സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്നു പ്രഖ്യാപിക്കും

filim-awardതിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്നു പ്രഖ്യാപിക്കും. രാവിലെ 11 ന് മന്ത്രി തിരവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും.

മമ്മൂട്ടി, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരാണ് മികച്ച നടനുള്ള അന്തിമപട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഇവരില്‍ പത്തേമാരിയിലെ പള്ളിക്കല്‍ നാരായണനായി മികവുറ്റ അഭിനയം കാഴ്ചവച്ച മമ്മൂട്ടിയാണ് ഒരുപടി മുന്നില്‍. എന്നു നിന്റെ മൊയ്തീനിലെ മൊയ്തീന്‍, അനാര്‍ക്കലിയിലെ ശന്തനു എന്നീ കഥാപാത്രങ്ങളാണ് പൃഥ്വിക്കു പ്രതീക്ഷയേകുന്നത്. ചാര്‍ളിയിലെ പ്രകടനമാണ് ദുല്‍ഖറിനു പട്ടികയില്‍ ഇടം നേടിക്കൊടുത്തത്.

മികച്ച നടിക്കായുള്ള മത്സരത്തില്‍ എന്നു നിന്റെ മൊയ്തീനിലെ കാഞ്ചനമാലയായി മിന്നും പ്രകടനം കാഴ്ചവച്ച പാര്‍വതിക്കു തന്നെയാണ് മേല്‍ക്കൈ. ചാര്‍ളിയിലെ ടെസയും മികവുറ്റതെന്നാണ് ജൂറിയുടെ അഭിപ്രായം. പാര്‍വതി കഥാപാത്രമായി ജീവിക്കുകയായിരുന്നെന്നാണ് ജൂറി അംഗങ്ങളില്‍ പലരും വിലയിരുത്തിയത്. പാര്‍വതിക്കു തൊട്ടു പുറകില്‍ അന്തരിച്ച രാജേഷ് പിള്ള സംവിധാനം ചെയ്ത മിലിയിലെ അഭിനയത്തിലൂടെ അമല പോള്‍, എന്നും എപ്പോഴും, റാണി പദ്മിനി എന്നീ ചിത്രത്തിലെ പ്രകടനത്തിലൂടെ മഞ്ജു വാര്യര്‍ എന്നിവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

2015 ല്‍ തിയറ്റര്‍ നിറഞ്ഞോടിയ പ്രേമം ജനപ്രിയ സിനിമയുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. നീന, വലിയ ചിറകുള്ള പക്ഷികള്‍ എന്നീ സിനിമകളും പുരസ്കാരം പ്രതീക്ഷിക്കുന്നുണ്ട്. 73 ചിത്രങ്ങളാണ് ഇക്കുറി സംവിധായകന്‍ മോഹന്‍ അധ്യക്ഷനായ ജൂറിക്കു മുന്നിലെത്തിയത്.

Related posts