വോട്ട് ചെയ്യാന്‍ പത്ത് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം

EKM-ELECTIONതിരുവനന്തപുരം: വോട്ട് ചെയ്യുന്നതിനുള്ള തിരിച്ചറിയല്‍ രേഖയായി വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിനും ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയ ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ്പിനും പുറമെ പത്തു രേഖകള്‍ കൂടി തെരഞ്ഞെടുപ്പു കമ്മീഷന്‍ അനുവദിച്ചു. തിരിച്ചറിയല്‍ കാര്‍ഡോ കമ്മീഷന്‍ നല്‍കിയ വോട്ടര്‍ സ്ലിപ്പോ ഇല്ലാത്തവര്‍ക്ക് പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്ന് ഒഴികെയുളള ഫോട്ടോ പതിച്ച ബാങ്ക്- പോസ്റ്റ് ഓഫീസ് പാസ് ബുക്ക്, പാന്‍കാര്‍ഡ്, എന്‍പിആര്‍ സ്മാര്‍ട്ട് കാര്‍ഡ്, തൊഴിലുറപ്പു പദ്ധതി തൊഴില്‍ കാര്‍ഡ്, ആരോഗ്യമന്ത്രാലയം അനുവദിച്ച ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്മാര്‍ട് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ, എംപി അല്ലെങ്കില്‍ എംഎല്‍എ എന്നിവരുടെ തിരിച്ചറിയല്‍ കാര്‍ഡ്, കേന്ദ്ര-സംസ്ഥാന-പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നല്‍കിയ ഫോട്ടോ പതിച്ച സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയിലേതെങ്കിലും ഒന്ന് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.

തിരിച്ചറിയല്‍ കാര്‍ഡിലെ അച്ചടിപ്പിശക്, അക്ഷരത്തെറ്റ് എന്നിവ ചൂണ്ടിക്കാട്ടി ആരുടെയും വോട്ടവകാശം നിഷേധിക്കരുതെന്നു പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവാസി വോട്ടര്‍മാര്‍ തിരിച്ചറിയല്‍ രേഖയായി അസല്‍ പാസ്‌പോര്‍ട്ട്തന്നെ ഹാജരാക്കണം.

3,142 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ്

തിരുവനന്തപുരം: പോളിംഗ് സുഗമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാനത്തെ 3,142 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. വെബ് കാസ്റ്റിംഗുളള ഏറ്റവുമധികം ബൂത്തുകള്‍ കണ്ണൂര്‍ ജില്ലയിലാണ്,1054. കുറവ് ഇടുക്കിയിലും 36. തിരുവനന്തപുരം 232, കൊല്ലം 224, പത്തനംതിട്ട 112, ആലപ്പുഴ 304, കോട്ടയം 39, എറണാകുളം 141, തൃശൂര്‍ 197, പാലക്കാട് 139, മലപ്പുറം 121, കോഴിക്കോട് 402, വയനാട് 42, കാസര്‍ഗോഡ് 99 എന്നിങ്ങനെയാണ് വെബ്കാസ്റ്റിംഗ് ഉള്ള ബൂത്തുകള്‍. ജില്ലാ ആസ്ഥാനങ്ങളിലും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലും വെബ്കാസ്റ്റിംഗ് നിരീക്ഷിക്കാനുളള സൗകര്യവുമുണ്ട്.

Related posts