കരിമ്പ: വേനല്‍ചൂടിനൊപ്പം തെരഞ്ഞെടുപ്പും ചൂടുപിടിക്കുമ്പോള്‍ സ്ഥാനാര്‍ഥിക്ക് വോട്ടുറപ്പിക്കാന്‍ കരിമ്പ മൂന്നേക്കറിലെ കുരുന്നുകള്‍ സഹപാഠിക്കൊരു കത്ത് എന്ന വേറിട്ട വഴിയിലൂടെ വോട്ട് ഉറപ്പിക്കുന്നു. ഫേസ്ബുക്ക്, വാട്ട്‌സ് അപ്പ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ കൊഴുക്കുന്ന ഈ കാലഘട്ടത്തില്‍ അമ്പതുപൈസ മാത്രം വിലയുള്ള പോസ്റ്റ് കാര്‍ഡ് ഉപയോഗിച്ച് വോട്ടുതേടിയാണ് മൂന്നേക്കറിലെ കുട്ടികള്‍ ശ്രദ്ധേയരാകുന്നത്.ബാലസംഘം മൂന്നേക്കര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് കത്തിലൂടെ വോട്ട് അഭ്യര്‍ഥന നടത്തുന്നത്.
ബാലസംഘം അംഗങ്ങളായ കുട്ടികള്‍ സഹപാഠിക്ക് അയയ്ക്കുന്ന കത്തിന്റെ ഉള്ളടക്കം ഇതാണ്. സുഹൃത്തേ, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോങ്ങാട് നിയോജകമണ്ഡലത്തില്‍നിന്നും നമ്മുടെ പ്രിയങ്കരനായ എംഎല്‍എ കെ.വി.വിജയദാസ് വീണ്ടും ജനവിധി തേടുന്ന വിവരം അറിയാമല്ലോ. വിദ്യാലയങ്ങള്‍ക്ക് സുരക്ഷിതമായ കെട്ടിടങ്ങള്‍ നിര്‍മിച്ചുനല്കിയും സ്കൂള്‍ ബസ് നല്കിയും റോഡുകള്‍ സഞ്ചാരയോഗ്യമാക്കിയും സഹായിച്ച അദ്ദേഹം വീണ്ടും എംഎല്‍എ ആകേണ്ടത് നമ്മുടെ കൂടി ആവശ്യമാണ്.
ഇതിനാല്‍ അദ്ദേഹത്തെ വിജയിപ്പിക്കാന്‍ മാതാപിതാക്കളോടും അയല്‍ക്കാരോടും മറ്റും അഭ്യര്‍ഥന നടത്തണമെന്ന് സ്‌നേഹപൂര്‍വം അപേക്ഷിക്കുന്നുവെന്നാണ് കത്തിലെ ഉള്ളടക്കം.മേല്‍വിലാസം ലഭ്യമായ കരിമ്പ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 250 സഹപാഠികള്‍ക്കാണ് കത്തയയ്ക്കുന്നത്. ഓരോരുത്തരും എഴുതി തയാറാക്കിയ കത്തുകള്‍ മൂന്നേക്കര്‍ പോസ്റ്റ് ഓഫീസിനുമുന്നിലെ തപാല്‍പെട്ടിയില്‍ നിക്ഷേപിച്ചു. ഇതിനൊപ്പം എംഎല്‍എയ്ക്കും കത്തയയ്ക്കും. യൂണിറ്റ് സെക്രട്ടറി മുഹമ്മദ് സുഹൈല്‍, പ്രസിഡന്റ് സോജ സാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.