മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയം വിരഹത്തിലൂടെയായിരുന്നു സഞ്ചരിച്ചത്. അനാര്‍ക്കലിയില്‍ നാദിറ ഇമാമിനെ തേടിയുള്ള ശാന്തനുവിന്റെ പ്രണയം അകലങ്ങളിലായിരുന്നു. പ്രണയത്തിന്റെയും വിരഹത്തിന്റെയും ആഴം നൊമ്പരമായി പ്രേക്ഷക സമൂഹം ഏറ്റുവാങ്ങിയത് വെള്ളിത്തിരയില്‍ ശാന്തമായൊഴുകിയ ശബ്ദങ്ങളിലൂടെയായിരുന്നു. എന്നു നിന്റെ മൊയ്തീന്‍ അടക്കം 11 ഓളം സിനിമകളില്‍ ശബ്ദമിശ്രണം ഒരുക്കിയ കണ്ണൂര്‍ സ്വദേശി ശ്രദ്ധേയനാകുന്നു. കണ്ണൂര്‍ ചാണോക്കുണ്ടിലെ ഉറുമ്പില്‍ സുഭാഷ് തോമസ്-ടെസി ദമ്പതികളുടെ മകന്‍ അലനാണ് ശബ്ദമിശ്രണ രംഗത്ത് മലയാളസിനിമയില്‍ സജീവമായിരിക്കുന്നത്.
അലന്‍ ഇതുവരെ അസോസിയേറ്റായി ശബ്ദമിശ്രണം ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റാണ്. ഇതിനോടകം പതിനൊന്ന് സിനിമകളില്‍ അലന്‍ പ്രവര്‍ത്തിച്ചുകഴിഞ്ഞു. എന്നു നിന്റെ മൊയ്തീന്‍, അനാര്‍ക്കലി, സു..സു..സുധി വാത്മീകം, രാജമ്മ അറ്റ് യാഹൂ, പുതിയ നിയമം, പാവാട, ഇടവപ്പാതി, ഡാര്‍വിന്റെ പരിണാമം, ജേക്കബിന്റെ സ്വര്‍ഗരാജ്യം, ലീല എന്നീ ചിത്രങ്ങളുടെയെല്ലാം ശബ്ദമിശ്രണം മികച്ചതാക്കുന്നതില്‍ അലനും പങ്കാളിയായിരുന്നു.
അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ് അലന്‍ സൗണ്ട് എന്‍ജിനിയറിംഗ് പഠിച്ചത്. പഠിക്കുന്ന കാലയളവില്‍ തന്നെ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട് ഗോള്‍ഡ് മെഡലും അലന്‍ സ്വന്തമാക്കി. ചെന്നൈയില്‍ നിന്നു വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ഡിഗ്രി സ്വന്തമാക്കി ശേഷം വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ തന്നെ പിജി ചെയ്യാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍. ഡാം 999 എന്ന ഹോളിവുഡ് സിനിമയുടെ സംവിധായകന്‍ കൂടിയായ സോഹന്‍ റോയിയുടെ ഏരീസ് കമ്പനി ഏറ്റെടുത്ത മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസഡറായുള്ള വിസ്മയാസ ്മാക്‌സിലാണ് അലനിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ശാലോം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സിംസില്‍ നിന്നായിരുന്നു അലന്റെ കരിയറിന്റെ തുടക്കം.
ഇതിനു മുമ്പ് ചെന്നൈയില്‍ ഫ്രീലാന്‍സായി എസ്എഫ്എക്‌സ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു. ഈ കാലഘട്ടത്തില്‍ എവിഎം, പ്രസാദ് തുടങ്ങിയ സ്റ്റുഡിയോകളിലും പ്രവര്‍ത്തിച്ചു. പഠനകാലയളവില്‍ സ്‌നേഹപൂര്‍വം’ എന്ന പേരില്‍ സുഹൃത്തുക്കളുമായി ചേര്‍ന്നുണ്ടാക്കിയ ആല്‍ബത്തില്‍ നാലു ഗാനങ്ങള്‍ സ്വന്തമായി രചിക്കുകയും അതില്‍ മൂന്നെണ്ണം പാടുകയും ചെയ്തു. സൗണ്ട്് ഡിസൈനിംഗില്‍ ഒമ്പത് സംസ്ഥാന അക്കാദമി അവാര്‍ഡുകളും രണ്ടു ദേശീയ അക്കാദമി അവാര്‍ഡുകളും വാരിക്കൂട്ടിയ എന്‍. ഹരികുമാറിന്റെ അസോസിയേറ്റായാണ് വിസ്മയാസ് മാക്‌സില്‍ അലന്‍ പ്രവര്‍ത്തിക്കുന്നത്. റിലീസ് ചെയ്യുന്ന പൃഥ്വിരാജ് നായകനാകുന്ന ജയിംസ് ആന്‍ഡ് ആലീസ് എന്ന ചിത്രത്തിന്റെ ശബ്ദമിശ്രണത്തിലും അലന്‍ പങ്കാളിയാണ്. ഹെലന്‍, മിലന്‍ എന്നിവര്‍ സഹോദരങ്ങളാണ്.