വീണ്ടും സുവാരസ്, ബാഴ്‌സ വിജയവഴിയില്‍

sp-suvarasബാഴ്‌സലോണ: സ്പാനിഷ് ലാ ലിഗയില്‍ റയലിനോടേറ്റ പരാജയത്തില്‍നിന്നു കരകയറി ബാഴ്‌സലോണ. ചാമ്പ്യന്‍സ് ലീഗില്‍ അവസാന ഒരു മണിക്കൂറും 10 പേരുമായി കളിച്ച അത്‌ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരേ രണ്ടു ഗോളിനു പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ആദ്യപാദ ക്വാര്‍ട്ടറില്‍ ബാഴ്‌സലോണ ജയമാഘോഷിച്ചു. ബാഴ്‌സയുട തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിനു പിന്നിട്ടു നിന്ന ശേഷം ഉറുഗ്വെന്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് നേടിയ ഇരട്ട ഗോളിനാണ് ബാഴ്‌സ തടിതപ്പിയത്.

കളിയുടെ 35-ാം മിനിറ്റില്‍ തുടര്‍ച്ചയായ രണ്ടാം മഞ്ഞക്കാര്‍ഡും നേടിയ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സ്പാനിഷ് സ്‌ട്രൈക്കര്‍ ഫെര്‍ണാണേ്ടാ ടോറസ് ചുവപ്പുകാര്‍ഡുമായി പുറത്തായി. പിന്നീട് 10 പേരിലേക്കു ചുരുങ്ങിയ അത്‌ലറ്റിക്കോ രണ്ടാം പകുതിയുടെ പകുതി വരെ പിടിച്ചുനിന്നെങ്കിലും 63, 74 മിനിറ്റുകളില്‍ സുവാരസ് നേടിയ ഗോളില്‍ ബാഴ്‌സ വിജയിക്കുകയായിരുന്നു. ടോറസിലൂടെ 25-ാം മിനിറ്റില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ആദ്യം മുന്നിലെത്തിയിരുന്നു. ടോറസിനെതിരായ ഫൗള്‍ വിളിച്ച റഫറിക്കെതിരേ അത്‌ലറ്റിക്കോ മാഡ്രിഡ് ആരാധകരും ടീം അധികൃതരും ആരോപണങ്ങളുമായി രംഗത്തെത്തിയതു വിവാദമായി.

സ്വന്തം തട്ടകമായ ന്യൂകാമ്പില്‍ അത്‌ലറ്റിക്കോയോ വേഗത്തില്‍ തളയ്ക്കാമെന്ന മോഹവുമായി ഇറങ്ങിയ ബാഴ്‌സലോണയ്ക്ക് പക്ഷേ, കാര്യങ്ങള്‍ അത്രയെളുപ്പമായില്ല എന്നു മാത്രമല്ല, അത്‌ലറ്റിക്കോ താരങ്ങള്‍ ബാഴ്‌സയുടെ ഗോള്‍മുഖം നിരന്തരം വിറപ്പിക്കുകയും ചെയ്തു. ബാഴ്‌സയുടെ കിരീടം വയ്ക്കാത്ത രാജാക്കന്മാരായ ലയണല്‍ മെസി, സുവാരസ്, നെയ്മര്‍ ത്രയത്തിനെ നിലയ്ക്കു നിര്‍ത്താനും അത്‌ലറ്റിക്കോ പ്രതിരോധത്തിനായി. കളിയുടെ അഞ്ചാം മിനിറ്റില്‍ത്തന്നെ മികച്ച അവസരം മെസി പാഴാക്കി. നെയ്മര്‍ നല്‍കിയ മികച്ച പാസ് മെസി പുറത്തേക്കാണ് അടിച്ചുവിട്ടത്. 13-ാം മിനിറ്റിലും മെസി അവസരം പാഴാക്കി.

ഷോര്‍ഡി ആല്‍ബയുടെ മികച്ച ക്രോസാണ് മെസി പാഴാക്കിയത്. 17-ാം മിനിറ്റിലാണ് അത്‌ലറ്റിക്കോയ്ക്ക് ആദ്യഅവസരം ലഭിക്കുന്നത്. കൊക്കെയുടെ പാസില്‍ യാന്നിക് കറാസ്‌കോയുടെ ഉശിരന്‍ അടി ബാഴ്‌സ പ്രതിരോധത്തില്‍തട്ടി തകര്‍ന്നു. 19ാം മിനിറ്റിലായിരുന്നു ബാഴ്‌സ്ക്ക് ഏറ്റവും മികച്ച അവസരം ലഭിച്ചത്. നെയ്മര്‍ക്കു ലഭിച്ച തുറന്ന ഹെഡര്‍ പോസ്റ്റിന്റെ ടോപ് ബാറില്‍ തൊട്ടുതൊട്ടില്ല എന്ന കണക്കേ പുറത്തേക്കു പോയി. ഇതിനിടെ, അപ്രതീക്ഷിതമായിരുന്നു ന്യൂകാമ്പിന്റെ നെഞ്ചു തകര്‍ത്തുകൊണ്ട് ടോറസിന്റെ ഗോള്‍ പിറന്നത്.

മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ കൊക്കെ കൊടുത്ത ത്രൂ ബോളില്‍ ടോറസിന്റെ അത്യുഗ്രന്‍ ഷോട്ട്. ബാഴ്‌സ ഗോളി സ്റ്റെഗന്റെ കാലുകള്‍ക്കിടയിലൂടെ പന്ത് വലയുടെ മധ്യത്തില്‍. സ്റ്റേഡിയം തരിച്ചുപോയ നിമിഷം. തൊട്ടുപിന്നാലെ മെസിയുടെ തകര്‍പ്പന്‍ ഷോട്ട് അത്‌ലറ്റിക്കോ പ്രതിരോധത്തില്‍തട്ടി തകര്‍ന്നു. ഒന്നാം പകുതിയില്‍ നിരവധി മുന്നേറ്റങ്ങളുണ്ടായെങ്കിലും ഇരുടീമിനും അവയൊന്നും ഗോളാക്കി മാറ്റാനായില്ല. 41-ാം മിനിറ്റില്‍ ഹാവിയര്‍ മസ്കരാനോയുടെയും 45-ാം മിനിറ്റില്‍ നെയ്മറുടെയും ഉശിരന്‍ ഷോട്ടുകള്‍ അത്‌ലറ്റിക്കോ പ്രതിരോധം തകര്‍ത്തു. രണ്ടാം പകുതിയില്‍ ബാഴ്‌സ കൂടുതല്‍ ഒത്തിണക്കം കാണിച്ചതോടെ 10 പേരുമായി ചുരുങ്ങിയ അത്‌ലറ്റിക്കോ വിറച്ചു.

49-ാം മിനിറ്റില്‍തന്നെ മെസിയിലൂടെ ബാഴ്‌സ ലീഡ് എടുക്കേണ്ടതായിരുന്നു. നെയ്മറുടെ പാസില്‍ മെസിയുടെ ഷോട്ട് പുറത്തേക്കാണു പോയത്. 51-ാം മിനിറ്റില്‍ നിര്‍ഭാഗ്യം കൊണ്ട് നെയ്മര്‍ക്കു ഗോള്‍ നേടാനായില്ല. ആന്ദ്രെ ഇനിയെസ്റ്റയുടെ പാസില്‍നിന്ന് നെയ്മര്‍ തൊടുത്ത ഷോട്ട് ക്രോസ്ബാറില്‍തട്ടി തെറിച്ചു. 55-ാം മിനിറ്റില്‍ വീണ്ടും നെയ്മറുടെ ഹെഡര്‍, റാക്കിറ്റിച്ചിന്റെ പാസ്. പക്ഷേ, ഗോളകന്നുനിന്നു. 56-ാം മിനിറ്റില്‍ മെസിയും നെയ്മറും തൊടുത്ത ഷോട്ടുകള്‍ ഗോളി തടഞ്ഞു.

നെയ്മറും മെസിയും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയപ്പോള്‍ ന്യൂകാമ്പില്‍ സുവാരസ് രക്ഷകനായി അവതരിച്ചു, 11 മിനിറ്റിനുള്ളില്‍ രണ്ടു ഗോളുകള്‍ നേടിക്കൊണ്ട്. ഷോര്‍ഡി ആല്‍ബയുടെ ഇടതുവിംഗ് പാസ് സ്വീകരിച്ച സുവാരസ് പന്ത് വലയുടെ നടുവിലേക്കു പായിച്ചു, 63-ാം മിനിറ്റില്‍ ബാഴ്‌സയ്ക്കു സമനില. 53-ാം മിനിറ്റില്‍ ഇവാന്‍ റാക്കിറ്റിച്ചിനെ മാറ്റി റഫീഞ്ഞയെ ബാഴ്‌സ ഇറക്കി.

ഡാനി ആല്‍വ്‌സിന്റെ പാസില്‍നിന്നാണ് സുവാരസ് തന്റെ രണ്ടാം ഗോളും ബാഴ്‌സയ്ക്കു വിജയവും സ്വന്തമാക്കിയത്. കളിയുടെ അവസാനമിനിറ്റുകളില്‍ സമനിലയ്ക്കായി അത്‌ലറ്റിക്കോ മാഡ്രിഡ് പോരാടിയെങ്കിലും ഗോളകന്നുനിന്നു. എങ്കിലും സ്വന്തം തട്ടകത്തില്‍ നടക്കുന്ന രണ്ടാംപാദത്തില്‍ അത്‌ലറ്റിക്കോയ്ക്ക് എവേ ഗോള്‍ മേല്‍ക്കോയ്മയുണ്ട്. അവിടെ 1-0നു ജയിക്കാനായാല്‍ അത്‌ലറ്റിക്കോയ്ക്കു സെമിയിലെത്താം.

വിദാലില്‍ തൂങ്ങി ബയേണ്‍

അപ്രതീക്ഷിതമായിരുന്നു വിദാലിന്റെ ആ ഗോള്‍ അല്ലെങ്കില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ തടഞ്ഞുനിര്‍ത്താന്‍ ബന്‍ഫിക്കയ്ക്കായേനെ. ചാ മ്പ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടറില്‍ എവേ മത്സരത്തിനെത്തിയ ബന്‍ഫിക്കയ്ക്ക് പരാജയം. ഏകപക്ഷീയമായ ഒരു ഗോളിന് ബയേണ്‍ മ്യൂണിക്കാണ് ബന്‍ഫിക്കയെ പരാജയപ്പെടുത്തിയത്. രണ്ടാം മിനിറ്റില്‍ ചിലിയന്‍ മധ്യനിര താരം അര്‍തുറോ വിദാല്‍ നേടിയ ഗോളില്‍ കടിച്ചു തൂങ്ങുകയായിരുന്നു ബയേണ്‍. എതിരാളികളെ വിറപ്പിച്ച ശേഷമാണ് ബന്‍ഫിക്ക കീഴടക്കിയത്.

കളിയുടെ ആദ്യമിനിറ്റില്‍ത്തന്നെ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്കിക്കു ലഭിച്ച ഫ്രീകിക്ക് ലഭിച്ചു. തൊട്ടുത്ത മിനിറ്റില്‍ ബയേണ്‍ വെടിപൊട്ടിച്ചു. യുവാന്‍ ബെര്‍നെറ്റിന്റെ മികച്ച പാസില്‍ വിദാല്‍ ഹെഡറിലൂടെ ബെന്‍ഫിക്ക വല ചലിപ്പിച്ചു. ഗോള്‍ വീണതോടെ ബെന്‍ഫിക്ക ഒന്ന് അമ്പരന്നെങ്കിലും അവര്‍ പിടിച്ചുനിന്നു.ലെവന്‍ഡോവ്‌സ്കിയും മ്യൂളറും വിദാലുമൊക്കെയടങ്ങിയ ബയേണിനെ തടഞ്ഞുനിര്‍ത്താന്‍ അവര്‍ക്കായി. റിബറയടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ ഷോട്ടുകള്‍ ബെന്‍ഫിക്ക പ്രതിരോധത്തില്‍തട്ടി തകര്‍ന്നു.

Related posts