പത്തനംതിട്ട: നാളെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാര്‍ഥമുള്ള തിരക്കിലാണ് സര്‍വീസ് സംഘടനാ നേതാക്കള്‍. ഒരാഴ്ചയായി ഇവരുടെ കസേരകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇടത്, വലത് അനുഭാവികള്‍ ഉള്‍പ്പെടെ പണിമുടക്കുന്നതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പലയിടത്തും ജീവനക്കാരുടെ കുറവുണ്ട്. ഒരുദിവസത്തെ പണിമുടക്കാണെങ്കിലും ഇതിന്റെ പ്രചാരണം തുടങ്ങിയിട്ടു നാളുകളേറെയായി. പണിമുടക്ക് പ്രചാരണാര്‍ഥമുള്ള പ്രകടനങ്ങള്‍ എല്ലാദിവസവും അരങ്ങേറുന്നുണ്ട്. ഇതിന്റെ പേരില്‍ കൂടുതല്‍ ജീവനക്കാര്‍ ഉച്ചസമയത്ത് ഓഫീസിനു പുറത്താണ്.
ഓണത്തിനു പൂക്കളം ഒരുക്കി സമയം നഷ്ടപ്പെടുത്തരുതെന്ന ഉത്തരവു വന്നതിനു പിന്നാലെയാണ് സമരത്തിന്റെ പേരില്‍ ജീവനക്കാരുടെ പ്രകടനങ്ങള്‍ തടസമില്ലാതെ നടക്കുന്നത്. ഇന്നലെ അധ്യാപകരും ജീവനക്കാരും പ്രകടനം നടത്തി. സ്കൂളുകളില്‍ അധ്യയനവും പരീക്ഷയും ഒക്കെ ആരംഭിച്ചശേഷമാണ് അധ്യാപകര്‍ പ്രകടനത്തിനെത്തിയത്. ജീവനക്കാര്‍ ഹാജര്‍ പുസ്തകത്തില്‍ ഒപ്പിട്ട് ഉച്ചയ്ക്ക് ഒരുമണിക്കൂര്‍ പ്രകടനത്തിനു പുറപ്പെട്ടു. മടങ്ങിയെത്തിയ സമയം രേഖകളിലുണ്ടാകാറുമില്ല. ഇന്നും പണിമുടക്ക് അനുഭാവ പ്രകടനങ്ങള്‍ ധാരാളമുണ്ട്.
പത്തനംതിട്ടയില്‍ കളക്ടറേറ്റിലും മിനി സിവില്‍ സ്റ്റേഷനിലുമെല്ലാം ജീവനക്കാരുടെ പ്രകടനങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. കോടതികള്‍ പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സാധാരണനിലയില്‍ പ്രകടനങ്ങള്‍ നടത്താറില്ല. ഇ്ത്തവണ അതിനെയും വെല്ലുവിളിച്ച് പ്രകടനങ്ങള്‍ നടന്നു. പണിമുടക്കാന്‍ സര്‍ക്കാരും അനുവാദം നല്‍കിയിട്ടുള്ളതിന്റെ ബലത്തിലാണ് ജീവനക്കാരേറെയും. ഡയസ്‌നോണ്‍പ്രഖ്യാപനമൊന്നും ഇല്ലാത്തതിനാല്‍ പതിവിലേറെ സന്തോഷം ജീവനക്കാര്‍ക്കുമുണ്ട്.