സിഐടിയു ജില്ലാ സമ്മേളനം പാലായില്‍; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

KTM-CITUകോട്ടയം: സിഐടിയു ജില്ലാ സമ്മേളനത്തിന് പാലായില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 14 മുതല്‍ 18വരെയാണ് ജില്ലാ സമ്മേളനം.    സമ്മേളനത്തിന്റെ ഭാഗമായുള്ള ഉത്പന്ന പിരിവ് ജില്ലയിലെ 12 ഏരിയാകളിലും 13നു നടക്കും. തൊഴിലാളികളില്‍നിന്ന് അരിയും പലവ്യജ്ഞനങ്ങളും കാര്‍ ഷിക വിളകളും സ്വീകരിക്കും. 14നു വൈകുന്നേരം അഞ്ചിന് വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന കൊടി, കൊടിമരം, കപ്പി, കയര്‍, ബാനര്‍ ജാഥകള്‍ക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് പൊതുസമ്മേളന വേദിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പതാക ഉയര്‍ത്തും.

സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15നു സമ്മേളനപരിപാടികള്‍ ഉണ്ടായിരിക്കില്ല. 16നു രാവിലെ ഇടപ്പാടിയിലെ സി.എ. സുകുമാരന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും ദീപശിഖാ പ്രയാണം. തുടര്‍ന്ന്  അരുണാപുരം സണ്‍റൈസ് ഓഡിറ്റോറിയത്തില്‍ ചേരുന്ന പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എന്‍. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം പാലാ ളാലം പാലം ജംഗ്ഷനില്‍ ചേരുന്ന സാംസ്കാരിക സമ്മേളനം ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

17നും പ്രതിനിധി സമ്മേളനം തുടരും. 17നു വൈകുന്നേരം ചേരുന്ന ട്രേഡ് യൂണിയന്‍ സമ്മേളനം കെ. ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും. സിഐടിയു സംസ്ഥാന നേതാക്കളായ കെ.ഒ. ഹബീബ്, പി.നന്ദകുമാര്‍ എന്നിവര്‍ പങ്കെടുക്കും. 18ന് വൈകുന്നേരം പതിനായിരം തൊഴിലാളികള്‍ അണിനിരക്കുന്ന ജില്ല കേന്ദ്രീകരിച്ചുള്ള പ്രകടനം നടക്കും. തുടര്‍ന്ന് പൊതുസമ്മേളനവും കലാപരിപാടിയും അരങ്ങേറും.

സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തങ്ങള്‍ പാലായില്‍ പുരോഗമിക്കുകയാണ്. വിവിധ കേന്ദ്രങ്ങളില്‍ സെമിനാറുകളും വിവിധ ട്രേഡ് യൂണിയനുകളുടെ സംഗമവും നടന്നു വരുന്നു. സ്വാഗതസംഘം ചെയര്‍മാനായ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജ്, സിഐടിയു പാലാ ഏരിയാ സെക്രട്ടറി ഷാര്‍ളി മാത്യു, സിപിഎം പാലാ ഏരിയാ സെക്രട്ടറി വി.ജി. വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്വാഗത സംഘമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Related posts