പത്തനംതിട്ട: ചിറ്റാറില്‍ ഓണാഘോഷത്തിന്റെ ഭാഗമായി സ്വകാര്യ ഗ്രൂപ്പ് നടത്തിവന്ന കാര്‍ണിവലിനിടെ യന്ത്ര ഊഞ്ഞാല്‍ (ജയന്റ് വീല്‍) തകര്‍ന്നുവീണ് പരിക്കേറ്റു ചികിത്സയിലായിരുന്ന പെണ്‍കുട്ടിയും മരിച്ചു. ചിറ്റാര്‍ കുളത്തുങ്കല്‍ സജിയുടെ മകള്‍ പ്രിയങ്ക (14)യാണ് മരിച്ചത്. പ്രിയങ്കയുടെ സഹോദരന്‍ അലന്‍ (അഞ്ച്) സംഭവദിവസം മരിച്ചിരുന്നു.
തിരുവല്ല പുഷപഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പ്രിയങ്കയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സന്നദ്ധത അറിയിച്ചതോടെ ഇന്നുരാവിലെ ശസ്ത്രക്രിയയ്ക്കുശേഷം പത്തോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.
കഴിഞ്ഞ എട്ടിനു രാത്രി 7.30ഓടെ ചിറ്റാര്‍ ഡെല്‍റ്റ ഗ്രൗണ്ടില്‍ നടന്നുവന്ന കാര്‍ണിവലിനിടെയാണ് അപകടമുണ്ടായത്. യന്ത്ര ഊഞ്ഞാലില്‍ ഇളയസഹോദരന്‍ അലനൊപ്പമാണ് പ്രിയങ്കയും ഇരുന്നിരുന്നത്. വേഗത്തില്‍ കറങ്ങുന്നതിനിടെ അലന്‍ പിടിവിട്ട് താഴെവീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രിയങ്കയും വീണത്. തലയടിച്ചു താഴേക്കുവീണ കുട്ടികളെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും പത്തനംതിട്ടയിലെത്തിയപ്പോഴേക്കും അലന്‍ മരിച്ചു.
പ്രിയങ്കയെ ഗുരുതരാവസ്ഥയില്‍ പുഷ്പഗിരി മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ കൂടി സഹായത്തോടെ ജീവന്‍ നിലനിര്‍ത്തി വരികയായിരുന്ന പ്രിയങ്കയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും ഇന്നലെ രാത്രിയോടെ അസ്തമിച്ചു. പ്രിയങ്ക ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ സാഹചര്യത്തില്‍ മരിച്ച അലന്റെ മൃതദേഹം കഴിഞ്ഞദിവസമാണ് ചിറ്റാര്‍ മലങ്കര കത്തോലിക്കാ പള്ളിയില്‍ സംസ്കരിച്ചത്.
ചിറ്റാര്‍ ഗവ. എച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് പ്രിയങ്ക. കാര്‍ണിവല്‍ കണ്ടുകൊണ്ട് മാതാപിതാക്കളായ സജിയും ബിന്ദുവും താഴെ നില്‍ക്കുമ്പോഴാണ ്കുട്ടികള്‍ നിലംപതിച്ചത്. ഇവരുടെ മറ്റൊരു കുട്ടി നിമ്മി ഇതേ ഊഞ്ഞാലിലെ മറ്റൊരു ബക്കറ്റിലുണ്ടായിരുന്നു. അപകടത്തേ തുടര്‍ന്ന് ഊഞ്ഞാലിന്റെയും കാര്‍ണിവലിന്റെയും പ്രവര്‍ത്തനങ്ങള്‍ പോലീസ് ഇടപെട്ടു നിര്‍ത്തിവയ്പിച്ചിരുന്നു. കരാറുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ റിമാന്‍ഡിലാണ്. മതിയായ അനുമതി കൂടാതെയാണ് സ്വകാര്യ ഏജന്‍സി ഓണത്തോടനുബന്ധിച്ച കാര്‍ണിവല്‍ പരിപാടി നടത്തിവന്നിരുന്നത്.
പ്രിയങ്കയുടെ ജീവന്റെ തുടിപ്പുകള്‍ ഇനി നാലുപേരില്‍
തിരുവല്ല: ചിറ്റാറില്‍ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നു മരിച്ച പ്രിയങ്കയുടെ ആന്തരികാവയവങ്ങള്‍ ഇനി നാലുപേരില്‍ ജീവന്റെ തുടിപ്പുകളാകും. കരള്‍, രണ്ട് കിഡ്‌നികള്‍, ബ്ലഡ് വെസലുകള്‍ എന്നിവ ഇന്നുരാവിലെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
കഴിഞ്ഞ എട്ടിന് അപകടത്തില്‍പ്പെട്ട് അബോധാവസ്ഥയില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗത്തില്‍ കഴിഞ്ഞിരുന്ന പ്രിയങ്കയുടെ മസ്തിഷ്ക മരണം ഇന്നലെ രാത്രിയാണ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മാതാപിതാക്കളുടെ താത്പര്യ പ്രകാരം കുട്ടിയുടെ ആന്തരികാവയവങ്ങള്‍ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
ഉടന്‍തന്നെ സംസ്ഥാനത്ത് ആന്തരികാവയവങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട മൃതസഞ്ജീവനി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു.
തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് കരള്‍, രണ്ട് കിഡ്‌നികള്‍, രക്ത വെസലുകള്‍ എന്നിവ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഹൃദയം നല്‍കാന്‍ സന്നദ്ധമായിരുന്നെങ്കിലും ഇത് നല്‍കാന്‍ കഴിയുന്ന രോഗികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കരള്‍ കിംസില്‍ തന്നെയുള്ള രോഗിക്കാണ് നല്‍കുന്നത്.
കിഡ്‌നിയെ സംബന്ധിച്ച പരിശോധനകള്‍ പൂര്‍ത്തിയായി വരികയാണ്. ഇവയും കിംസിലേക്ക് നല്‍കും. ഇന്നലെ രാത്രിയില്‍ തന്നെ കിംസിലെ ഒരു സംഘം ഡോക്ടര്‍മാര്‍ പുഷ്പഗിരിയിലെത്തുകയും ശസ്ത്രക്രിയയ്ക്കാവശ്യമായ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. രാവിലെ പത്തോടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. അവയവങ്ങളുമായി സംഘം തിരുവനന്തപുരത്തിനു പുറപ്പെട്ടു.