സിന്ധുവിന് ആന്ധ്രയുടെ സ്വീകരണം

sp-sindhuവിജയവാഡ: റിയോ ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ ജേതാവ് പി. വി. സിന്ധുവിന് ജന്മനാടിന്റെ ആദരം. ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ പ്രത്യേക ക്ഷണിതാവായാണ് പി. വി. സിന്ധു വിജയവാഡയിലെത്തിയത്. സിന്ധുവിന്റെ ഒപ്പം പിതാവ് പി.വി. രമണ, മാതാവ് വിജയലക്ഷ്മി, പരിശീലകന്‍ പുല്ലേല ഗോപിചന്ദ് എന്നിവരും വിജയവാഡയിലെത്തി. നാട്ടുകാരും രാഷ്ട്രീയ നേതാക്കന്‍മാരും സാംസ്കാരിക പ്രവര്‍ത്തകരുമായ വന്‍ജനാവലിയുടെ നേതൃത്വത്തിലാണ് സിന്ധുവിന് സ്വീകരണമൊരുക്കിയത്. നിരവധി പ്രമുഖ കായിക താരങ്ങളും വിദ്യാര്‍ഥികളും സിന്ധുവിന് ആദരമര്‍പ്പിക്കാനായി എത്തിയിരുന്നു.

തുറന്ന രണ്ടു നില ബസിലെത്തിയ സിന്ധു റോഡിന്റെ ഇരുവശങ്ങളിലും തടിച്ചു കൂടിയവര്‍ക്കു നോരെ കൈവീശിയപ്പോള്‍ വലിയ ആരവത്തോടെയാണ് ജനങ്ങള്‍ മറുപടി നല്‍കിയത്. ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു മൂന്നു കോടി രൂപയും ഭാവി തലസ്ഥാനമായ അമരാവതിയില്‍ സര്‍ക്കാര്‍ ഭൂമിയുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

സിന്ധുവിനെ ആന്ധ്രയുടെ പുത്രിയെന്നാണ് ആന്ധ്രയില്‍ നിന്നുള്ള രാഷ്ട്രീയക്കാര്‍ വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം തെലുങ്കാന ഐടി മന്ത്രി കെ.ടി. രാമറാവു നേരിട്ടെത്തിയാണ് സിന്ധുവിനെ സ്വീകരിച്ചത്. ആന്ധ്രയില്‍ ഗ്രൂപ് വണ്‍ ഓഫീസര്‍ പദവിയും സിന്ധുവിന് വാഗ്ദാനമുണ്ട്. സിന്ധുവിനെ സ്വന്തമാക്കാന്‍ രണ്ടു സംസ്ഥാനങ്ങളും മത്സരിക്കുന്നതിനിടെ സിന്ധുവിന്റെ അച്ഛന്റെ പ്രതികരണം ശ്രദ്ധേയമായി. സിന്ധു ഇന്ത്യയുടെ പുത്രിയാണെന്നാണ് സിന്ധുവിന്റെ അച്ഛന്‍ വെങ്കട്ടരമണ പറഞ്ഞത്. തെലുങ്കാനയില്‍ ജനിച്ച രമണ തമിഴ്‌നാടിനു വേണ്ടിയാണ് വോളിബോള്‍ കളിച്ചിരുന്നത്.

Related posts