സമൂഹത്തിലെ ദുഃസ്ഥിതിക്കെതിരേ വിരല്‍ചൂണ്ടി ഇരകള്‍ എന്ന ഹ്രസ്വചിത്രം

klm-filimകൊല്ലം: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളും ഇരകളായവരുടെ കുടുംബങ്ങള്‍ നീതി കിട്ടാതെ അലയുന്ന ദുഃസ്ഥിതിയും യഥാര്‍ഥമായി ആവിഷ്കരിച്ച ഇരകള്‍ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമായി. സഹോദരിയുടെ ദാരുണ കൊലപാതകത്തിന്ന് ഉത്തരവാദികളായവരെ നീതിപീഠത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സഹോദരന്‍ നടത്തുന്ന നിയമപോരാട്ടങ്ങളും വേദനാജനകമായ അനുഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചൈത്രം ക്രിയേഷന്‍സിന്റെ ബാനറില്‍ ഫ്രണ്ട്‌സ് മൂവി മേക്കേഴ്‌സ് അണിയിച്ചൊരുക്കിയ ഇരകള്‍ എന്ന 20 മിനിട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം ഇന്നലെ പ്രസ്ക്ലബില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രദര്‍ശിപ്പിച്ചു.

പെണ്‍കുട്ടിയുടെ സഹോദരന്റെ വേഷം കൈകാര്യം ചെയ്ത സുരേഷ് ചൈത്രമാണ് അനിലന്‍ കാവനാടിനൊപ്പം കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. അതിഭാവുകത്വമില്ലാതെ പ്രധാന റോള്‍ സുരേഷ് ചൈത്രം ശ്രദ്ധേയമാക്കി.

ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് അടുത്തകാലത്ത് അന്തരിച്ച കവി ചാത്തന്നൂര്‍ മോഹനാണ്. കാമറയും എഡിറ്റിംഗും വിജിന്‍ കണ്ണന്‍ നിര്‍വഹിച്ചിരിക്കുന്നു. സുരേഷ് ചൈത്രത്തിന് പുറമെ ജയകുമാര്‍ കേശവന്‍, പ്രദീപ് കുരീപ്പുഴ, അഡ്വ. അഖില്‍ രാജ്, സോണി വിദ്യാധരന്‍, രാധു, ദീജ ദീപ്തി എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷിജു പുത്തൂര്‍ അസോസിയേറ്റ് ഡയറക്ടറും അനന്തു എസ് അരവിന്ദ് സംവിധാന സഹായിയുമാണ്. അഡ്വ. അഖില്‍ രാജാണ് നിര്‍മാതാവ്. സൗമ്യ-ജിഷ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് “ഇരകള്‍’ പിറവിയെടുത്തതെന്ന് സംവിധായകന്‍ അനിലന്‍ കാവനാട് പത്രസമ്മേളനത്തില്‍ പറഞ്ഞു. ആസിഫ് അലി പ്രധാന കഥാപാത്രം ചെയ്യുന്ന സിനിമയാണ് ചൈത്രം ക്രിയേഷന്‍സിന്റെ അടുത്ത പ്രോജക്ട്.

Related posts