ആലപ്പുഴ: അമ്പലപ്പുഴയില്‍ വ്യാപാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, വ്യാപാരി വ്യവസായി സമിതി എന്നിവര്‍ നടത്തുന്ന കടയടപ്പുസമരം ആലപ്പുഴ ജില്ലയില്‍ പൂര്‍ണം. സമരത്തെത്തുടര്‍ന്ന് ജില്ലയിലെ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷനും കടകള്‍ അടച്ചിട്ടുണ്ട്. വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനത്തിനെതിരെ കുറിപ്പെഴുതിയശേഷം പലചരക്ക് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ കടയടപ്പുസമരം നടത്തുന്നത്.
അമ്പലപ്പുഴ പടിഞ്ഞാറെ നട ചിത്രാ സ്റ്റോഴ്സ് ഉടമ ആമയിട ശ്രീലക്ഷ്മിയില്‍ ശ്രീകുമാര്‍ ആണ് ജീവനൊടുക്കിയത്. നികുതി കുടിശികയുമായി ബന്ധപ്പെട്ട് വാണിജ്യ നികുതി വകുപ്പ് ശ്രീകുമാറിന് 25 ലക്ഷത്തിന്റെ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് കൊല്ലം വാണിജ്യ നികുതി കോടതിയില്‍ നിന്നു വ്യാപാരി സ്റ്റേ വാങ്ങിയിരുന്നു. ഇതിന് പുറമെ 16.5 ലക്ഷം നികുതി കുടിശിക കൂടി അടയ്ക്കണമെന്നു കാണിച്ച് നോട്ടീസ് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വ്യാപാരി ജീവനൊടുക്കിയതെന്നാണ് ആക്ഷേപം.
ഇന്നലെ രാവിലെ 9.30ഓടെ കടയിലെത്തിയ ജീവനക്കാരനാണ് മൃതദേഹം കണ്ടത്. വില്പന നികുതി ഉദ്യോഗസ്ഥരുടെ പീഡനം മൂലം താന്‍ ജീവനൊടുക്കുകയാണെന്ന ആത്മഹത്യാ കുറിപ്പ് ശ്രീകുമാറിന്റെ പോക്കറ്റില്‍ നിന്ന് കണ്ടെത്തിയിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ഇന്നലെ രാത്രി വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: ശ്രീചിത്ര, ശ്രീകുട്ടി. മരുമകന്: രഞ്ജിത്ത്.