പാലക്കാട്: ശേഖരിപൂരം-ചാത്തപുരം റോഡില്‍ അപകടങ്ങള്‍ പെരുകുന്നതായി പരാതി. റോഡരികില്‍ തെരുവുവിളക്കുകള്‍ ഇല്ലാത്തത് വാഹനാപകടങ്ങള്‍ക്കു കാരണമാകുന്നതിനു പുറമേ കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയായി.കോയമ്പത്തൂരില്‍നിന്നും കോഴിക്കോട്ടേയ്ക്കുള്ള ചരക്കുവാഹനങ്ങള്‍ വെളിച്ചക്കുറവുമൂലം കാല്‍നടയാത്രക്കാരെ കാണാതെ ഇടിച്ചുവീഴ്ത്തുന്നത് പതിവു സംഭവമാണ്.ചില ചരക്കുലോറികള്‍ റോഡ് സൈഡില്‍ നിര്‍ത്തിയിടുന്നതും ഡിവൈഡറിന്റെ മധ്യഭാഗത്ത് വളര്‍ന്നുനില്ക്കുന്ന പാഴ്‌ചെടികളും അപകട സാധ്യത വര്‍ധിപ്പിക്കുന്നു.
റോഡിന്റെ ഇരുഭാഗത്തുമുള്ള പൊന്തക്കാടുകള്‍ നീക്കം ചെയ്യാത്തതിനാല്‍ കൊതുകുശല്യവും ഇഴജന്തുക്കളുടെയും സാന്നിധ്യവും ഇവിടെ ശക്തമാണ്.പ്രശ്‌നപരിഹാരത്തിനു നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, പിഡബ്ല്യുഡി, പോലീസ് മേധാവി, ജില്ലാ കളക്ടര്‍, വാര്‍ഡ് കൗണ്‍സിലര്‍, സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ക്കു പരാതി നല്കാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികള്‍.