വിഷുക്കൈനീട്ടമായി ജ്യോതിയുടെ സ്‌നേഹവീടുകളൊരുങ്ങുന്നു

TCR-HOUSEതൃശൂര്‍: നിര്‍ധന മത്സ്യ തൊഴിലാളികള്‍ക്കു ജ്യോതി ലബോട്ടറീസിന്റെ വിഷുക്കൈനീട്ടമായി സ്‌നേഹ വീടുകള്‍ ഒരുങ്ങി. രണ്ടു കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, വരാന്ത, ശുചിമുറി എന്നിവയോടെ 27 വീടുകളാണു ജ്യോതി ലബോറട്ടറീസ് നേതൃത്വം മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മിച്ചു നല്‍കുന്നത്. വീടുകളുടെ താക്കോല്‍ വിതരണം 12നു വൈകീട്ട് ആറിനു തളിക്കുളം സ്‌നേഹതീരം ബീച്ചില്‍ നടക്കും. ജ്യോതി ലബോറട്ടറീസ് സിഎംഡി എം.പി. രാമചന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ താക്കോല്‍ദാനം നിര്‍വഹിക്കും.

കോണ്‍ക്രീറ്റ് ചെയ്ത ഓരോ വീടിനും 506 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. ഏഴുലക്ഷത്തോളം രൂപയാണു വീടൊന്നിന്റെ നിര്‍മാണ ചെലവ്. പ്രത്യേക പരിശീലനം നല്‍കിയ തൊഴിലാളികള്‍ ഗുണമേന്മ ഉറപ്പാക്കിയാണു വീടുകള്‍ നിര്‍മിച്ചിട്ടുള്ളതെന്നു ജ്യോതി ലബോറട്ടറീസ് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ എം.പി. രാമചന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉജാല നിര്‍മാതാക്കളായ ജ്യോതി ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ്, മാക്‌സൊ, എക്‌സൊ, ഹെന്‍കോ, പ്രില്‍, മാര്‍ഗോ നീം, ഫാ, മിസ്റ്റര്‍ വൈറ്റ്, ചെക്ക് തുടങ്ങിയ പ്രശസ്തമായ പത്ത് ബ്രാന്‍ഡുകളുടെ ഉടമയാണ്. വിശ്വാസ്യതകൊണ്ടു മാര്‍ക്കറ്റില്‍ വ്യത്യസ്ഥരാകുന്ന ജ്യോതി ലബോറട്ടറീസ് സാമൂഹിക പ്രതിബദ്ധതയുടെ കാര്യത്തിലും വ്യത്യസ്ഥരാണ്.

കഴിഞ്ഞവര്‍ഷങ്ങളില്‍ ജില്ലയില്‍ 32 സര്‍ക്കാര്‍ സ്കൂളുകളിലായി ആധുനിക രീതിയിലുള്ള ഇരുന്നൂറ്റി മുപ്പതോളം ശുചിമുറികള്‍ ജ്യോതി ലബോറട്ടറീസ് നിര്‍മിച്ചു നല്‍കിയിരുന്നു. ùവരന്തരപ്പിള്ളി പഞ്ചായത്തിലെ ആദിവാസികള്‍ക്കും പാവപ്പെട്ടവര്‍ക്കുമായി ഇരുപതോളം വീടുകളും കമ്പനി നിര്‍മിച്ചു നല്‍കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നു മാനേജ്‌മെന്റ് പറയുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ജില്ലാ കളക്ടര്‍ വി. രതീശന്‍, റൂറല്‍ എസ്പി കെ.കാര്‍ത്തിക് എന്നിവര്‍ താക്കോല്‍ദാന ചടങ്ങില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ജ്യോതി ലബോറട്ടറീസ് ജെഎംഡി ഉല്ലാസ് കാമത്ത്, കേരള മാനുഫാക്ടറിംഗ് ഹെഡ് എംപി ദിവാകരന്‍, തമിഴ്‌നാട് ആന്‍ഡ് പോണ്ടിച്ചേരി മാനുഫാക്ടറിംഗ് ഹെഡ് എം.പി. സിദ്ധാര്‍ഥന്‍, സോണല്‍ മാനേജര്‍ സമദ്കുമാര്‍ എന്നിവരും പങ്കെടുക്കും. പിന്നണി ഗായകന്‍ ജി.വേണുഗോപാലിന്റെ നേതൃത്വത്തിലോരുക്കുന്ന സംഗീതനിശ ചടങ്ങിനു നിറംപകരും. സഹോദരന്‍ എം.പി. ദിവാകരനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു പദ്ധതികള്‍ വിശദീകരിച്ചു.

Related posts