
തിരുവനന്തപുരം: എസ്എപി ക്യാന്പിൽനിന്ന് തോക്കുകളും വെടിയുണ്ടകളും നഷ്ടപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. തോക്കുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. വെടിയുണ്ടകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. നഷ്ടപ്പെട്ട വെടിയുണ്ടകൾക്ക് പകരം ഡ്യൂപ്ലിക്കേറ്റ് വെടിയുണ്ടകൾ വച്ച ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പതിനൊന്ന് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
സിഎജി റിപ്പോർട്ടിനെ സംബന്ധിച്ച് നിയമസഭ സമിതി പരിശോധിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ പ്രതിയായ പോലീസ് ഉദ്യോഗസ്ഥൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്മാനായി തുടരുന്നതിൽ അപാകതയില്ല.
ആരോപണ വിധേയനെതിരെ അന്വേഷണം നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സിഎജി റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് സഭ ഇന്നു ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റു.
പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം ഇന്നു സഭയിൽ എത്തിയത്. സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട പല ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറയുന്പോഴെല്ലാം പ്രതിപക്ഷ അംഗങ്ങൾ ബഹളം വയ്ക്കുന്നുണ്ടായിരുന്നു.
വെടിയുണ്ടകൾ നഷ്ടമായത് യുഡിഎഫ് ഭരണകാലത്താണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണങ്ങളേയും ബഹളത്തേയും നേരിട്ടത്. സിഎജി റിപ്പോർട്ട് ചോർന്നത് ഗൗരവമാണ്. ചോർന്നത് നല്ല കീഴ്വഴക്കമല്ല. ഇതു പരിശോധിക്കപ്പടേണ്ടതാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.