സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: സമയത്തിനു പണി തീര്‍ക്കാത്തതിനു കേന്ദ്രമന്ത്രിയുടെ വീട്ടില്‍ കരാറുകാരനെയും എന്‍ജിനിയറെയും പൂട്ടിയിട്ടു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി അനുപ്രിയ പട്ടേലിന്റെ വീട്ടിലാണു സംഭവം. സെന്‍ട്രല്‍ പബ്ളിക് വര്‍ക്സ് ഡിപ്പാര്‍ട്ട്മെന്റിലെ എന്‍ജിനിയറെയും കരാറുകാരനെയുമാണു പണി നടക്കുന്ന വീട്ടിനുള്ളില്‍ പൂട്ടിയിട്ടത്. ഡല്‍ഹി പണ്ടാര റോഡിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് സംഭവം.
പണി താമസിക്കുന്നു എന്നാരോപിച്ചാണ് തങ്ങളെ മന്ത്രിയുടെ ബന്ധുക്കള്‍ വീട്ടിനുള്ളില്‍ പൂട്ടയിട്ടതെന്നാണു കരാറുകാരനായ നരേന്ദര്‍ ഗുപ്ത പറയുന്നത്. വീടുപണിക്കാവശ്യമായ ടൈല്‍സ് വന്നിട്ടില്ലാത്തതു കൊണ്ടാണ് പണി പൂര്‍ത്തിയാകാന്‍ താമസം നേരിട്ടത്. എന്നാല്‍, ഇക്കാര്യം പറഞ്ഞിട്ടും കേള്‍ക്കാതിരുന്ന വീട്ടുകാര്‍ തങ്ങളെ പൂട്ടിയിടുകയായിരുന്നെന്നു ഗുപ്ത പറയുന്നു. ടൈല്‍സ് വരുന്നതു വരെ പൂട്ടിയിടുമെന്നായിരുന്നു ഇവരോടുള്ള ഭീഷണി.
ജൂണിയര്‍ എന്‍ജിനിയറെയും മുറിക്കുള്ളില്‍ രണ്ടു മണിക്കൂറോളം പൂട്ടിയിട്ടെന്ന് ഇവരെ രക്ഷപ്പെടുത്തിയ നിര്‍മാണ വകുപ്പിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ അജ്മീര്‍ സിംഗും പറയുന്നു.
കുടുങ്ങിയ എന്‍ജിനിയറും കരാറുകാരനും വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് സിപിഡബ്ള്യുഡി അധികൃതര്‍ ഓടിയെത്തി ഇവരെ രക്ഷിച്ചത്. സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതിയൊന്നും നല്‍കിയിട്ടില്ല. എന്നാല്‍, ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനാണ് സിപിഡബ്യുഡി അധികൃതരുടെ തീരുമാനം.
എന്നാല്‍, അനുപ്രിയ പട്ടേലിന്റെ ഭര്‍ത്താവ് ആശിഷ് സിംഗ് ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണു പറയുന്നത്. താന്‍ ബംഗ്ലാവിന്റെ അകത്തായിരുന്നു. പുറത്തേക്കു വന്നപ്പോള്‍ മന്ത്രിയുടെ ജീവനക്കാരും കരാര്‍ പണിക്കാരും വീടിന്റെ പണികള്‍ താമസിക്കുന്നതിനെച്ചൊല്ലി തര്‍ക്കിക്കുന്നതാണ് കണ്ടത്. ആരെയെങ്കിലും പൂട്ടിയിട്ടെന്നാണു പരാതി എങ്കില്‍ തങ്ങള്‍ക്കെതിരേ നിയമ നടപടിയെടുക്കാമെന്നാണ് ആശിഷ് സിംഗിന്റെ നിലപാട്.