വെള്ളമില്ല: പുന്നാവൂര്‍-അരുവിക്കര പദ്ധതി ഉപേക്ഷിക്കാന്‍ നീക്കം

tvm-aruvikkaraകാട്ടാക്കട: നഗരത്തിലേക്ക് കുടിവെള്ളവിതരണം നടത്താനുള്ള പുതിയ പദ്ധതി അവസാനിപ്പിക്കാന്‍ നീക്കം. നെയ്യാറിലെ വെള്ളം ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിക്ക് വില്ലനാകുന്നത് വെള്ളമില്ലാത്ത നദി. പദ്ധതി വരുന്ന പുന്നാവൂര്‍ അരുവിക്കര ഭാഗത്ത് നെയ്യാറിലെ ജലനിരപ്പ് താണു വന്നതിനെ തുടര്‍ന്നാണ് വാട്ടര്‍ അഥോറിറ്റിയുടെ പുനരാലോചന.

1976 ലാണ് നെയ്യാറിലെ വെള്ളം നഗരത്തിലേക്ക് എത്തിക്കാന്‍ ഒരു പദ്ധതി ചിട്ടപ്പെടുത്തുന്നത്. അന്ന് അരുവിക്കര നിന്നാണ് വെള്ളം എത്തിക്കുന്നതെങ്കിലും പേപ്പാറ അണക്കെട്ട് വന്നിട്ടില്ല. കോട്ടൂര്‍ ബണ്ട്് എന്നാണ് ഈ പദ്ധതിയ്ക്ക് പേരിട്ടിരുന്നത്. ഇവിടെ വൈദ്യൂതി ഇല്ലായിരുന്നതിനാല്‍ മണ്ണെണ്ണ കൊണ്ടുള്ള ജനറേറ്റര്‍ സ്ഥാപിച്ച് , വെള്ളം പമ്പ് ചെയ്യും. കാപ്പുകാട്ടില്‍ നിന്നുംഏതാണ്ട് മൂന്നു കീിലോമീറ്റര്‍ ദൂരം 700 എംഎം പൈപ്പിട്ട് വെള്ളം അതിലൂടെ കുമ്പിള്‍മൂട് തോട്ടില്‍ എത്തിക്കും.അവിടെ നിന്നും തോട് അവസാനിക്കുന്ന കരമനയാറ്റിന്റെ അണയിലക്കടവില്‍ എത്തിച്ച് അരുവിക്കരയില്‍ കൊണ്ടുചെല്ലുന്നതാണ് പദ്ധതി. വനത്തിലൂടെ വെറും ഒരു കിലോമീറ്റര്‍ മാത്രമേ പെപ്പ് കടന്നുപോകുന്നുവുള്ളു. എന്നാല്‍ പേപ്പാറ അണക്കെട്ട് വന്നതോടെ കരമനയാറ്റിലെ വെള്ളം ശേഖരിക്കാന്‍ സംവിധാനം ഒരുങ്ങി.ഇതോടെ ഈ പദ്ധതിയും നിലച്ചു.

നഗരത്തിന് അന്ന് 300 ലക്ഷം ലിറ്റര്‍ വെള്ളമാണ് വേണ്ടിയിരുന്നത്. എന്നാല്‍ ഇന്ന് അത് എത്രയോ ഇരട്ടിയായി വര്‍ധിച്ചു. കോട്ടൂര്‍ ബണ്ടില്‍ നിന്നും അന്ന് 300 ലക്ഷം ലിറ്റര്‍ വെള്ളമാണ് കൊണ്ടുപോയിരുന്നത്. പുതുതായി പദ്ധതി വരുമ്പോള്‍ ശേഷി കൂട്ടാന്‍ സംവിധാനങ്ങള്‍ ഒരുക്കേണ്ടിവരും. പുതുതായി പമ്പുകളും സ്ഥാപിക്കണം. വൈദ്യൂതി എത്തിക്കാന്‍ ലൈനുകള്‍ വലിക്കണം. പൈപ്പുകള്‍ സ്ഥാപിക്കണം.

ഇതിനെ വനം വകുപ്പ് എതിര്‍ത്തതിനെ തുടര്‍ന്നാണ് പുതിയ പദ്ധതിക്കായി ആലോചന വന്നത്. നെയ്യാര്‍ കടന്നുപോകുന്ന പുന്നാവൂര്‍ അരുവിക്കര നിന്നും വെള്ളം എത്തിക്കാനാണ് പദ്ധതി. ഒരു ദിവസം 600 ലക്ഷംമുതല്‍ 700 ലക്ഷം ലിറ്റര്‍ ( എംഎല്‍ഡി) വരെ ലഭിക്കുന്ന തരത്തില്‍ മേജര്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നു. ഇപ്പോള്‍ പേപ്പാറയില്‍ വെള്ളം കുറഞ്ഞാല്‍ അത് കുടിവെള്ള വിതരണത്തെ ബാധിക്കും. അതിനാല്‍ സ്ഥിരമായ സംവിധാനത്തെ കുറിച്ചാണ് വാട്ടര്‍ അഥോറിറ്റി ആലോചിക്കുന്നത്. അരുവിക്കരയില്‍ 100 എംഎല്‍ഡി പ്ലാന്റ് സ്ഥാപിച്ച് വെള്ളം എത്തിക്കാനാണ് പരിപാടി. 70 എംഎല്‍ഡി വെള്ളം നഗരത്തിനും ബാക്കിയുള്ളവ സമീപ പ്രദേശങ്ങളിലും നല്‍കാനാണ് ഉദേശം. ഇതാകുമ്പോള്‍ നഗരത്തില്‍ കുടിവെള്ളക്ഷാമം ഇല്ലാതാകും. ഇവിടെ നിന്നും നഗരത്തിലെത്താന്‍ 12 കിലോമീറ്റര്‍ ദൂരമേ ഉള്ളൂ എന്നതും പദ്ധതിയ്ക്ക് ഗുണകരമാകുന്നു എന്ന് വാട്ടര്‍ അഥോറിറ്റി കണെ്ടത്തിയിരുന്നു. നിലവില്‍ നെയ്യാറില്‍ ജലനിരപ്പ് താണു വരുന്ന സാഹചര്യത്തില്‍ വെള്ളം തുറന്നുവിടുന്നത് നിര്‍ത്തിയിരിക്കുകയാണ്.

ഇതിനാലാണ് പദ്ധതി ആശങ്കയിലാകുന്നത്. മാത്രമല്ല കാളിപ്പാറ പദ്ധതി കമ്മീഷന്‍ ചെയ്തു കഴിഞ്ഞു. കാളിപ്പാറ പദ്ധതിക്ക് വെള്ളമെടുക്കുന്നത് നെയ്യാര്‍ അണക്കെട്ടില്‍ നിന്നാണ്. 36 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് ഡാമില്‍ നിന്നും പമ്പ് ചെയ്ത് കയറ്റുന്നത്.അതിനാല്‍ ഡാമില്‍ ജലനിരപ്പ് കുറയും. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നതില്‍ നിന്ന് വാട്ടര്‍ അഥോറിറ്റി പിന്‍വലിയുന്നത്.

Related posts