തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഔദ്യോഗിക കത്ത് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയയ്ക്കാത്തതിൽ സിപിഐക്ക് അമർഷവും അതൃപ്തിയും. രാഷ്്ട്രീയ തീരുമാനം എടുത്തിട്ടും കത്ത് അയയ്ക്കാൻ വൈകുന്നതിലാണ് അമർഷം. പരസ്യ പ്രതികരണത്തിന് സിപിഐ മുതിർന്നിട്ടില്ല.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ പരസ്യപ്രതികരണങ്ങൾ മുന്നണിയുടെ വിജയസാധ്യതകളെ ബാധിക്കുമെന്ന അഭിപ്രായം കണക്കിലെടുത്താണ് സിപിഐ ഈ വിഷയത്തിൽ പരസ്യപ്രതികരണത്തിന് മുതിരാത്തത്. എന്നാൽ സിപിഎം നേതൃത്യത്തിനോട് അതൃപ്തി അറിയിച്ചുവെന്നാണ് ലഭിക്കുന്ന സൂചന. പിഎം ശ്രീയിൽ നിന്നു പിന്മാറിയെന്നു സിപിഐ യെ വിശ്വസിപ്പിച്ചിട്ടു കബളിപ്പിച്ചുവെന്ന് പ്രതിപക്ഷം പരിഹസിക്കുന്നുണ്ട്.
ഇതിനിടെയാണ് സാങ്കേതിക വാദങ്ങൾ നിരത്തി വിദ്യാഭ്യാസ വകുപ്പ് കത്ത് അയയ്ക്കാൻ വൈകുന്നത്. വിഷയം മന്ത്രിസഭായോഗത്തിൽ സിപിഐ ഉന്നയിക്കാൻ സാധ്യതയുണ്ട്.എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു ഇന്നലെ ലഭിച്ചിരുന്നു. തടഞ്ഞുവെച്ചിരുന്ന 92.41 കോടി രൂപയാണു കേരളത്തിനു ലഭിച്ചത്. രണ്ടും മൂന്നും ഗഡു പിന്നാലെ ലഭിക്കും എന്നാണു വിവരം.
പിഎം ശ്രീ പദ്ധതിയില് ഒപ്പിട്ടതിനുപിന്നാലെയാണ് നേട്ടം. തുടർനടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് വൈകിപ്പിച്ചതും ഫണ്ട് കിട്ടാൻ കാരണമായിരുന്നു.കരാറിൽ നിന്ന് സംസ്ഥാന സര്ക്കാര് പിന്നോട്ടു പോയെങ്കിലും കേന്ദ്രത്തിനു കത്ത് അയച്ചിരുന്നില്ല.
നിലവില് കത്ത് വൈകിപ്പിച്ചത് നേട്ടമായിരിക്കുകയാണ്. എന്നാല് പദ്ധതിയില് നിന്ന് പിന്മാറുന്നകാര്യത്തില് സംശയങ്ങൾ നിലനില്ക്കുന്നുണ്ട്.
ഫണ്ട് കിട്ടിയതോടെ സിപിഐക്കും വിഷയത്തില് കടുത്ത എതിർപ്പ് പ്രകടിപ്പിക്കാനാവില്ല. കത്ത് അയയ്ക്കാൻ തീരുമാനിച്ചത് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു. എന്നാല് ഇതുവരെ കത്ത് അയക്കാതെ കേരളം വൈകിപ്പിക്കുകയായിരുന്നു.
നിയമോപദേശം ലഭിച്ചാലുടൻ കത്തയയ്ക്കും: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിൽ നിന്നു സംസ്ഥാനം പിന്മാറിയതായുള്ള കത്ത് നിയമോപദേശം ലഭിച്ചാലുടൻ കേന്ദ്രത്തിന് അയയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇന്നലെ കേന്ദ്രത്തിൽ നിന്നു ലഭിച്ച എസ്എസ്കെ ഫണ്ട് കുട്ടികൾക്ക് അവകാശപ്പെട്ടതാണ്.
പിഎം ശ്രീ വിഷയത്തിൽ കൈക്കൊള്ളേണ്ട തീരുമാനങ്ങൾ മന്ത്രിസഭാ ഉപസമിതിയുമായി ആലോചിച്ചു നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

