സോളാറില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ ഇന്ന് വിസ്തരിക്കും

Ummanchandiകൊച്ചി: സോളാര്‍ കമ്മീഷനില്‍ വിസ്താരം ഇന്ന് വീണ്ടും തുടരും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പഴ്‌സണല്‍ സ്റ്റാഫംഗങ്ങളെയാണ് ഇന്ന് സോളാര്‍ കമ്മിഷനില്‍ വിസ്തരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി.എസ് ശ്രീകുമാര്‍, പേഴ്‌സണല്‍ സ്റ്റാഫ് അംഗം ലത പണിക്കര്‍ എന്നിവരെ ഇന്നു വിസ്തരിക്കും.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പി.എ. പ്രദോഷിനെ ഇന്നലെ കമ്മിഷന്‍ വിസ്തരിച്ചിരുന്നു. സോളാര്‍ കേസ് പ്രതി സരിതാ എസ്. നായരെ ഫോണില്‍ വിളിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മുന്‍ പിഎ ടി.ജി. പ്രദോഷ് സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. രമേശ് ചെന്നിത്തലയെ അറിയാമെന്ന് കേന്ദ്രമന്ത്രിയോട് സരിത പറഞ്ഞിരുന്നു. ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ രമേശ് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടു.

ഇതനുസരിച്ചാണ് താന്‍ സരിതയെ വിളിച്ചത്. ചെന്നിത്തലയെ കാണാന്‍ സരിത സമയം ചോദിച്ചിരുന്നെന്നും പ്രദോഷ് വെളിപ്പെടുത്തിയിരുന്നു.  2012 ലാണ് സരിതയെ വിളിച്ചതെന്നും പ്രദോഷ് മൊഴി നല്‍കിയിരുന്നു. ഇതോടെ പ്രദോഷുമായി സരിത എസ്. നായര്‍ ഫോണില്‍ സംസാരിച്ചതിന്റെ വിശദാശങ്ങളും പുറത്തുവന്നു. സരിതയുടെ ഒരു നമ്പറില്‍നിന്ന് 127 തവണയും മറ്റൊരു നമ്പറില്‍നിന്ന് 15 തവണയും ഇരുവരും ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ഇന്നലെ പ്രദോഷിന്റെ മൊഴി എടുക്കുന്നതിനിടെയാണ് കമ്മിഷന്‍ ഫോണ്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

സരിതയെ ആദ്യം അറസ്റ്റ് ചെയ്ത പെരുമ്പാവൂര്‍ ഡിവൈ.എസ്.പി. കെ. ഹരികൃഷ്ണനെ നാളെയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേഴ്‌സണല്‍ സെക്രട്ടറി വി.കെ. രവീന്ദ്രനെ 26 നും വിസ്തരിക്കും. മൊഴികളിലെ വൈരുധ്യം കണക്കിലെടുത്ത് ഉമ്മന്‍ ചാണ്ടിയെ വീണ്ടും വിസ്തരിക്കണമെന്ന അഖിലേന്ത്യാ ലോയേഴ്‌സ് യൂണിയന്റെ അപേക്ഷയിലും 26നാണ് കമ്മിഷന്‍ തീരുമാനമെടുക്കുക.

Related posts