ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം രാജ്യത്തെ പ്രതിനിധീകരിക്കുന്ന ടീമായി ചിത്രീകരിക്കുന്നതിൽനിന്ന് ബിസിസിഐയെ (ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) വിലക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിലവിലെ ക്രിക്കറ്റ് ടീം ബിസിസിഐയുടെ ടീമാണെന്നും രാജ്യത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ റീപക് കൻസാലി കോടതിയെ സമീപിച്ചത്.
ബിസിസിഐ തമിഴ്നാട് സൊസൈറ്റീസ് രജിസ്ട്രേഷൻ നിയമപ്രകാരം രജിസ്റ്റർ ചെതിട്ടുള്ള ഒരു സ്വകാര്യസ്ഥാപനമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 12ന്റെ അർഥത്തിൽ നോക്കുന്പോൾ അതിനെ ഒരു സ്റ്റാറ്റ്യൂട്ടറി സ്ഥാപനമായി കാണാൻ സാധിക്കില്ലെന്നും ഹർജിക്കാരൻ ആരോപിച്ചു. ടീം ഇന്ത്യയുടെ ദേശീയ പതാകയും ചിഹ്നങ്ങളും അനാവശ്യമായി ഉപയോഗിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടി.
പൊതുതാത്പര്യ ഹർജി കോടതിയുടെ സമയം പാഴാക്കലാണെന്നു പറഞ്ഞ ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റീസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് ഹർജിക്കാരനെ വിമർശിച്ചു. സർക്കാർ ഉദ്യോഗസ്ഥർ തെരഞ്ഞെടുക്കുന്ന ഏതെങ്കിലും ഒരു കായികടീമുണ്ടോയെന്നു വ്യക്തമാക്കാൻ ഹർജിക്കാരനോട് ബെഞ്ച് ആവശ്യപ്പെട്ടു. കോമണ്വെൽത്ത് ഗെയിംസ്, ഒളിന്പിക്സ് തുടങ്ങിയ കായികമാമാങ്കത്തിൽ പങ്കെടുക്കുന്ന ടീമുകളെ ഏതെങ്കിലും സർക്കാർസ്ഥാപനമാണോ തെരഞ്ഞെടുക്കുന്നതെന്നും കോടതി ചോദിച്ചു. മിക്ക അന്താരാഷ്ട്ര സംഘടനകളും കായികരംഗത്തെ സർക്കാർ ഇടപെടലിന് എതിരാണെന്നും കോടതി വ്യക്തമാക്കി.
സ്വന്തം ലേഖകൻ