മട്ടാഞ്ചേരി: ഷൂട്ടിംഗ് നിര്‍ത്തിവച്ച് ബോളിവുഡ് സ്റ്റാര്‍ സെയ്ഫ് അലിഖാന് മടങ്ങേണ്ടിവന്നത് കൊച്ചിക്കാരി ഒറിയ കിം എന്ന ഗൃഹനാഥയുടെ നിശ്ചയദാര്‍ഢ്യ ത്തിനുമുന്നില്‍. ശല്യം സഹിച്ച് ജീവിക്കാന്‍ താനില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു ഒറിയ കിം. ജര്‍മനിയിലെ ഇന്ത്യന്‍ എംബസിയില്‍ ഉദ്യോഗസ്ഥയായിരുന്നു ഇവര്‍.
ഭര്‍ത്താവ് ജര്‍മന്‍കാരന്‍ കിമ്മും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബമാണ് ഒറിയ കിമ്മിന്റേത്. മുകളില്‍ വീടും താഴെ ആയുര്‍വേദ മസാജ് സെന്ററും. വീടിനു മുന്‍വശത്തായി പുറമ്പോക്കിലാണ് സ്ഥിരം ഷൂട്ടിംഗ്് നടക്കുന്നത്. ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞാല്‍ സ്വന്തം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും വയ്യാത്ത അവസ്ഥ. കൂടതെ ശബ്ദകോലാഹലവും. വീട്ടില്‍ നിന്ന് കാര്‍ പുറത്തേക്ക് ഇറക്കണമെങ്കില്‍ പോലും ഷൂട്ടിംഗ് നിയന്ത്രിക്കുന്നവരുടെ അനുവാദം വാങ്ങേണ്ടി വരുന്ന അവസ്ഥ വരെ എത്തി കാര്യങ്ങള്‍ .
വീട്ടിലോ സ്ഥാപനത്തിലോ അതിഥികള്‍ വന്നാല്‍ സ്വസ്ഥമായി സംസാരിക്കാന്‍ പറ്റില്ല. ഒരു വര്‍ഷം നൂറോളം സിനിമകളുടെ ഇവിടെ ഷൂട്ടിംഗ് നടക്കാറുണ്ട്. വീടിനു താഴത്തെ നിലയിലുള്ള ആയുര്‍വേദ സ്പായില്‍ വര്‍ഷത്തില്‍ മൂന്നരമാസമാണ് ബിസിനസ് ലഭിക്കുന്ന സീസണ്‍. ഷൂട്ടിംഗ് സംഘം വരുന്നതോടെ ബിസിനസ് കുറയും. വളരെ സമാധാന അന്തരീക്ഷത്തിലാണ് ആയുര്‍വേദ ചികിത്സ നടത്തേണ്ടത്. സിനിമക്കാര്‍ വന്നാല്‍ മൈക്കും കോളാമ്പിയും വച്ചു ബഹളം തുടങ്ങുന്നതോടെ സ്പായില്‍ വരുന്ന വിദേശികളായ ഉപഭോക്താക്കള്‍ക്കു ശല്യമായി. അതോടൊപ്പം കുറേപ്പേരെ നഷ്ടപ്പെട്ടു. ഇതിനു നടപടി ആവശ്യപ്പെട്ട് കളക്ടര്‍, മേയര്‍, കോര്‍പറേഷന്‍ സെക്രട്ടറി, വില്ലേജ് ഓഫീസര്‍, സിഐ, എസ്‌ഐ എന്നിങ്ങനെ എല്ലാവര്‍ക്കും പരാതി നല്‍കിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല.
കഴിഞ്ഞ ദിവസം ഷെഫ് എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിംഗിനെത്തിയ സെയ്ഫ് അലി ഖാനെ എതിരേറ്റത് ഒറിയ കിമ്മിന്റെ വീട്ടില്‍ നിന്ന് ഉയര്‍ന്ന ഉച്ചത്തിലുള്ള പാട്ടാണ്. സൗണ്ട് സിസ്റ്റം വാടകയ്ക്ക് എടുത്ത് പാട്ട് നല്ല വോളിയത്തില്‍ വച്ചശേഷം വീടു പൂട്ടി കിം സ്ഥലം വിടുകയായിരുന്നു. സിനിമക്കാര്‍ കറന്റ് കട്ട് ചെയ്താലോയെന്നു കരുതി ജനറേറ്ററും വാടകയ്ക്ക് എടുത്തായിരുന്നു പാട്ട് വച്ചിരുന്നത്. ഉച്ചത്തിലുള്ള പാട്ട് മുറുകിയതോടെ സ്‌പോട്ട് ഡബ്ബിംഗ് ഉള്‍പ്പെടെയുള്ള ഷൂട്ടിംഗ് നടത്താനാവാതെ ഷൂട്ടിംഗ് സംഘം മടങ്ങുക യായിരുന്നു. സിനിമാ സംഘം ഷൂട്ട് നിര്‍ത്തിവച്ച് പോയതിന് അരമണിക്കൂര്‍ ശേഷമാണ് ഒറിയ കിം പാട്ട് ഓഫ് ചെയ്തത്.