മങ്കൊമ്പ്: വിശുദ്ധ വാരത്തോടനുബന്ധിച്ചുവന്ന തുടര്‍ച്ചയായ അവധി ദിവസങ്ങളെത്തുടര്‍ന്നു നെല്ലുസംഭരണം മന്ദഗതിയിലായി. ചമ്പക്കുളം കൃഷിഭവന്‍ പരിധിയില്‍ വരുന്ന പാടശേഖരങ്ങളിലാണ് ഇപ്പോള്‍ കൂടുതലായും നെല്ലു സംഭരിക്കാനാകാതെ കെട്ടിക്കിടക്കുന്നത്. 42 ഹെക്ടര്‍ വരുന്ന പടച്ചാല്‍, 28 ഹെക്ടര്‍ വരുന്ന ഉന്തവേലില്‍, 99 ഹെക്ടര്‍ വിസ്തൃതിയുള്ള നാട്ടായം എന്നീ പാടശേഖരങ്ങളിലെ നെല്ലാണ് നാലു ദിവസമായി സംംഭരണം നടക്കാത്തതുമൂലം റോഡില്‍ കൂട്ടിയിട്ടു കര്‍ഷകര്‍ കാവലിരിക്കുന്നത്. പടച്ചാല്‍ പാടത്ത് 20 ഹെക്ടറില്‍ വിളവെടുപ്പ് ഇനിയും ബാക്കിയുണ്ട്. മറ്റു രണ്ടു പാടശേഖരങ്ങളിലെയും വിളവെടുപ്പു പൂര്‍ത്തിയായിട്ട് നാലുദിവസം വരെയായി. ഇടയ്ക്കിടെയുണ്ടാകുന്ന വേനല്‍മഴ കര്‍ഷകര്‍ക്ക് അധിക ബാധ്യതയുണ്ടാക്കുന്നുണ്ട്.
മില്ലുകള്‍ നെല്ല് സംഭരിക്കണമെങ്കില്‍ ഈര്‍പ്പമുണ്ടാകാന്‍ പാടില്ല. ഇതൊഴിവാക്കാന്‍ ദിവസവും നെല്ല് വെയിലില്‍ ഉണക്കി സൂക്ഷിക്കണം. കൂട്ടിയിട്ടിരിക്കുന്ന നെല്ലിന്റെ മേല്‍ഭാഗത്തെ നെല്ല് നീക്കം ചെയ്തു അടിനെല്ല് വേണം ഉണക്കിയെടുക്കാന്‍. ഇതിനു തൊഴിലാളികളുടെ സഹായം ആവശ്യമാണ്. മികച്ച വിളവു പ്രതീക്ഷിച്ചിരുന്ന പാടങ്ങളില്‍പ്പോലും നെന്‍മണികളുടെ തൂക്കക്കുറവുമൂലം കൃഷിവേണ്ടത്ര പ്രയോജനകരമല്ല. ഈ സാഹചര്യത്തില്‍ അധിക ചെലവുകള്‍കൂടി വരുന്നതു കര്‍ഷകരെ തളര്‍ത്തുന്നു. ചമ്പക്കുളം കൃഷിഭവന്‍ പരിധിയില്‍ ഇനിയും 450 ഹെക്ടറിലെ വിളവെടുപ്പുകൂടി പൂര്‍ത്തിയാകാനുണ്ട്.
ഇടമ്പാടം, പാട്ടത്തില്‍ വരമ്പിനകം, കോയിക്കരി, കുറുപ്പന്‍തുരുത്ത്, ചെറുകോട് മുന്നൂറ്, അഞ്ഞൂറ്റമ്പാടം, ഉമ്പുകാട്ട് വടക്ക്, തെക്ക് എന്നീ പാടശേഖരങ്ങളിലാണ് ഇനിയും പ്രധാനമായും വിളവെടുപ്പു ശേഷിക്കുന്നത്. ഇവിടെയും വിളവെടുപ്പാരംഭിച്ചാല്‍ സംഭരണം കൂടുതല്‍ പ്രയാസകരമാകും. ചെറിയ വാഹനങ്ങളുടെ ലഭ്യതക്കുറവിനെത്തുടര്‍ന്ന് ഉള്‍പ്രദേശങ്ങളില്‍ ദിവസങ്ങളായി നെല്ല് കെട്ടിക്കിടക്കുന്നുണ്ട്. എന്നാല്‍ കാവാലം, പുളിങ്കുന്ന്, രാമങ്കരി, മുട്ടാര്‍ എന്നിവിടങ്ങളില്‍ സംഭരണം മുടക്കമില്ലാതെ നടക്കുന്നുണ്ടെന്നും കൃഷി വകുപ്പധികൃതര്‍ പറഞ്ഞു.