ആലുവ: കോടതി മുറിയില്‍ താത്കാലിക ജീവനക്കാരിയെ ബെഞ്ച് ക്ലര്‍ക്ക് പീഡിപ്പിച്ച കേസില്‍ വ്യക്തത വരുത്താനാകാതെ പോലീസ്. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ ബെഞ്ച് ക്ലര്‍ക്ക് കാലടി പൊതിയക്കര അച്ചാണ്ടി വീട്ടില്‍ മാര്‍ട്ടി(44)നെയാണ് ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്നാല്‍, പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന സംഭവങ്ങള്‍ കോടതി മുറിയില്‍ വച്ച് നടന്നതായി വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് ജീവനക്കാരും അഭിഭാഷകരും പറയുന്നത്.
ഏപ്രില്‍ അവസാനവും മെയ് ആദ്യത്തിലും പലതവണ പീഡിപ്പിച്ചതായി കാണിച്ച് കോടതിയിലെ തന്നെ താല്‍ക്കാലിക ജീവനക്കാരിയായ യുവതിയുടെ ബന്ധുക്കളാണ് പരാതി നല്‍കിയത്. പീഡനത്തെ തുടര്‍ന്ന് മാനസികനില തകരാറിലാകുകയും ഇതിന്റെ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്.
കോടതി നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് കോര്‍ട്ട് ഹാളിലും ബാത്ത്‌റൂമിലുമായി പലതവണ പീഡിപ്പിച്ചുവെന്നാണ് ആരോപണം. ബെഞ്ച് ക്ലര്‍ക്കിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മുന്നോടിയായുള്ള മൊഴിയെടുക്കല്‍ പൂര്‍ത്തിയായതായി പ്രിന്‍സിപ്പല്‍ എസ്‌ഐ ഹണി കെ. ദാസ് രാഷ്ട്രദീപികയോട് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ സത്യമുണ്ടെന്ന് ബോധ്യമായതായി അന്വേഷണ ചുമതലയുള്ള സിഐ ടി.ബി വിജയന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
അതേസമയം ആലുവ കോടതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാരും ഈ പീഡനപരാതിയില്‍ വിശ്വസിച്ചിട്ടില്ല. സാധാരണ നിലയില്‍ രാവിലെ 7.45 ഓടെ സ്ലീപ്പറാണ് കോടതി മുറികള്‍ തുറക്കുന്നത്. ഒന്‍പതു മണിയോടെ കോടതി ജീവനക്കാരും 9.30 ഓടെ അഭിഭാഷകരും എത്താറാണ് പതിവ്. ആരോപണ വിധേയനായ മാര്‍ട്ടിനും ഏതാനും ഒമ്പതരയോടെയാണ് കോടതിയില്‍ എത്തിയിരുന്നതെന്ന് സഹപ്രവര്‍ത്ത്കരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ സമയങ്ങളില്‍ കോടതി ഹാൡല്‍ പരസ്യമായ പീഡനം നടക്കുകയെന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് മറ്റു ജീവനക്കാരുടെ അഭിപ്രായം.
എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തതിനാല്‍ പ്രതി മാര്‍ട്ടിനെ സര്‍വീസില്‍ നിന്നും സി.ജെ.എം. സസ്‌പെന്റ് ചെയ്തതായിട്ടാണ് വിവരം. പാരലല്‍ കോളജ് അധ്യാപകനായ മാര്‍ട്ടിന്‍ ഏഴു വര്‍ഷം മുന്‍പാണ് സര്‍വീസില്‍ കയറിയത്. കാലടി കോടതിയില്‍ നിന്നും ആറുമാസം മുന്‍പ് സ്ഥലം മാറിയാണ് ആലുവയിലെത്തിയത്. യുവതിയുടെ പരാതി പ്രകാരം ഇയാളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ ശേഷം പോലീസ് കേസെടുക്കുകയായിരുന്നു. യുവതിയെ ചികിത്സിച്ച ഡോക്ടറില്‍ നിന്നടക്കം വിശദമായ മൊഴിയെടുത്തശേഷം കേസിലെ തുടര്‍ നടപടികള്‍ ഇന്നു തന്നെ ഉണ്ടാകുമെന്നാണ് സിഐ ടി.ബി വിജയന്‍ അറിയിച്ചു.