കോഴിക്കോട്: ഗുരുവായൂരപ്പന് കോളജ് വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ കോളജ് മാഗസിന് “വിശ്വവിഖ്യാതമായ തെറി’ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ദളിത്, സ്ത്രീ, ന്യൂനപക്ഷം, ഭിന്ന ലൈംഗികത, പരിസ്ഥിതി, സര്‍ഗാത്മകത, പ്രണയം എന്നീ വിഷയങ്ങളെ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്ന മാഗസിന് രൂപകല്‍പ്പനയിലും ഉള്ളടക്കത്തിലും ഏറെ പുതുമപുലര്ത്തുന്നുണ്ട്.
മാര്‍ച്ച് 28ന് പുറത്തിറക്കിയ മാഗസിന്റെ പ്രകാശനച്ചടങ്ങും വളരെ വ്യത്യസ്തമായിരുന്നു. പതിവുപോലെ എഴുത്തുകാരെ സെലിബ്രിറ്റികളോ ആയിരുന്നില്ല അത് നിര്‍വഹിച്ചത്. കോളജ് കാന്റീനില്‍ കഴിഞ്ഞ 31 വര്‍ഷമായി ഭക്ഷണം വിളമ്പുന്ന വിദ്യാര്‍ഥികളുടെ സ്വന്തം രാധേച്ചിയില്നിന്ന് കാമ്പസിലെ ബുദ്ധപ്രതിമയ്ക്കുമുമ്പില് വിദ്യാര്‍ഥിക്കൂട്ടായ്മയെ സാക്ഷിയാക്കിമാഗസിന് എഡിറ്റര്‍ ശ്രീഷമീം ഏറ്റുവാങ്ങുകയായിരുന്നു.
പുറത്തിറങ്ങിയ അന്നുമുതല്‍ കോളജിലെ തന്നെ ഒരു വലിയവിഭാഗം അധ്യാപകരും ചില വിദ്യാര്‍ഥി സംഘടനകളും മാഗസിനെതിരെ പ്രതിഷേധം ഉയര്‍ത്തുകയാണ്. എബിവിപിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം വിദ്യാര്‍ഥികളെ കാമ്പസിനുള്ളില്‍ മാഗസിന്റെ കോപ്പികള്‍ കത്തിച്ചു പ്രതിഷേധിച്ചു.
കവര്‍ പേജ് ഡിസൈന്‍ ചെയ്തിരിക്കുന്നതിലെ പുതുമ മാഗസിന്റെ ഓരോ പേജിലെ ഉള്ളടക്കത്തിലും അതിന്റെ രൂപകല്‍പ്പനയിലും നിലനിര്‍ത്തിയിട്ടുണ്ട്. മാഗസിന്റെ തുടക്കത്തില്‍ കൊടുത്തിരിക്കുന്ന പ്രതിജ്ഞ കോളജിന്റെ മാനേജ്മെന്റ്തലത്തിലും നിലവില്‍ രാജ്യത്തു തന്നെയും നിലനില്‍ക്കുന്ന അരാഷ്ട്രീയ-പിന്തിരിപ്പന് നിലപാടുകളെ ആക്ഷേപഹാസ്യരൂപത്തില് നിശിതമായി വിമര്‍ശിക്കുകയും ഒപ്പം പരിഹസിക്കുകയും ചെയ്യുന്നു.
ഫേസ്ബുക്കില്‍ വൈറലായ മാഗസിന് ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. മാഗസിന്റെ കോപ്പികള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി കമന്റുകള്‍ ഫേസ് ബുക്കില്‍ നിറയുകയാണ്. കോപ്പികള്‍ ആവശ്യപ്പെട്ട് സാമൂഹിക സാംസ്കാരികരംഗത്തെ പ്രമുഖരടക്കം തന്നെ ബന്ധപ്പെടുന്നുണ്ടെന്ന് മാഗസിന് എഡിറ്റര്‍ ശ്രീഷമീം പറയുന്നു. മാഗസിനു പിന്നില്‍ പ്രവര്‍ത്തിച്ച താനടക്കമുള്ള വിദ്യാര്‍ഥികളെ ഒരു വിഭാഗം അധ്യാപകര്‍ അരാജകവാദികള് എന്നു വിളിച്ച് അധിക്ഷേപിക്കുന്നതായി ശ്രീഷമീം പറഞ്ഞു. എന്നാല്‍ പുതിയ ചിന്തകളെ പ്രോത്സാഹിക്കുന്ന ഏതാനും ചില അധ്യാപകര്‍ തങ്ങളെ ഉദ്യമത്തിന് പ്രോത്സാഹനവുമായി ഒപ്പമുണ്ടെന്നും ശ്രീഷമീം രാഷ്ട്രദീപികയോട് പറഞ്ഞു.