ലൂരിലെ വിവാദ പ്രസംഗത്തെക്കുറിച്ച് കേസെടുക്കേണ്ടതില്ലെന്ന് പോലീസ്.   വിവാദ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് പോലീസ് ശേഖരിച്ചിരുന്നു. ഇതു മുതിര്‍ന്ന പോലീസ് ഉദ്യേഗസ്ഥരടക്കം വിശദമായി പരിശോധിച്ചിരുന്നു. ഇതില്‍ കേസെടുക്കാന്‍ തക്ക പരാര്‍ശങ്ങളൊന്നുമില്ലെന്നും കേസെടുത്താല്‍ കോടതിയില്‍  നിലനില്‍ക്കില്ലെന്നും കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കുമെന്നും മനസിലായതിനെ തുടര്‍ന്നാണ് കേസെടുക്കേണ്ടെന്ന തീരുമാനത്തിലേയ്ക്ക് പോലീസ് എത്തി നില്‍ക്കുന്നത്.

ഇതു കൂടാതെ ജയരാജന്റെ പ്രസംഗത്തിനെതിരെ ആരും പരാതിയും നല്‍കിയിട്ടില്ല. പരാതി നല്‍കാത്ത സാഹചര്യത്തില്‍ സ്വമേധയ പോലീസ് കേസെടുത്താല്‍ അതു നിലനിന്നില്ലെങ്കില്‍ പോലീസിന് വിമര്‍ശനമേല്‍ക്കേണ്ടി വരും. ഇതെല്ലാം വിശദമായി പരിശോധിച്ച സാഹചര്യത്തിലാണ് കേസെടുക്കേണ്ടെന്ന നിലപാടിലേയ്ക്ക് പോലീസ് എത്തിയിരിക്കുന്നത്. ഇതേക്കുറിച്ച് നിയമോപദേശവും പോലീസ് തേടിയിരുന്നു. കേസ് നിലനില്‍ക്കില്ലെന്ന ഉപദേശമാണ് നിയമവിദഗ്ദരും പോലീസിന് നല്‍കിയിരിക്കുന്നത്.

സി.പി.എം അങ്ങോട്ട് ഒരക്രമത്തിലും മുന്‍കൈ എടുക്കാറില്ല. പക്ഷെ ഇങ്ങോട്ടു നിരന്തരം വന്നു കൊണ്ടിരുന്നാലോ  കടമിങ്ങനെ വന്നുകൊണ്ടിരുന്നാല്‍ ചിലപ്പോള്‍ കടം തിരിച്ചുകൊടുക്കും അതേ നടന്നിട്ടുള്ളു എന്നിങ്ങനെയായിരുന്നു കാട്ടാക്കട നിയോജക മണ്ഡലം സ്ഥാനാര്‍ഥി ഐബി സതീഷിന്റെ തെരഞ്ഞെടുപ്പ് പ്രചരാണാര്‍ഥം മാറന്നല്ലൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പി ജയരാജന്‍   പ്രസംഗിച്ചത്.

ജയരാജന്റെ പ്രസംഗം പൂര്‍ണമായി പരിശോധിച്ച ശേഷം കേസെടുക്കണമോ വേണ്ടയോ  എന്നു തീരുമാനിക്കുമെന്ന്് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്ന് വ്യക്തമാക്കിയിരുന്നു. ജയരാജന്റെ വിവാദ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യം  പല കോണുകളില്‍ ഉയര്‍ന്നിരുന്നു.

Related posts