പത്തനംതിട്ട: ആറന്മുള നിയമസഭ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മാധ്യമ പ്രവര്‍ത്തക വീണ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം സിപിഎം കേന്ദ്രങ്ങള്‍ ഉറപ്പിച്ചു പറയുമ്പോഴും പാര്‍ട്ടി ഘടകങ്ങളിലും പ്രവര്‍ത്തകരിലും എതിര്‍പ്രചാരണങ്ങള്‍ ശക്തമാകുന്നു. നോട്ടീസുകളും പോസ്റ്ററുകളുമായി വീണയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുകയാണ് ഒരുവിഭാഗം. എന്നാല്‍ യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാത്തതാണ് ഇത്തരം പ്രചാരണങ്ങളെന്ന വിശദീകരണവുമായി സിപിഎം ജില്ലാ നേതൃത്വവും രംഗത്തെത്തി.
വീണ ജോര്‍ജിന്റെ സ്ഥാനാര്ഥിത്വത്തിനു പിന്നിലെ ഇടപെടലുകള്‍ ആരോപിക്കുന്ന നോട്ടീസുകള്‍ ഇന്നലെ മണ്ഡലത്തില്‍ വ്യാപകമായി പ്രചരിപ്പിച്ചു. ചില ഇടതുനേതാക്കളുടെ പിന്തുണയോടെ നടത്തിയിട്ടുള്ള സ്ഥാനാര്‍ഥിനിര്‍ണയത്തിനു പിന്നില്‍ അഴിമതിയും ഇവര്‍ ആരോപിക്കുന്നു. പാര്‍ട്ടി നേതാക്കള്‍ക്കു സീറ്റ് നിഷേധിച്ച് കെട്ടി ഇറക്ക് സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്നും സേവ എല്‍ഡിഎഫ് ഫോറത്തിന്റെ പേരിലുള്ള നോട്ടീസില്‍ പറയുന്നു.
സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെയുള്ള പോസ്റ്ററുകള്‍ ഇന്നലെയും പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടു. അണികള്‍ക്കിടയിലെ അമര്‍ഷവും ആക്ഷേപങ്ങളും ശക്തമാകുമ്പോള്‍ വീണ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു നടപ്പാക്കാന്‍ നേതൃത്വം രംഗത്തുണ്ട്. ജില്ലാ കമ്മിറ്റിയും നിയോജകമണ്ഡലം കമ്മിറ്റിയും വീണയുടെ സ്ഥാനാര്‍ഥിത്വം ഒരുഘട്ടത്തിലും എതിര്‍ത്തിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു.