ഗുരുവായൂര്‍: അര്‍ഹമായ പുരധിവാസം നല്‍കാതെ ദേവസ്വം കെട്ടിടത്തിലെ 30 വ്യാപാരികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഗുരുവായൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 24മണിക്കൂര്‍ നിരാഹാര സമരം തുടങ്ങി. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രഫ.പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ദശാബ്ദങ്ങളായി വ്യാപാരം ചെയ്യുന്ന 30വ്യാപരികളെ അര്‍ഹമായ പുനരധിവാസം നല്‍കാതെ ഒഴിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് ദേവസ്വം പിന്‍മാറണമെന്ന് നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രഫ.പി.കെ.ശാന്തകുമാരി ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ല പ്രസിഡന്റ് കെ.വി.അബ്ദുള്‍ ഹമീദ് അധ്യക്ഷനായി. വിവിധ രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക, വ്യാപാരി സംഘടനാ നേതാക്കളായ എം.സി.സുനില്‍ മാസ്റ്റര്‍, പി.ഐ.സൈമണ്‍, പി.യതീന്ദ്രദാസ്, ജി.കെ.പ്രകാശന്‍, സി.ഡി.ജോണ്ഡസണ്‍, എം.ബിജേഷ്, മായാ മോഹനന്‍, മോഹന്‍ദാസ് ചേലനാട്, ടി.എന്‍.മുരളി, റഹ്മാന്‍ പി.തിരുനെല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പടിഞ്ഞാറെനടയില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ വ്യാപരി നേതാക്കളായ ടി.എന്‍.മുരളി, റഹ്മാന്‍ പി.തിരുനെല്ലൂര്‍, എം.ആനന്ദന്‍ എമ്പ്രാന്തിരി, കെ.രാധാകൃഷ്ണന്‍ എന്നിവരാണ് നിരാഹാരസമരം നടത്തുന്നത്.