“വൃക്കകളെ സംരക്ഷിച്ചാല്‍, അവ നിങ്ങളെ സംരക്ഷിക്കും’

kidneyമാര്‍ച്ച് 10- ലോക വൃക്കദിനം

നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കളും വിഷാംശമുള്ള ഘടകങ്ങളും ശരീരത്തില്‍നിന്നും പുറന്തള്ളി, നമ്മുടെ ശരീരത്തെ ശുദ്ധവും ആരോഗ്യപ്രദവും ആക്കിത്തീര്‍ക്കുന്ന വളരെ സുപ്രധാനങ്ങളായ അവയവങ്ങളാണ് വൃക്കകള്‍. ശരീരത്തില്‍നിന്നു വിഷാംശങ്ങള്‍ നീക്കുകയാണ് അവയുടെ പ്രഥമമായ കര്‍ത്തവ്യം, കൂടാതെ, രക്തസമ്മര്‍ദം നിയന്ത്രിക്കുക, ശരീരത്തിലെ ദ്രാവകാംശത്തിന്റെയും ഇലക്‌ട്രോലൈറ്റുകളുടെയും അളവ് നിയന്ത്രിക്കുക എന്നീ നിര്‍ണായകങ്ങളായ ജോലികളും നിര്‍വഹിക്കുന്നതു വൃക്കകളാണ്.

പയര്‍മണികളുടെ ആകൃതിയിലുള്ള രണ്ട് അവയവങ്ങളാണ് വൃക്കകള്‍. വയറിന്റെ പിന്‍വശത്ത്, അല്പം മുകളിലായി, നട്ടെല്ലിന് ഇരുവശങ്ങളിലുമായിട്ടാണ് അവയുടെ സ്ഥാനം. താഴത്തെ വാരിയെല്ലുകള്‍, കേടൊന്നും പറ്റാതെ, അവയെ സംരക്ഷിക്കുന്നു. വയറിന്റെ ഉള്ളില്‍ ആഴത്തില്‍ സ്ഥിതിചെയ്യുന്നതിനാല്‍, സാധാരണനിലയില്‍, നമുക്കവയെ സ്പര്‍ശിച്ചറിയാന്‍ സാധിക്കില്ല. പ്രായപൂര്‍ത്തിയായവരില്‍, ഒരു വൃക്ക ഏകദേശം 10. സെ.മീ. നീളവും, 6 സെ.മീ. കനവും ഉള്ളതായിരിക്കും. ഓരോ വൃക്കയ്ക്കും ഉദ്ദേശം 150, 170 ഗ്രാം തൂക്കമുണ്ടാകും. വൃക്കകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മൂത്രം, താഴെയുള്ള മൂത്രസഞ്ചിയിലേക്ക് ഒഴുകി, അവിടെ മൂത്രം ഒരു ജലസംഭരണിപോലെ ശേഖരിക്കപ്പെടുന്നു.

വൃക്കകളുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

*അനാവശ്യ വസ്തുക്കളെ പുറംതള്ളുന്നു.
*അധികമായ ജലാംശം പുറംതള്ളുന്നു.
*ധാതുക്കളേയും രാസഘടകങ്ങളേയും സമീകരിക്കുന്നു.
*രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു.
*ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കുന്നു (എരിത്രോ പോയിട്ടിന്‍ എന്ന ഹോര്‍മോണ്‍ സ്രവിക്കുന്നതുവഴി)
*എല്ലുകളെ ശക്തിമത്താക്കി കാത്തുസൂക്ഷിക്കുന്നു

വൃക്കരോഗത്തിന്റെ സാധാരണ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

*മുഖത്ത് നീര് കാണുക
*വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദ്ദി
*ഉയര്‍ന്ന രക്തസമ്മര്‍ദം
*രക്തക്കുറവും തളര്‍ച്ചയും
*പുറം വേദന, സാധാരണയുള്ള ശരീരവേദന, ചൊറിച്ചില്‍, കാലില്‍ പേശീവലിവ് എന്നിങ്ങനെയുള്ള കൃത്യമല്ലാത്ത വൈഷമ്യങ്ങള്‍.
*മൂത്രത്തിന്റെ അളവില്‍ കുറവ്, മൂത്ര വിസര്‍ജന സമയത്ത് എരിയുന്നതുപോലെയുള്ള അനുഭവം, കൂടെക്കൂടെയുള്ള മൂത്ര വിസര്‍ജനം, മൂത്രത്തില്‍ ചലത്തിന്റെയോ, രക്തത്തിന്റെയോ സാന്നിധ്യം എന്നിങ്ങനെ മൂത്രവിസര്‍ജന സംബന്ധമായ വൈഷമ്യങ്ങള്‍.

ആരൊക്കെയാണ്, അവരുടെ വൃക്കകള്‍ പരിശോധിപ്പിക്കേണ്ടത്? ആര്‍ക്കൊക്കെയാണ് വൃക്കരോഗമുണ്ടാകാന്‍ കൂടുതല്‍ സാധ്യതയുള്ളത്?

ആര്‍ക്കും വൃക്കരോഗം വരാവുന്നതാണ്. പക്ഷേ, താഴെപ്പറയുന്ന അവസ്ഥകളുണ്ടെങ്കില്‍, അതിനുള്ള അപകടസാധ്യത കൂടുതലാണ്.
*പ്രമേഹം
*അമിത രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട്.
*തുടര്‍ച്ചയായ പുകയില ഉപയോഗം, അമിതവണ്ണം
*വാര്‍ധക്യം (60 വയസിനു മുകളില്‍)
*വേദനസംഹാരികളുടെ തുടര്‍ച്ചയായ ഉപയോഗം.
*മൂത്രനാളത്തിന്റെ ജന്മനാലുള്ള തകരാര്‍.

വൃക്കയ്ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിര്‍ണയിക്കുന്നതെങ്ങനെ? സാധാരണയായി എന്തൊക്കെ പരിശോധനകളാണ് നടത്തുക?

*റൂട്ടിന്‍ യൂറിന്‍ അനാലിസിസ് (മൂത്ര പരിശോധന)
*വിവിധ തരത്തിലുള്ള വൃക്കരോഗികളില്‍, മൂത്രത്തില്‍ പ്രോട്ടീനിന്റെ സാന്നിധ്യം (പ്രോട്ടീനൂറിയ).
*മൂത്രത്തില്‍ കാണുന്ന ചലത്തിന്റെ സാന്നിധ്യം, മൂത്രനാളിയിലെ അണുബാധയെ സൂചിപ്പിക്കുന്നു.
*മൂത്രത്തില്‍ പ്രോട്ടീനിന്റെയും ചുവന്ന രക്താണുക്കളുടെയും (ആര്‍ബിസികള്‍) സാന്നിധ്യം, എരിച്ചിലുണ്ടാക്കുന്ന വൃക്കരോഗത്തിന്റെ രോഗ നിര്‍ണയ സൂചനകള്‍ നല്‍കുന്നു.

രക്തപരിശോധനകള്‍ ഏതെല്ലാംവിധം?

ക്രിയാറ്റിനിനും യൂറിയയും, വൃക്കകളുടെ പ്രവര്‍ത്തനം നിര്‍ണയിക്കുവാനുള്ള പ്രധാന സൂചനകളാണ് രക്തത്തിലെ ക്രിയാറ്റിനിന്റേയും യൂറിയയുടേയും അളവുകള്‍.

വൃക്കകളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുമ്പോള്‍, രക്തത്തിലെ ക്രിയാറ്റിനിന്റേയും യൂറിയയുടേയും അളവ് വര്‍ിക്കുന്നു. ഉയര്‍ന്ന അളവുകള്‍ വൃക്കകള്‍ക്കുള്ള തകരാര്‍ ചൂണ്ടിക്കാണിക്കുന്നു.

വൃക്കകളുടെ അള്‍ട്രാസൗണ്ട്: വളരെ ലളിതമായതും ഉപയോഗപ്രദമായതും പെട്ടെന്ന് നടത്താവുന്നതും സുരക്ഷിതവുമായ ഒരു പരിശോധനയാണ് അള്‍ട്രാ സൗണ്ട്. വൃക്കകളുടെ വലിപ്പം, മുഴകളുടേയും കല്ലുകളുടേയും അര്‍ബുദത്തിന്റേയും സാന്നിധ്യം തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ ഈ പരിശോധന നല്‍കുന്നു. മൂത്രനാളിയില്‍ മൂത്രം ഒഴുകാന്‍ എന്തെങ്കിലും തടസങ്ങളുണ്ടെങ്കില്‍ അതും ഈ പരിശോധനയിലൂടെ കണ്ടുപിടിക്കാവുന്നതാണ്. വൃക്കത്തകരാറിന്റെ പുരോഗമിച്ച ഘട്ടങ്ങളില്‍, രണ്ട് വൃക്കകളുടെയും വലിപ്പം, താരതമ്യേന, കുറഞ്ഞതായി കാണപ്പെടാം.

നിശബ്ദരായ കൊലയാളികളാണു വൃക്കരോഗങ്ങള്‍. വൃക്കകളുടെ പ്രവര്‍ത്തനത്തിന്റെ മുന്നേറ്റം കുറയ്ക്കുന്നതിനും, അത് വൃക്കത്തകരാറിലേക്കു നയിക്കുന്നതിനും, അന്തിമമായി, ജീവന്‍ നിലനിര്‍ത്താന്‍ ഡയാലിസിസിനെയോ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെയോ ആശ്രയിക്കേണ്ട അവസ്ഥ സംജാതമാവുന്നതിനും വൃക്കരോഗങ്ങള്‍ കാരണമാകുന്നു. വികസ്വര രാജ്യങ്ങളിലെ ചികിത്സയുടെ വര്‍ധിച്ച ചെലവും നിര്‍ണായക ചികിത്സയുടെ ലഭ്യതയിലുള്ള കുറവുമൂലം, വൃക്കത്തകരാറുള്ള രോഗികളില്‍ ഭാഗ്യവാന്മാരായ 5, 10 ശതമാനം രോഗികള്‍ക്കു മാത്രമേ ഡയാലിസിസ്, വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തുടങ്ങിയ നിര്‍ണായക ചികിത്സകള്‍ക്കു വിധേയരാവാന്‍ സാധിക്കുന്നുള്ളു. ബാക്കിയുള്ളവര്‍ നിര്‍ണായക ചികിത്സ ലഭിക്കാത്തതുമൂലം മരണമടയുന്നു. ദീര്‍ഘകാല വൃക്കരോഗം (ക്രോണിക് കിഡ്‌നി ഡിസീസ്) ഇന്നു വളരെ സാധാരണമാണ്. അതിനു പൂര്‍ണമായ രോഗശമനം സാധ്യമല്ല. അതിനാല്‍ രോഗം വരാതെ നോക്കുകയാണ് ഏറ്റവും നല്ല ഉപാധി.

വൃക്കരോഗം തടയുന്നതെങ്ങനെ?

*ആരോഗ്യം സംരക്ഷിക്കുകയും കായികാധ്വാനം ചെയ്യുകയും ചെയ്യുക: ദിനംപ്രതി വ്യായാമം ചെയ്യുന്നതോ ശാരീരികാഭ്യാസം നടത്തുന്നതോ രക്തസമ്മര്‍ദം സാധാരണനിലയില്‍ നിലനിര്‍ത്തുകയും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും ചെയ്യുന്നതിനു കാരണമാകുന്നു. അത്തരം കായികാധ്വാനങ്ങള്‍, പ്രമേഹത്തിന്റെയും രക്തസമ്മര്‍ദത്തിന്റെയും സാധ്യത ഇല്ലാതാക്കുകയും അതുവഴി ദീര്‍ഘകാല വൃക്കരോഗത്തിന്റെ അപകടസാധ്യത കുറയുകയും ചെയ്യുന്നു.

*സമീകൃതാഹാരം: ശുദ്ധമായ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെട്ട, ആരോഗ്യദായകങ്ങളായ ഭക്ഷണം മാത്രം കഴിക്കുക. സംസ്കരിച്ച ഭക്ഷണപദാര്‍ഥങ്ങള്‍, പഞ്ചസാര, കൊഴുപ്പ്, മാംസാഹാരം എന്നിവ ഭക്ഷണത്തില്‍നിന്നും ഒഴിവാക്കുക. 40 വയസിനു മുകളില്‍ പ്രായമുള്ളവര്‍ ആഹാരത്തിലെ ഉപ്പ് കുറയ്ക്കുന്നത്, ഉയര്‍ന്ന രക്തസമ്മര്‍ദവും മൂത്രസഞ്ചിയിലെ കല്ലും ഉണ്ടാകുന്നതു തടയാന്‍ സഹായിക്കും.
*നിങ്ങളുടെ ശരീരഭാരം ഇടയ്ക്കിടയ്ക്ക് പരിശോധിക്കുക.
*പുകവലിയും പുകയില ഉപയോഗവും നിര്‍ത്തുക.
*ധാരാളം വെള്ളം കുടിക്കുക. ആവശ്യത്തിന് വെള്ളം (ഒരു ദിവസം ഉദ്ദേശം മൂന്നു ലിറ്റര്‍) കുടിക്കുന്നത്, മൂത്രത്തെ നേര്‍ത്തതാക്കുവാനും, ശരീരത്തിലെ വിഷാംശഘടകങ്ങളായ എല്ലാ അനാവശ്യ വസ്തുക്കളേയും ശരീരത്തില്‍നിന്നും പുറംതള്ളാനും വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകുന്നതു തടയാനും ഉപകരിക്കുന്നു.
*വര്‍ഷംതോറുമുള്ള വൃക്കപരിശോധന.

ഡോ. ജയന്ത് തോമസ്

jayanthതൃശൂര്‍ അമല മെഡിക്കല്‍ കോളജ് പ്രഫസര്‍, നെഫ്രോളജി ചീഫ്.
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ നെഫ്രോളജി ചീഫ് ഡോ. തോമസ് മാത്യുവിന്റെ മകനാണ് ഡോ. ജയന്ത്. രാജീവ്ഗാന്ധി ഗോള്‍ഡ് മെഡല്‍ (ബാംഗളൂര്‍) ഹെല്‍ത്ത് കെയര്‍ എക്‌സലന്‍സ് അവാര്‍ഡ് (ന്യൂഡല്‍ഹി) ജൂണിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് (തൃശൂര്‍) എന്നിവ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയ ഡോ. ജയന്ത് ഫെലോഷിപ്പ് ഓഫ് റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍, എഡിന്‍ബര്‍ഗ്, യുകെ (2015) എന്നീ ഉയര്‍ന്ന അംഗീകാരവും നേടിയിട്ടുണ്ട്.

തയാറാക്കിയത്: ജോബ് സ്രായില്‍

Related posts