തൃശൂര്‍: മിച്ചഭൂമിയായി ഏറ്റെടുത്ത 118 ഏക്കര്‍ വിവാദസ്വാമി സന്തോഷ് മാധവന് ഐടി പാര്‍ക്കിനായി അനുവദിച്ചതു സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാരായ അടൂര്‍ പ്രകാശിനും പി.കെ. കുഞ്ഞാലിക്കുട്ടിക്കുമെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. പൊതുപ്രവര്‍ത്തകനും മലയാളവേദി സംസ്ഥാന പ്രസിഡന്റുമായ ജോര്‍ജ് വട്ടുകുളമാണ് മന്ത്രിമാരെ എതിര്‍കക്ഷികളാക്കി പൊതുതാത്പര്യ ഹര്‍ജി നല്കിയത്. ഭൂമി അനുവദിച്ചുള്ള ഉത്തരവ് പിന്‍വലിച്ചെങ്കിലും കോടികളുടെ അഴിമതി ഇക്കാര്യത്തില്‍ നടന്നിട്ടുണ്ടെന്നും കേസെടുത്ത് അന്വേഷിക്കണമെന്നുമാണ് ആവശ്യം. കേസില്‍ പ്രാഥമികവാദം കേട്ട കോടതി കേസ് പരിഗണിക്കുന്നത് ഏപ്രില്‍ 11ലേക്കു മാറ്റി.
കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സന്തോഷ് മാധവനു തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ മടത്തുംപടി വില്ലേജില്‍ ഉള്‍പ്പെട്ട 32.78 ഏക്കര്‍ ഭൂമിയും, എറണാകുളം പുത്തന്‍വേലിക്കര 95 ഏക്കര്‍ ഭൂമിയും അനുവദിച്ചതില്‍ അഴിമതിയുണ്ടെന്നു ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സന്തോഷ് മാധവന്‍, ആദര്‍ശ് പ്രൈം പ്രോജക്ട് എംഡി വി.എം. ജയശങ്കര്‍, മന്ത്രിമാരായ അടൂര്‍പ്രകാശ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരാണ് ആദ്യ അഞ്ച് എതിര്‍കക്ഷികള്‍.