കുമരകം: രണ്ടുവര്‍ഷം മുമ്പ് പ്രണയവിവാഹിതയായ യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കോട്ടയം ഡിവൈഎസ്പി ഗിരീഷ് പി.സാരഥി അന്വേഷണം ഏറ്റെടുത്തു. ചെങ്ങളം ഉസ്മാന്‍ കവലയ്ക്കു സമീപം തൊണ്ണൂറില്‍ച്ചിറ പുരുഷോത്തമന്റെ മകന്‍ അനീഷിന്റെ ഭാര്യ കാര്‍ത്തിക(26)യുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു സഹോദരന്‍ രഞ്ജിത്താണ് കുമരകം പോലീസില്‍ പരാതി നല്‍കിയത്.
ഭര്‍തൃവീട്ടില്‍ ഞായറാഴ്ച വൈകിട്ട് ജനലിന്റെ ക്രാസിയില്‍ തൂങ്ങിയ നിലയില്‍ കണ്ട കാര്‍ത്തികയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും മാതാപിതാക്കളും മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായുള്ള സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കവണാറ്റിന്‍കര തട്ടേല്‍ച്ചിറ രാജപ്പന്റെ മകളാണ് രശ്മി എന്നു വിളിക്കുന്ന കാര്‍ത്തിക. മെഡിക്കല്‍കോളജില്‍നിന്ന് കവണാറ്റിന്‍കരയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനിടെ ഭര്‍തൃബന്ധുക്കള്‍ക്കു കാണാനുള്ള അവസരം നല്‍കണമെന്നാവശ്യപ്പെട്ടു ചെങ്ങളത്ത് നാട്ടുകാര്‍ തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. യുവതിയുടെ സഹോരന്‍ രഞ്ജിത്ത് ഭര്‍ത്താവിനെ മര്‍ദിക്കാന്‍ ശ്രമിച്ചു. കുമരകം എസ്‌ഐ എം.ജെ. അഭിലാഷിന്റെ ഇടപെടലിനെത്തുടര്‍ന്ന് കല്ലറ വഴി മൃതദേഹം കവണാറ്റിന്‍കരയില്‍ എത്തിച്ചതിനാല്‍ സംഘര്‍ഷം ഒഴിവായി. യുവതിയുടെ സംസ്കാരം നടത്തി.