എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: കെ.പി.സി പ്രസിഡന്റ് വി.എം സുധീരനെ മാറ്റണമെന്ന നിലപാടു കടുപ്പിച്ച് എ ഗ്രൂപ്പ്. നിലവിലെ പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ സുധീരനെ മാറ്റണമെന്ന് ഹൈക്കമാന്‍ഡിനെ കാണാന്‍ പോകുന്ന ഉമ്മന്‍ ചാണ്ടി തന്നെ അറിയിക്കും. സുധീരനെ മാറ്റിയാല്‍ പകരം കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് വേണമെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. രമേശ് ചെന്നിത്തല ഐ ഗ്രൂപ്പ് പ്രതിനിധിയായി പ്രതിപക്ഷ നേതാവായതോടെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിന് ഐ ഗ്രൂുപ്പിന് അവകാശമില്ലെന്നും തങ്ങള്‍ക്ക് തന്നെ വേണമെന്നുമാണ് എയുടെ അവകാശവാദം.
ഉമ്മന്‍ചാണ്ടി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യമാണ് അദ്ദേഹത്തിന്റെ അനുയായികള്‍ മുന്നോട്ടുവയ്ക്കുന്നത്. ഇടഞ്ഞു നില്ക്കുന്ന കെ.എം മാണിയെ കൂടെ നിര്‍ത്താന്‍ നിലവിലെ സാഹചര്യത്തില്‍ ഉമ്മന്ചാണ്ടിയ്ക്കെ കഴിയുകയുളുവെന്നാണ് എ യുടെ വാദം. എന്നാല്‍ സുധീരനെ മാറ്റിയിട്ട് ആ സ്ഥാനത്തേയ്ക്ക് വരാന്‍ ഉമ്മന്‍ചാണ്ടിയ്ക്ക് താത്പര്യമില്ലെന്ന് അറിയുന്നു.
സുധീരനെ മാറ്റണമെന്ന ആവശ്യം ശക്തമാക്കാന്‍ കാരണം കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടിയാണെന്ന വ്യാഖ്യാനം വരാന്‍ സാധ്യതയുള്ളതിനാല്‍ അങ്ങനെയൊരു വിമര്‍ശനം കേള്‍ക്കാതിരിക്കാന്‍ മാറി നില്‍ക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ താത്പര്യം. സുധീരനെ സമ്മര്‍ദ്ദഫലമായി ഹൈക്കമാന്റ് മാറ്റിയാല്‍ ആ സ്ഥാനം വേണമെന്ന് എ ശക്തമായി ഉന്നയിക്കും. ഉമ്മന്‍ചാണ്ടി സന്നദ്ധനായില്ലെങ്കില്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പട്ടയാള്‍ കെ.പി.സി.സി സ്ഥാനത്തേയ്ക്ക് വരണമെന്നാണ് എയുടെ ആവശ്യം. ഇതിനായി എ ഗ്രൂപ്പ് ചില പേരുകള്‍ ചര്‍ച്ച ചെയ്ത് തയ്യാറാക്കി വച്ചിട്ടുണ്ട്.
രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്, കെ.സി തോമസ്, ബെന്നി ബഹനാന്, പി.ടി തോമസ്, എം.എം ഹസന് എന്നിവരാണ് എയുടെ ലിസ്റ്റില്‍. ഇതില്‍ പി.ജെ കുര്യന്റെ പേരാണ് പ്രഥമസ്ഥാനത്ത്. ഹൈക്കമാന്റിന്റെ പിന്തുണ കുര്യന് ലഭിക്കാനിടയുള്ളതും എന്‍.എസ്.എസ് ഉള്‍പ്പടെയുളള സാമുദായിക സംഘടകളുമായുള്ള അടുപ്പവുമാണ് കുര്യന്റെ പേര് മുന്നിലേയ്ക്ക് വരാന്‍ കാരണം. കുര്യന്റെ പേര് ഉയര്‍ന്നുവന്നാല്‍ ഹൈക്കമാന്റും എതിര്‍ക്കാനിടയില്ലെന്നും അതുവഴി സുധീരനെ മാറ്റാമെന്നും എ ഗ്രൂപ്പ് കണക്കു കൂട്ടുന്നു. കുര്യന്റെ രാജ്യസഭാ എം.പിയെന്ന കാലാവധി ഉടന്‍ അവസാനിക്കാനിരിക്കുകയാണ്.
ഇതുകഴിഞ്ഞാല്‍ കുര്യന് കേരളത്തിലേയ്ക്ക് പ്രവര്‍ത്തന മണ്ഡലം മാറ്റിയേക്കും. സുധീരന് ആന്റണിയുടേയും രാഹുല്‍ഗാന്ധിയുടേയും പിന്തുണ ഇപ്പോഴുമുണ്ട്. അതുകൊണ്ട് സുധീരനെ മാറ്റുക എളുപ്പമല്ലെന്ന് ഇരു ഗ്രൂപ്പുകള്‍ക്കുമറിയാം. ഒത്തൊരുമയോടുള്ള നീക്കമാണ് ഇരു ഗ്രൂ്പ്പും നടത്താന്‍ സാധ്യത. ഡല്‍ഹിയ്ക്ക് പോകുന്ന ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും സുധീരനെതിരെ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പാണ്. കേരള കോണ്ഗ്രസുമായുള പ്രശ്നം പരിഹരിക്കാന്‍ ഇടപെടണമെന്ന ആവശ്യം കേരളത്തിലെ നേതാക്കള്‍ ഹൈക്കമാന്‍ഡിനു മുന്നില്‍ വയ്ക്കുമെന്ന് അറിയുന്നു.